രണ്ടുപതിറ്റാണ്ടിന് ശേഷം വീണ്ടും തിയേറ്ററുകളിലെത്തിയ പവൻ കല്യാൺ-മീര ജാസ്മിൻ ചിത്രം ’ഗുഡുംബ ശങ്കർ’ ആഘോഷത്തോടെ വരവേറ്റ് തെലുങ്ക് പ്രേക്ഷകർ. പവൻ കല്യാണിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ റീ റിലീസ്. ചിത്രത്തിന് ഗംഭീര വരവേൽപ്പ് ലഭിക്കുന്നതിനൊപ്പം മീര ജാസ്മിനും തെലുങ്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ഏറുകയാണ്.
പവൻ കല്യാണും മീര ജാസ്മിനും ഒരുമിച്ചുള്ള രംഗങ്ങൾ ആഘോഷമാക്കുകയാണ് ആരാധകർ. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വെെറലാണ്. നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ നടിയെ പ്രശംസിച്ച് എത്തുന്നത്. മീര ജാസ്മിൻ വീണ്ടും തെലുങ്കിൽ സജീവമാകണമെന്ന് ആരാധകർ ആവശ്യപ്പെടുന്നു. പവൻ കല്യാണിനൊപ്പം നടിയെ വീണ്ടും കാണണമെന്നുള്ള ആഗ്രഹവും ആരാധകർ പങ്കുവെച്ചു.
2004-ൽ പുറത്തിറങ്ങിയ ’ഗുഡുംബ ശങ്കർ’ രണ്ടുപതിറ്റാണ്ടിന് ശേഷമാണ് വീണ്ടുമെത്തുന്നത്. പവൻ കല്യാൺ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. നാഗേന്ദ്ര ബാബു നിർമിച്ച ചിത്രം വീരശങ്കർ ബൈരിസെട്ടിയാണ് സംവിധാനം ചെയ്തത്.
ചിത്രം വീണ്ടുമെത്തുന്നതിന്റെ സന്തോഷം നേരത്തെ മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഹൃദയത്തിന്റെ നിധിശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന വിലമതിക്കാനാകാത്ത ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്ന് പറഞ്ഞുകൊണ്ട് ഗുഡുംബ ശങ്കറിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു. പവൻ കല്യാണിന്റെ ദയയും സഹാനുഭൂതിയും അനുകമ്പയും കാഴ്ചപ്പാടുകളും തന്റെ ജീവിതത്തിലേയും സിനിമയിലേയും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതിൽ പങ്കുവഹിച്ചുവെന്നും മീര ജാസ്മിൻ പറഞ്ഞു. ഈ ഓർമ്മകൾ പങ്കുവെക്കാനായത് ആദരവാണെന്നും മീര ജാസ്മിൻ കുറിച്ചിരുന്നു. കല എല്ലായ്പ്പോഴും നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും മീര ജാസ്മിൻ കൂട്ടിച്ചേർത്തു.
അതേസമയം, വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് മീര ജാസ്മിൻ. ജയറാം നായകനായെത്തിയ മകൾ എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിൻ തിരിച്ചുവന്നത്. ക്വീൻ എലിസബത്താണ് റിലീസിന് തയാറെടുക്കുന്ന മീര ജാസ്മിൻ ചിത്രം.
വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ-നരേൻ ജോഡി ഒന്നിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന.
ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രഞ്ജി പണിക്കർ , ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്തണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മീര ജാസ്മിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ പത്മകുമാർ പങ്കുവെച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ ഒക്കെ പോലെ അഭിനയിക്കുന്നത് പോലെ വളരെ തന്മയത്തത്തോടെ അഭിനയിക്കുന്ന താരമാണ് മീര ജാസ്മിൻ എന്ന് പത്മകുമാർ പറഞ്ഞിരുന്നു.
ക്യാമറയ്ക്ക് മുന്നിലെ മീര ജാസ്മിന്റെ പ്രകടനം കണ്ടാൽ അന്തംവിട്ടുപോകുമെന്നും മീരയെപ്പോലൊരു നടിയെ താൻ മലയാള സിനിമയിൽ കണ്ടിട്ടില്ലെന്നും പത്മകുമാർ പറഞ്ഞു. തനിക്ക് ആരാധന തോന്നിയ നടിയാണ് മീര ജാസ്മിനെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]