
കോഴിക്കോട്ടുകാരനായ വിജയ് ഗോപിനാഥ് മേനോന് കുട്ടിക്കാലത്ത് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, പാട്ടിലൂടെ ജീവിക്കണം. കർണാടക സംഗീതവും മൃദംഗവുമൊക്കെ അഭ്യസിച്ച വിജയ്ക്ക് പക്ഷേ, വെസ്റ്റേൺ മ്യൂസിക്കിനോടായിരുന്നു താത്പര്യം. സ്കൂൾ കാലഘട്ടമൊക്കെ കഴിഞ്ഞ് ബികോം ചെയ്യുമ്പോഴാണ് ഡി.ജെ എന്ന സ്വപ്നം ഉദിക്കുന്നത്. ഇപ്പോൾ അറിയപ്പെടുന്ന ഡി.ജെ ആണ് വിജയ് മേനോനെന്ന ഡി.ജെ ബ്ലേക്ക്. മാതൃഭൂമി കപ്പയുടെ കൾച്ചർ വേദിയെ ത്രസിപ്പിക്കാൻ ഡി.ജെ ബ്ലേക്കുമുണ്ടാകും.
ഒരു ഡി.ജെ ആകണമെന്ന് ആഗ്രഹം ഉണ്ടായത് എപ്പോഴാണ്
കുട്ടിക്കാലത്ത് പാട്ടിനോട് ഭയങ്കര ഇഷ്ടമായിരുന്നു. പാട്ട് പഠിക്കാൻ പോയിരുന്നെങ്കിലും വെസ്റ്റേൺ മ്യൂസിക്കിനോട് വല്ലാത്ത താത്പര്യമായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഡി ജെ എന്ന മോഹം ഉദിച്ചത്. ബെംഗളൂരുവിലെ നൈറ്റ് ക്ലബുകളൊക്കെ എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. ക്ലബുകളിലെ ഡി.ജെ ആസ്വാദനം എന്നെ ഒരു ഡി ജെ ആക്കിയെന്ന് വേണം പറയാൻ.
ഡി.ജെ ഒരു പ്രൊഫഷൻ ആക്കിയത് എപ്പോഴാണ്
പഠനം കഴിഞ്ഞ് ഞാൻ ലീല ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നു. അന്ന് ജോലിയോടൊപ്പം ഡി.ജെയും കൊണ്ടുപോകാൻ ശ്രമിച്ചു. പക്ഷേ നടന്നില്ല. പിന്നീട് ജോലിയിൽ നിന്ന് രാജി വെച്ച് ദുബായിൽ പോയി. രണ്ട് വർഷം കഴിഞ്ഞ് വീണ്ടും ബെംഗളൂരുവിലേക്ക് തിരികെ വരുകയും ഡി.ജെ ഒരു പ്രൊഫഷനാക്കി മാറ്റുകയും ചെയ്തു. ഡി.ജെ കരിയർ ആരംഭിച്ചിട്ട് ഇപ്പോൾ 21 വർഷമാകുന്നു.
ഡി.ജെ പ്രൊഫഷനായി തിരഞ്ഞെടുത്തപ്പോൾ ഫാമിലിയുടെ പ്രതികരണം എങ്ങനെയായിരുന്നു
കേരളത്തിൽ ഇപ്പോഴാണ് ഡി.ജെയ്ക്ക് കുറച്ചെങ്കിലും ആസ്വാദകരുള്ളത്. 21 വർഷം മുന്നെയാണ് ഞാൻ ഈ കരിയർ തിരഞ്ഞെടുക്കുന്നത്. അപ്പോൾ ഊഹിക്കാമല്ലോ അച്ഛനും അമ്മയും എത്രത്തോളം ഇതിനെ അംഗീകരിക്കുമെന്ന്. കുട്ടിക്കാലത്ത് അവരുടെ നിർബന്ധത്തിനാണ് ഞാൻ ശാസ്ത്രീയ സംഗീതം പഠിച്ചത്. എനിക്ക് ഡി.ജെ ആകണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് ഞാൻ അതുമായി മുന്നോട്ട് പോകുന്നു.
