
പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ റീ റിലീസിനൊരുങ്ങുകയാണ് മലയാളത്തിന്റെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴ്. ഓഗസ്റ്റ് 17-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പുതിയ ക്യാരക്റ്റർ പോസ്റ്റർ എത്തിയിരിക്കുകയാണ്. കുതിരവട്ടം പപ്പു അവതരിപ്പിച്ച കാട്ടുപറമ്പന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്.
കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പു പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പിതാവ് മരിച്ച് 24 വർഷങ്ങൾക്കുശേഷം അദ്ദേഹം അഭിനയിച്ച സിനിമ റീ റിലീസ് ചെയ്യുന്നതിലെ സന്തോഷം പങ്കുവെച്ചുകൊണ്ട് ഒരു കുറിപ്പും ബിനു പപ്പു പോസ്റ്ററിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.
“അച്ഛൻ മരിച്ച് 24 വർഷങ്ങൾക്കു ശേഷം അച്ഛൻ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോൾ അതിൻ്റെ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്യാൻ പറ്റുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരുപാട് അഭിമാനവും, സന്തോഷവും നൽകുന്ന കാര്യമാണ്…
സിനിമയുടെ സൗന്ദര്യവും ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്, കാലങ്ങൾക്ക് മുന്നേ നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കണ്ണ് നിറയിക്കുകയും ചെയ്ത് മറഞ്ഞു പോയ അച്ഛനേപ്പോലെ തന്നെയുള്ള മറ്റു കലാകാരന്മാർ എല്ലാവരും ഓരോ ദിവസവും നമുക്ക് മുന്നിൽ വന്നു കൊണ്ടേയിരിക്കും…
കലാകാരൻമാർക്ക് മരണമില്ല… ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായി, ചിരിപ്പിച്ചും , ചിന്തിപ്പിച്ചും സിനിമ അവരെ ഓർമപ്പെടുത്തി കൊണ്ടേയിരിക്കും…..” ബിനു പപ്പുവിന്റെ വാക്കുകൾ.
മലയാള സിനിമയിൽ റെക്കാർഡ് വിജയം കരസ്ഥമാക്കിയ ഈ ചിത്രം ഹ്യൂമർ, ഹൊറർ, ത്രില്ലർ ജോണറിലുള്ളതാണ്. സ്വർഗ്ഗ ഫിലിംസിൻ്റെ ബാനറിൽ സ്വർഗ ചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്. സ്വർഗ ചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് മണിച്ചിത്രത്താഴ് പുതുരൂപത്തിൽ പുറത്തിറക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]