
ബോളിവുഡിൽ ഒരുകാലത്ത് യുവതീയുവാക്കളുടെ ഹരമായിരുന്നു നടൻ ഗോവിന്ദ. 90-കളിൽ കോമഡി ചിത്രങ്ങളിലെ നായകവേഷങ്ങളിലൂടെ ഗോവിന്ദ ബോളിവുഡിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ചു. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി സിനിമയിൽ സജീവമല്ല അദ്ദേഹം. ബോളിവുഡിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുകയാണ് ഗോവിന്ദ. ബോളിവുഡിലെ ചിലർ തന്നെ നശിപ്പിക്കാൻ ശ്രമിച്ചെന്ന് മുകേഷ് ഖന്നയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
ബോളിവുഡ് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ഗോവിന്ദയുടെ ആരോപണം. അപകീർത്തിപരമായ ഒരു ഘട്ടത്തിലൂടെ താൻ കടന്നുപോയെന്നും അത് ചിലർ മുൻകൂട്ടി നിശ്ചയിച്ചതാണെന്നും ഗോവിന്ദ പറഞ്ഞു. തന്നെ സിനിമാമേഖലയിൽനിന്ന് ഒഴിവാക്കാനായിരുന്നു അവരുടെ ആഗ്രഹം. അവരൊക്കെ വലിയ അറിവുള്ളവരാണ്. അത്രയും അറിവില്ലാത്ത പുറത്തുനിന്നുള്ള ഒരാൾ അവരുടെ ഇടത്തിലേക്ക് പ്രവേശിച്ചതാണ് അവരെ ചൊടിപ്പിക്കാൻ കാരണമെന്ന് തനിക്ക് മനസിലായി. താൻ ചെയ്ത സിനിമകൾകൊണ്ടാണ് ഇപ്പോഴും ജീവിക്കുന്നത്. അതോർത്ത് അവരുടെ പേരുകൾ പറയുന്നില്ലെന്നും ഗോവിന്ദ പറഞ്ഞു.
തോക്കുകളുമായി തന്റെ വീടിന് പുറത്തുനിന്ന ആളുകളെ പിടികൂടിയ സംഭവവും ഗോവിന്ദ അഭിമുഖത്തിൽ പറഞ്ഞു. ഇഷ്ടപ്പെടാതിരുന്നതിനാൽ നൂറുകോടി മുടക്കുമുതൽ വരുന്ന പ്രോജക്റ്റുകൾ ഉപേക്ഷിച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
“എനിക്ക് സിനിമകളില്ലെന്ന് അവർ എഴുതിപ്പിടിപ്പിക്കുമ്പോൾ 100 കോടി രൂപയുടെ സിനിമകളാണ് ഞാൻ ഉപേക്ഷിച്ചതെന്ന് ഓർക്കണം. ആ പണം നിരസിച്ചതിന് ഞാൻ കണ്ണാടിയിൽ നോക്കി സ്വയം മുഖത്തടിക്കുമായിരുന്നു. നിനക്ക് ഭ്രാന്താണെന്ന് സ്വയം പറഞ്ഞിട്ടുണ്ട്. ഇന്നും നന്നായി നിലനിൽക്കുമായിരുന്ന കഥാപാത്രങ്ങളാണ് ആ ചിത്രങ്ങളിലും ഉണ്ടായിരുന്നത്.” ഗോവിന്ദ കൂട്ടിച്ചേർത്തു.
2019-ൽ പുറത്തിറങ്ങിയ രംഗീല രാജയായിരുന്നു ഗോവിന്ദയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷകളുമായെത്തിയ ചിത്രം വൻ പരാജയം നേരിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]