![](https://newskerala.net/wp-content/uploads/2025/02/Arun-D-Jose-1024x576.jpg)
യുവത്വത്തിന്റെ ആഘോഷം പ്രമേയമാക്കിയ രണ്ടുചിത്രങ്ങളാണ് ജോ ആൻഡ് ജോയും 18 പ്ലസും. മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ഈ ചിത്രങ്ങൾക്കുശേഷം വീണ്ടും യുവതാരനിരയുമായെത്തുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ അരുൺ ഡി ജോസ്. ബ്രോമാൻസ് എന്നാണ് സൗഹൃദവും സാഹസികതയുമെല്ലാം പ്രമേയമായി വരുന്ന ചിത്രത്തിൽ മാത്യു തോമസ്, അർജുൻ അശോകൻ, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ചിത്രത്തേക്കുറിച്ച് സംവിധായകൻ അരുൺ ഡി ജോസ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
ഫസ്റ്റ്ലുക്ക് പോസ്റ്ററിലെ കരടി
സത്യത്തിൽ ഇപ്പോൾ പുറത്തുപറയാൻ പാടില്ലാത്തൊരു കാര്യമാണ്. ആർക്കും മനസിലാകാൻ പോലും സാധ്യതയില്ലാത്ത ഐഡിയയായിരുന്നു അത്. ഇപ്പോൾ പറഞ്ഞാൽ അത് സിനിമയെ ബാധിക്കും. സിനിമയിൽ നടക്കുന്ന സംഭവത്തിന്റെ കാരണം എന്നുവേണമെങ്കിൽ ഈ പ്രതീകത്തെ കാണാം. വളരെ പ്രതീകാത്മകമാണ് ആ പോസ്റ്ററിലെ കരടിയുടെ ചിത്രം. അതുപക്ഷേ ആളുകൾ മനസിലാക്കുമോ ഇല്ലയോ എന്നുപോലും അറിയില്ല.
സാഹോദര്യവും സൗഹൃദവും ചേർന്ന ‘ബ്രോമാൻസ്’
സഹോദര സ്നേഹമാണ് ബ്രോമാൻസ് എന്ന ചിത്രത്തിന്റെ അടിസ്ഥാനം. സുഹൃത്തുക്കൾക്കിടയിലും സഹോദരങ്ങൾക്കിടയിലുമുള്ള അടുപ്പവും ആ ബന്ധത്തിന്റെപേരിൽ ഏതറ്റം വരെയും പോകും എന്നുള്ളതും സിനിമയിൽ പറയുന്നുണ്ട്. കുറച്ചുകാലമായി മനസിലുണ്ടായിരുന്ന കഥയാണ്. ഒരു പോപ്കോൺ മൂവി എന്നുപറയാം. അധികമൊന്നും ചിന്തിക്കാതെ, ടെൻഷനടിക്കാതെ, രണ്ട്-രണ്ടേകാൽ മണിക്കൂർ ആസ്വദിച്ച് കണ്ടുപോകാവുന്ന ചിത്രമാണ്. വലിയ ആശയക്കുഴപ്പങ്ങളൊന്നുമില്ല. വളരെ ലളിതമായ കഥയും അതിൽ കുറച്ച് തമാശയും സസ്പെൻസും ത്രില്ലും എല്ലാം കടന്നുവരുന്നു.
മാത്യു തോമസും പുതിയ താരനിരയും
തിരക്കഥ എഴുതി വന്നപ്പോൾ ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അനുയോജ്യരായ താരങ്ങളെ നോക്കി തിരഞ്ഞെടുക്കുകയായിരുന്നു. എല്ലാത്തരം സിനിമകളും മനസിലുണ്ട്. തുടർച്ചയായി യുവതാര ചിത്രങ്ങളെന്നത് സംഭവിച്ചുപോയതാണ്. യൂത്ത് സിനിമകളേ ചെയ്യൂ എന്ന് നേരത്തേ നിശ്ചയിച്ചുറപ്പിച്ചിട്ടൊന്നുമില്ല.
നായികയായി മഹിമ നമ്പ്യാർ
ആ കഥാപാത്രം മഹിമതന്നെ ചെയ്യണമെന്ന് ഉറപ്പിച്ച് പോയതൊന്നുമായിരുന്നില്ല. കഥ കേട്ടപ്പോൾ അവർക്കിഷ്ടപ്പെട്ടു. പ്രേക്ഷകരെ രസിപ്പിക്കുക എന്ന് മാത്രമേ ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. വലിയ സംഭവമൊന്നും അവകാശപ്പെടുന്നില്ല. ട്രെയിലറിൽ മഹിമ കാസർകോഡ് ഭാഷ സംസാരിക്കുന്നുണ്ട്. ഏത് നടി വന്നാലും അവരുടെ പ്രാദേശിക ഭാഷയിൽ ഒരു സംഭാഷണം ചെയ്യുക എന്ന് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. തിരുവനന്തപുരത്തുനിന്നുള്ള ഒരു നടിയായിരുന്നെങ്കിൽ അവർ ആ ശൈലിയിൽ സംസാരിക്കുമായിരുന്നു. മഹിമ കാസർകോഡ് നിന്നുള്ളയാളായതുകൊണ്ടാണ് അവരെക്കൊണ്ട് ആ ശൈലിയിൽ സംസാരിപ്പിച്ചത്.
