
പ്രഖ്യാപന നാൾ മുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും തരുൺമൂർത്തിയും ആദ്യമായി ഒന്നിക്കുന്ന L360. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഓരോ വിശേഷവും അത്രയധികം ആവേശത്തോടെയാണ് അവർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാണ കമ്പനിയായ രജപുത്ര വിഷ്വൽ മീഡിയ.
ആദ്യ ഷെഡ്യൂൾ അവസാനിച്ചതിന്റെയും താൽക്കാലികമായി എല്ലാവരും പിരിയുന്നതിന്റെയും സങ്കടം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും നിർമാതാവ് എം, രഞ്ജിത്തും ഉൾപ്പെടെയുള്ളവർ പങ്കുവെക്കുന്നതാണ് വീഡിയോയിൽ. ഒരുപാട് സിനിമകൾ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും, അങ്ങനെ സ്നേഹം തോന്നിയ സിനിമയാണിതെന്നാണ് മോഹൻലാൽ പറഞ്ഞത്.
’47 വർഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യ സിനിമ പോലെയാണ്. ഒരുപാട് സിനിമകൾ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും. അങ്ങനെ സ്നേഹം തോന്നിയ സിനിമയാണിത്. പോകുമ്പോൾ ഒരു സങ്കടമുണ്ടാകും. ആ സങ്കടത്തോട് കൂടി ഞാൻ പോകുന്നു. ഇവിടെ തന്നെ ഇങ്ങനെ നിന്ന എത്രയോ ദിവസങ്ങൾ, ആ സന്തോഷത്തിലും സ്നേഹത്തിലും സങ്കടത്തിലും പോകുന്നു… എളുപ്പം തിരിച്ച് വരാൻ,’ മോഹൻലാലിന്റെ വാക്കുകൾ.
പ്രേക്ഷക – നിരൂപക പ്രശംസ നേടിയ സൗദി വെള്ളക്കയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രമാണ് L360. മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിൻ്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മോഹൻലാൽ ചിത്രത്തിൽ നായികയായി ശോഭനയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് L360-ക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കെ.ആർ സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥ. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്.