വിജയ് ഗോപിനാഥ് മേനോൻ എങ്ങനെയാണ് ഡി.ജെ ബ്ലേക്ക് ആയത്
ആ പേരിന് പിന്നിലൊരു കഥയുണ്ട്. കസിൻസിന്റെ ഇടയിൽ എനിക്ക് മാത്രം കുറച്ച് നിറം കുറവായിരുന്നു. കുട്ടിക്കാലത്ത് അവർ എന്നെ കളിയാക്കി ബ്ലേക്ക് എന്ന് വിളിക്കുമായിരുന്നു. തമാശയിലൂടെ മാത്രമേ ഞാൻ അതിനെ കണ്ടിട്ടുള്ളു. ഡി.ജെ വിജയ് എന്ന പേരിനേക്കാൾ ഡി.ജെ ബ്ലേക്ക് ആണ് നല്ലതെന്നും തോന്നി.
ഇഷ്ടപ്പെട്ട മ്യുസീഷൻ ആരാണ്
സ്വീഡിഷ് ഡി.ജെയും മ്യൂസിക് പ്രൊഡ്യൂസറുമായ എറിക് റിഡ്സ് ആണ് എന്റെ ഇഷ്ടപ്പെട്ട മ്യുസീഷൻ. അദ്ദേഹത്തിന്റെ മ്യൂസിക്കിൽ ഒരു മെലഡി ടച്ചുണ്ട്. ആ ടച്ചാണ് എനിക്ക് അദ്ദേഹത്തിന്റെ പാട്ടുകളിൽ ആകർഷണമുണ്ടാവാൻ കാരണം. ആ ഒരു മെലഡി എന്റെ വർക്കുകളിലും കൊണ്ടുവരണമെന്നാണ് ആഗ്രഹം.
ഡി.ജെയിൽ തന്റേതായ എന്തെങ്കിലും മാറ്റം കൊണ്ടുവരണമെന്ന് തോന്നിയിട്ടുണ്ടോ
എന്റെ ഡി.ജെകളിൽ വലിയ ബഹളമുള്ള ട്രാക്കുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. വർക്കുകളിൽ മെലഡി ടച്ച് ഉൾപ്പെടുത്താറുണ്ട്. സ്വന്തമായി റെക്കോഡിങ് ലേബലും തുടങ്ങിയിട്ടുണ്ട്. ഡ്രെവ് മ്യൂസിക് എന്നാണ് ലേബലിന്റെ പേര്.
മലയാളം പാട്ടുകളൊക്കെ കേൾക്കാറുണ്ടോ
കുട്ടിക്കാലത്ത് കേൾക്കാറുണ്ടായിരുന്നു. പക്ഷേ അന്നും വെസ്റ്റേൺ മ്യൂസിക്കിനോടായിരുന്നു പ്രിയം. ബാംഗ്ലൂരിലും ഗോവയിലുമൊക്കെ എത്തിയതോടെ മലയാളം പാട്ടുകൾ തീരെ കേൾക്കാതായി.
മാതൃഭൂമി കപ്പയുടെ കൾച്ചർ വേദിയിൽ വരുമ്പോൾ എന്തു തോന്നുന്നു
മൂന്ന് നാല് വർഷം മുമ്പ് എന്റെയടുത്ത് ഇതിനെ കുറിച്ച് സംസാരിച്ചതാണ്. ഇപ്പോൾ കപ്പ കൾച്ചറിൽ പങ്കെടുക്കുമ്പോൾ രോമാഞ്ചമുണ്ടാകുന്നു. എന്റെ ഡി.ജെ കരിയറിലെ വളർച്ചയുടെ ചെറിയ തുടക്കമായിട്ടാണ് ഞാൻ ഈ വേദിയെ കാണുന്നത്. എന്റെ സ്വപ്ന സാഫല്യങ്ങളിൽ ഒന്നാണ് കപ്പ കൾച്ചർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]