‘ജോ’യേക്കാളും ’18 പ്ലസി’നേക്കാളും വലിയ ക്യാൻവാസ്
എന്റെ ആദ്യ രണ്ട് ചിത്രങ്ങളേക്കാളും കുറച്ച് വലിയ സിനിമയായാണ് ബ്രോമാൻസ് ഒരുക്കിയിട്ടുള്ളത്. അത് ബഡ്ജറ്റിന്റെ കാര്യത്തിലായാലും ക്യാൻവാസിന്റെ കാര്യത്തിലായാലും. കഥ നടക്കുന്ന സ്ഥലങ്ങളിലും വ്യത്യാസമുണ്ട്. സിനിമ കാണുമ്പോൾ ദൃശ്യങ്ങളിലും ആ വലിപ്പം അനുഭവപ്പെടും. എനിക്ക് അനുഭവിക്കാനായത് പ്രേക്ഷകനും തോന്നിക്കഴിഞ്ഞാൽ സന്തോഷം.
ഗോവിന്ദ് വസന്ത വീണ്ടും മലയാളത്തിലേക്ക്
എന്റെ ആദ്യ ചിത്രമായ ജോ ആൻഡ് ജോയ്ക്ക് ഈണമിട്ടത് ഗോവിന്ദ് വസന്തയായിരുന്നു. 18 പ്ലസിന് ക്രിസ്റ്റോ സേവ്യറും. ഗോവിന്ദിന്റെ കംഫർട്ട് സോണിലുള്ള പാട്ടുകളല്ല ബ്രോമാൻസിനുള്ളത്. ഗോവിന്ദ് ഇത്തരം ഗാനങ്ങൾ ചെയ്തത് എന്റെ സിനിമകളിൽ മാത്രമാണ്. കംഫർട്ട് സോണിന് പുറത്തുവന്ന് പാട്ടുചെയ്യുമ്പോഴുള്ള ഫ്രഷ്നെസ് ആണ് ഉദ്ദേശിച്ചത്. ഈ സിനിമ ചെയ്യാൻ ഗോവിന്ദിനെ പ്രേരിപ്പിച്ചതും ഇതുതന്നെയാണ്.
കൂർഗ് ഭാഷയിലെ ഗാനം
തിരക്കഥയിൽ ഇങ്ങനെയൊരു ഗാനമുണ്ട്. പക്ഷേ യൂട്യൂബിൽ എല്ലാവരും കണ്ടതുപോലെയായിരിക്കില്ല സിനിമയിൽ ഈ ഗാനം. ഒരു കല്യാണപ്പാട്ട് ആയിട്ടാണ് ഇപ്പോൾ എല്ലാവരും ഈ ഗാനം കണ്ടിട്ടുണ്ടാവുക. പക്ഷേ അങ്ങനെയല്ല പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ നിർണായകമായ രംഗത്തുവരുന്ന ഗാനമാണ് ഇത്.
മലയാളത്തിലെ റോം-കോം സിനിമകൾ
റോം-കോം ജോണറിൽപ്പെട്ട സിനിമകൾക്ക് മലയാളത്തിൽ എന്നും സ്വീകാര്യതയുണ്ട്. എപ്പോഴും വർക്ക് ആവുന്നതും ആളുകൾ കാണാനിഷ്ടപ്പെടുന്നതുമായ ജോണറാണിത്. അത്തരത്തിൽപ്പെട്ട നല്ല സിനിമകൾ വരാത്തതുകൊണ്ടായിരിക്കാം ചിലപ്പോൾ പ്രേക്ഷകർ അവയ്ക്കുനേരെ കണ്ണടയ്ക്കുന്നത്. നല്ല കണ്ടന്റുമായി വന്നതുകൊണ്ടാണ് പ്രേക്ഷകർ പ്രേമലുവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. കണ്ടന്റിനാണ് പ്രാധാന്യമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. നമ്മളെന്തെങ്കിലും ചെയ്തുവെച്ചിട്ട് നിങ്ങളിത് കണ്ടോളൂ എന്നുപറഞ്ഞാൽ പ്രേക്ഷകർ അത് സ്വീകരിക്കില്ല. അവർക്ക് ഒ.ടി.ടിയടക്കം ഒരുപാട് ഓപ്ഷനുകളുണ്ട്. രണ്ട് രണ്ടര മണിക്കൂർ സ്വന്തം ജീവിതത്തിൽനിന്ന് മാറ്റിവെച്ചിട്ടാണ് പൈസയും ചിലവാക്കി അവർ തിയേറ്ററിൽ വരുന്നത്. തിയേറ്ററിൽ വരുന്നതുതന്നെ വലിയൊരു ജോലിയാണ്.
കളർഫുൾ പടമായിരിക്കും
ട്രെയിലറിലും പോസ്റ്ററിലും കണ്ടപോലെ തീർച്ചയായും ഇതൊരു കളർഫുൾ ചിത്രമായിരിക്കും. ഇന്നത്തെ കാലത്ത് ഒരു എന്റർടെയ്നറുണ്ടാക്കുന്നത് വലിയ പ്രയാസമാണ്. നല്ലൊരു എന്റർടെയിനർ ഉണ്ടാക്കാനാണ് ഞങ്ങൾ ബ്രോമാൻസിലൂടെ ശ്രമിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]