
രജനികാന്ത് നായകനായി കഴിഞ്ഞവർഷം പുറത്തിറങ്ങി ബോക്സോഫീസിൽ വൻ നേട്ടം കൊയ്ത ചിത്രമാണ് നെൽസൺ സംവിധാനംചെയ്ത ജയിലർ. ഈ ചിത്രത്തിൽ വില്ലനായെത്തിയ വിനായകന്റെ മനസിലായോ എന്ന ഡയലോഗ് തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ഹിറ്റായിരുന്നു. ഇപ്പോഴിതാ സൂപ്പർതാരത്തിന്റെ പുതിയ ചിത്രമായ വേട്ടയനിൽ മനസിലായോ എന്നുതുടങ്ങുന്ന ഒരു ഗാനമുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വേട്ടയനിലെ ആദ്യഗാനമായാണ് ‘മനസിലായോ’ എത്തുന്നത്. മലയാളവും തമിഴും കലർന്ന വരികളായിരിക്കും ഗാനത്തിലുണ്ടാവുകയെന്ന് ലൈക്ക പ്രൊഡക്ഷൻസ് പുത്തൻ പോസ്റ്റർ പങ്കുവെച്ച് അറിയിച്ചു. മലയാളവും തമിഴും കൂടിച്ചേർന്ന ഗംഭീര ഗാനവുമായി നമ്മുടെ ചേട്ടൻ വരുന്നു എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് കുറിച്ചത്.
ചൊവ്വാഴ്ചയാണ് ഗാനം പുറത്തിറങ്ങുക. അനിരുദ്ധ് ആണ് സംഗീത സംവിധാനം. നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒരു രജനികാന്ത് ചിത്രത്തിൽ മലയാളഗാനം അല്ലെങ്കിൽ മലയാളം വരികളുൾപ്പെടുന്ന ഗാനം വരുന്നത്. 1995-ൽ പുറത്തിറങ്ങിയ മുത്തു എന്ന ചിത്രത്തിലെ കുളുവാലിലെ എന്ന ഗാനത്തിൽ മലയാളം വരികളുണ്ടായിരുന്നു. എ.ആർ.റഹ്മാനായിരുന്നു ഈ ഗാനത്തിന് ഈണമിട്ടത്.
ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വേട്ടയൻ. ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡിൻ കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. ചിത്രം ഈ വരുന്ന ഒക്ടോബർ പത്തിന് ദീപാവലിയോടനുബന്ധിച്ച് തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]