
സംഗീതപ്രേമികളുടെ ഇഷ്ടഗായകനാണ് അരിജിത് സിംഗ്. ദുബായിലെ സംഗീതപരിപാടിക്കിടെ അരിജിത് ചെയ്ത ഒരു പ്രവൃത്തി വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. സംഗീതപരിപാടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഗായകനെതിരെ വിമർശനമുയർന്നത്.
അരിജിത് സിംഗിന്റെ ദുബായ് പര്യടനത്തിലെ സംഗീതപരിപാടി ഗംഭീരമായാണ് മുന്നേറിക്കൊണ്ടിരുന്നത്. ഇതിനിടയിൽ അരിജിത് ചെയ്ത ഒരു പ്രവൃത്തി ഏവരുടേയും ശ്രദ്ധയിൽപ്പെട്ടു. പാട്ടുപാടിക്കൊണ്ടിരിക്കേ വേദിയിൽ വെച്ച് അരിജിത് നഖം വെട്ടുകയായിരുന്നു. നെയിൽ കട്ടറുപയോഗിച്ചായിരുന്നു ഈ പ്രവൃത്തി. അതും പാട്ടുപാടുന്നതിന് യാതൊരുവിധ തടസവും വരാത്ത രീതിയിൽ.
ഒരേസമയം പാട്ടും നഖം വെട്ടലും ആസ്വദിക്കുന്ന അരിജിത്തിന്റെ വീഡിയോ വൈറലാവാൻ അധികനേരമൊന്നും വേണ്ടിവന്നില്ല. നിരവധി പേരാണ് അരിജിത്തിന്റെ ഈ പ്രവൃത്തിയെ വിമർശിച്ചത്. വളരെ അൺപ്രൊഫഷണൽ എന്നാണ് പലരും കമന്റ് ചെയ്തത്. ഗിറ്റാറിൽ കുറച്ചുകൂടി നന്നായി വിരലോടിക്കാനായിരിക്കുമെന്നും ഇദ്ദേഹം മുൻപും ഇങ്ങനെ ചെയ്തിട്ടുണ്ടാവുമെന്നും നീളുന്നു കമന്റുകൾ. ആരെങ്കിലും സംഗീതപരിപാടിക്ക് നഖംവെട്ടിയുമായി വരുമോയെന്നും ചോദിച്ചവരുണ്ട്.
ഈയിടെ അരിജിത്തിന്റെ ദുബായിൽവെച്ചുള്ള മറ്റൊരു വീഡിയോയും വൈറലായിരുന്നു. സദസ്സിന്റെ മുൻനിരയിലിരുന്ന നടി മാഹിറാ ഖാനെ ഗായകൻ തിരിച്ചറിയാതിരുന്നതായിരുന്നു ആ സംഭവം. നടിയെ തിരിച്ചറിഞ്ഞ ഉടൻതന്നെ അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു. ഈ സംഭവത്തേക്കുറിച്ച് മാഹിറാ പിന്നീട് സോഷ്യൽ മീഡിയയിൽ എഴുതിയിരുന്നു. അരിജിത്തിനെപ്പോലൊരു കലാകാരന്റെ പ്രകടനം നേരിട്ടുകാണാനായതിൽ സന്തോഷമുണ്ടെന്നായിരുന്നു അവർ എഴുതിയത്.
അമർ സിംഗ് ചംകീല എന്ന ചിത്രത്തിലെ വിദാ കരോ എന്ന ഗാനമാണ് അരിജിത് സിംഗ് ഈയിടെ ആലപിച്ച് ശ്രദ്ധേയമായ ഗാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]