
ഓ.ടി.ടി റിലീസായാണ് എത്തിയതെങ്കിലും 2021-ൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം. സൂര്യ, ലിജോ മോൾ, മണികണ്ഠൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ചിത്രത്തിൽ നിന്ന് നീക്കംചെയ്ത ഒരു സംഘട്ടനരംഗമാണ് അതിന് കാരണം.
ജയ് ഭീമിൽ ഒരിടത്ത് ചേർത്തിരുന്ന സംഘട്ടനരംഗമാണ് ഇത്. സൂര്യയുടെ കഥാപാത്രമായ ചന്ദ്രുവിന്റെ മാസ് ആക്ഷൻ രംഗമാണ് വീഡിയോയിൽ കാണാനാകുക. സൂര്യ തന്നെയാണ് ചിത്രത്തിൽ നിന്നും ഈ രംഗം നീക്കം ചെയ്യാൻ സംവിധായകനോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. സിനിമയിൽ ലിജോമോളും മണികണ്ഠനും ചെയ്ത കഥാപാത്രങ്ങളിൽ നിന്നും പ്രേക്ഷകരുടെ ശ്രദ്ധ മാറിപ്പോകാതിരിക്കാൻ വേണ്ടിയാണ് ഈ രംഗം ഒഴിവാക്കിയത്.
സൂര്യയുടെ തീരുമാനം നൂറ് ശതമാനം ശരിയായിരുന്നുവെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ. ഇങ്ങനെയൊരു ആക്ഷൻ സീനിന്റെ ആവശ്യം ഈ ചിത്രത്തിനില്ലെന്നും സിനിമ മുന്നോട്ട് വയ്ക്കുന്ന വിഷയത്തിന്റെ തീവ്രത ചോർന്നുപോകുമായിരുന്നുവെന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
പോലീസ് മർദനത്തേ തുടർന്ന് ഭർത്താവ് മരിച്ചതിനുപിന്നാലെ സെങ്കിണി എന്ന ആദിവാസി പെൺകുട്ടിയുടെ നീതി തേടിയുള്ള പോരാട്ടമായിരുന്നു സിനിമയുടെ പ്രമേയം. സെങ്കിണിയായെത്തിയ മലയാളി താരം ലിജോമോളുടെ പ്രകടനം അന്ന് ചർച്ചയായിരുന്നു. മണികണ്ഠൻ, പോലീസ് വേഷത്തിലെത്തിയ തമിഴ് എന്നിവരുടെ പ്രകടനവും ശ്രദ്ധനേടി. സംവിധായകൻ ജ്ഞാനവേൽ തന്നെയായിരുന്നു തിരക്കഥ രചിച്ചതും.
ഇതിനു മുമ്പ് സൂരരൈ പോട്ര് എന്ന സിനിമയിൽ നിന്നും സൂര്യയുടെ ഒരു ആക്ഷൻ രംഗം നീക്കം ചെയ്തിരുന്നു. അതും സൂര്യയുടെ തന്നെ നിർദേശ പ്രകാരമായിരുന്നു. സുധാ കൊങ്കരയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. സൂരരൈ പോട്രും ഓ.ടി.ടി റിലീസായാണ് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]