
സിനിമാ ചിത്രീകരണത്തിനിടെ നടൻ അജിത്ത് കുമാർ അപകടത്തിൽപ്പെട്ടതിൻ്റെ വീഡിയോ മാസങ്ങൾക്ക് ശേഷം പുറത്തുവിടാനുള്ള കാരണം വെളിപ്പെടുത്തി താരത്തിൻ്റെ മാനേജർ. അസർബൈജാനിലെ ഒരു ഹൈവേയിൽ ഒരു ‘വിടാമുയർച്ചി’ എന്ന ചിത്രത്തിലെ ആക്ഷൻ രംഗം ചിത്രീകരിക്കവെയാണ് അജിത്തും സഹതാരവും അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു.
പ്രൊജക്റ്റ് ഉപേക്ഷിക്കുകയാണെന്ന് സൂചിപ്പിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയായാണ് ‘വിടമുയാർച്ചി’ ടീം ദൃശ്യങ്ങൾ പങ്കുവെച്ചതെന്ന് അജിത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര പറഞ്ഞു. സിനിമയ്ക്കായി നൽകിയ അർപ്പണബോധവും കഠിനാധ്വാനവും പ്രകടിപ്പിക്കാനും തെറ്റായ അഭ്യൂഹങ്ങൾ ഇല്ലാതാക്കുകയുമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലായിരുന്നു മാനേജരുടെ പ്രതികരണം. പഴയ അപകടത്തിൻ്റെ വീഡിയോ പുറത്തുവിട്ടുകൊണ്ട് നിർമ്മാതാക്കൾ സഹതാപം തേടുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വന്ന സാഹചര്യത്തിലാണ് മാനേജരുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
അപകടം നടക്കാനിടയായ കാരണത്തെക്കുറിച്ചും നടൻ്റെ മാനേജർ വെളിപ്പെടുത്തി. അജിത് ഓടിച്ചിരുന്ന വാഹനത്തിൻ്റെ ടയറുകളിൽ ഒന്നിന്റെ കാറ്റുപോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് സുരേഷ് ചന്ദ്രയുടെ വിലയിരുത്തൽ. ഒരു ചെക്കപ്പിന് ശേഷം അജിത്തും സഹതാരവും മൂന്നു മണിക്കൂറിനുള്ളിൽ ഷൂട്ടിംഗ് പുനരാരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നവംബറിലാണ് അപകടം നടന്നത്. ‘തലനാരിഴയ്ക്കാണ് ഞങ്ങൾ രക്ഷപ്പെട്ടത്, ദൈവത്തിന് നന്ദി’, എന്ന് ക്യാപ്ഷനോടെ സഹതാരം ആരവ് ആണ് വീഡിയോ കഴിഞ്ഞദിവസം പങ്കുവെച്ചത്. അജിത്തും സഹതാരമായ ആരവും ഉൾപ്പെടുന്ന ചേസിംഗ് രംഗത്തിനിടയിലായിരുന്നു അപകടം. അജിത്തിന് അപകടത്തിൽ പരിക്കേറ്റിരുന്നു.
ലെെക്ക പ്രൊഡക്ഷൻസാണ് മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’ നിർമിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വർക്കുകൾ പുരോഗമിക്കുകയാണ്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]