
ഇന്ത്യൻ ബോക്സ്ഓഫീസ് ചരിത്രത്തിലെ റെക്കോര്ഡുകളെല്ലാം പഴങ്കഥയാക്കി മുന്നേറിയ ചിത്രമാണ് പുഷ്പ 2. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1800 കോടിയിലധികം രൂപയാണ് ഈ അല്ലു അർജുൻ നേടിയത്. രാജ്യത്ത് എല്ലായിടത്ത് നിന്ന് മികച്ച അഭിപ്രായം ലഭിച്ചപ്പോഴും കേരളത്തിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ അണിയറപ്രവർത്തകർക്ക് സംഭവിച്ച ഒരു പിഴവാണ് സാമൂഹികമാധ്യമങ്ങളിൽ വൈറൽ.
പുഷ്പ 2-വിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ഓരോ സംസ്ഥാനത്ത് നിന്നുള്ളവർ ചിത്രത്തെക്കുറിച്ച് പ്രതികരിക്കുന്നതിന്റെ വീഡിയോ പ്രദർശിപ്പിച്ചിരുന്നു. അതിനിടെ, കേരളത്തിലെ തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണവും ഉൾക്കൊള്ളിച്ചു. ഇവിടെയാണ് അണിയറപ്രവർത്തകർക്ക് പിഴച്ചത്. കേരളത്തിനുപുറത്തുനിന്നുള്ള പ്രതികരണങ്ങളിലെല്ലാം ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്. എന്നാൽ, കേരളത്തിൽ നിന്ന് ഉൾക്കൊള്ളിച്ച ഭാഗങ്ങളിൽ ചിത്രത്തെക്കുറിച്ച് വളരെ മോശം അഭിപ്രായം പറയുന്ന പ്രേക്ഷകരെയാണ് കാണാനാകുന്നത്.
രശ്മിക മന്ദാനയെ ഒരു കിണറുവെട്ടി കുഴിച്ചുമൂടണം എന്നാണ് ഒരു പ്രേക്ഷകൻ പ്രതികരിക്കുന്നത്. ക്രിഞ്ച് ഫെസ്റ്റ് ആണ് ചിത്രമെന്നും ഇദ്ദേഹം പറയുന്നു. ഇത് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണ് അണിയറപ്രവർത്തകർ വീഡിയോയിൽ ഉൾപ്പെടുത്തിയത് എന്നാണ് സാമൂഹികമാധ്യമങ്ങളിൽ ചിലർ കുറിക്കുന്നത്. പ്രതികരണങ്ങൾ കണ്ട് കണ്ണുനിറഞ്ഞ് ഇരിക്കുന്ന അല്ലു അർജുനേയും സംവിധായകൻ സുകുമാറിനേയും വീഡിയോയിൽ കാണാം.
സുകുമാറിന്റെ സംവിധാനത്തിൽ 2024 ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ പുഷ്പ 2 ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി മാറി. സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ചിത്രത്തിൽ നായികയായി രശ്മിക മന്ദനയും വില്ലനായി ഫഹദ് ഫാസിലുമാണ് എത്തിയിരുന്നത്.
തെലുഗു, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ബംഗാളി എന്നീ ഭാഷകളിൽ റിലീസിനെത്തിയ ചിത്രം 1800 കോടിയും കടന്ന് ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പാണ് നടത്തിയത്. ആഗോള കളക്ഷനിൽ എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ‘ബാഹുബലി 2’ (1790 കോടി), ‘ആർ.ആർ.ആർ’ (1230 കോടി), പ്രശാന്ത് നീലിന്റെ ‘കെ.ജി.എഫ്: ചാപ്റ്റർ 2’ (1215 കോടി) എന്നീ സിനിമകളുടെ റെക്കോഡുകൾ സുകുമാറിന്റെ ‘പുഷ്പ 2: ദി റൂൾ’ മറികടന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]