
കേദാർനാഥ് സന്ദർശിച്ച് അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരി ശ്വേതാ സിംഗ് കീർത്തി. സുശാന്ത് അന്തരിച്ച് ഈ മാസം 14-ന് നാലു വർഷമാകുന്ന അവസരത്തിലായിരുന്നു ശ്വേതയുടെ കേദാർനാഥ് യാത്ര. ശനിയാഴ്ചയായിരുന്നു അവർ കേദാർനാഥിലെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ വികാരനിർഭരമായ ചെറുകുറിപ്പും ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് സുശാന്ത് നടത്തിയ കേദാർനാഥ് യാത്രയ്ക്കിടെ അദ്ദേഹം പരിചയപ്പെട്ട ഒരു സന്യാസിയെ കണ്ടുമുട്ടിയ കാര്യവും ശ്വേതാ സിംഗ് കുറിപ്പിൽ പറയുന്നുണ്ട്.
ജൂൺ ഒന്നാം തീയതിയാണിത്. നാലുവർഷം മുമ്പുള്ള ജൂൺ 14-നാണ് ഞങ്ങൾക്ക് ഞങ്ങളുടെ പ്രിയപ്പെട്ട സുശാന്തിനെ നഷ്ടമായത്. ആ ദുരന്ത ദിവസത്തിൽ ശരിക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഞങ്ങൾ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ് എന്നുപറഞ്ഞുകൊണ്ടാണ് ശ്വേത ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്.
“പ്രാർഥിക്കാനും ഓർമിക്കാനും സഹോദരനെ അടുത്തനുഭവിക്കാനുമാണ് കേദാർനാഥിലേക്ക് വന്നത്. ഈ ദിവസം അത്രമേൽ വൈകാരികമായിരുന്നു. കേദാർനാഥിൽ എത്തിയതുമുതൽ കണ്ണീരൊഴുകാൻ തുടങ്ങിയിരുന്നു. കുറച്ച് നടന്നെങ്കിലും പതിയെ ഒരിടത്ത് ഇരിക്കുകയും ഹൃദയംപൊട്ടി കരയേണ്ടിവരികയുംചെയ്തു. എനിക്ക് ചുറ്റും അവൻ്റെ സാന്നിധ്യം അനുഭവപ്പെട്ടു. അവനെ കെട്ടിപ്പിടിക്കാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി. അവൻ ധ്യാനിച്ചിടത്ത് ഞാൻ ഇരുന്നു ധ്യാനിച്ചു. ആ നിമിഷങ്ങളിൽ, അവൻ ഇപ്പോഴും എന്നോടൊപ്പം, എൻ്റെ ഉള്ളിൽ, എന്നിലൂടെ ജീവിക്കുന്നതായി എനിക്ക് തോന്നി. അവൻ ഒരിക്കലും വിട്ടുപോയിട്ടില്ലെന്ന് തോന്നി.”
കഴിഞ്ഞ ദിവസം ഫാതയിൽ ആയിരുന്നപ്പോൾ ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നുണ്ടായിരുന്നില്ല. കാറിലിരിക്കുമ്പോൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് ഒരേയൊരു ചിത്രം മാത്രം നോക്കി. ഒരു സന്യാസിക്കൊപ്പം ഭായ് നിൽക്കുന്ന ചിത്രമായിരുന്നു അത്. ഒരുപക്ഷേ അദ്ദേഹത്തെ കാണാൻ പറ്റുമെന്ന് തോന്നിയിരുന്നു. ദൈവം സഹായിച്ച് അത് സാധിച്ചു. ആ ചിത്രം ഇതിനൊപ്പം ചേർക്കുന്നുവെന്നും ഇതിനെല്ലാം സഹായിച്ചതിന് ദൈവത്തോട് നന്ദി പറയുന്നെന്നും ശ്വേത കൂട്ടിച്ചേർത്തു.
2020 ജൂണ്‍ 14 നായിരുന്നു സുശാന്തിന്റെ മരണം. മരിക്കുമ്പോള്‍ വെറും 34 വയസ്സായിരുന്നു സുശാന്തിന്റെ പ്രായം. മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് സംഭവിച്ചത് വിവാദങ്ങളുടെ പെരുമഴയായിരുന്നു. ആത്മഹത്യ കൊലപാതകമാണെന്ന് നടന്റെ കുടുംബവും ആരാധകരും ആരോപിച്ചു. നടി റിയ ഉള്‍പ്പെടെയുള്ള സുശാന്തിന്റെ സുഹൃത്തുക്കളുടെ അറസ്റ്റും മയക്കുമരുന്നു കേസും ബോളിവുഡിലെ സ്വജനപക്ഷപാതമടക്കമുള്ള ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടു. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥിരീകരിച്ചുവെങ്കിലും ഇന്നും ദുരൂഹതകള്‍ വിട്ടൊഴിഞ്ഞിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]