![](https://newskerala.net/wp-content/uploads/2025/02/suresh-gopi-1024x576.jpg)
കോഴിക്കോട്: കൊട്ടാരം റോഡിലെ ‘സിതാര’യിൽ മനംനിറയെ ഓർമ്മകളുമായി ഞായറാഴ്ച രാവിലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. . ‘രണ്ടാമൂഴ’ത്തിലെ ഭീമന്റെ ശില്പത്തിനടുത്ത് എം.ടി. വാസുദേവൻ നായർ ഇരുന്നിരുന്ന കസേരയിൽ, അദ്ദേഹത്തിന്റെ ഛായാചിത്രം. പ്രസാദപൂർണമായ ആ ചിത്രത്തിനുമുന്നിൽ പൂമാലയണിയിക്കാൻ നിന്നപ്പോൾ സുരേഷ് ഗോപിയുടെ മുഖത്തും തെളിഞ്ഞു, ചെറുപുഞ്ചിരിയുടെ പ്രതിഫലനം. എം.ടി. വാസുദേവൻ നായരുടെ രചനയിൽ, ഹരിഹരന്റെ സംവിധാനത്തിൽ പി.വി. ഗംഗാധരൻ നിർമിച്ച ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചലച്ചിത്രത്തിന്റെ റീറിലീസിന്റെ പശ്ചാത്തലത്തിലായിരുന്നു ‘സിതാര’യിലേക്ക് സുരേഷ് ഗോപിയുടെ വരവ്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ 1989-ൽ പുറത്തിറങ്ങിയ ചിത്രം 4കെ അറ്റ്മോസിൽ ദൃശ്യ-ശ്രാവ്യ മികവോടെ വീണ്ടും പ്രദർശനത്തിനെത്തിച്ചത് ‘ഗൃഹലക്ഷ്മി’യുടെ പിന്മുറക്കാരായ എസ് ക്യൂബ് ഫിലിംസാണ്.
എം.ടി.യുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി വി. നായർ, പി.വി. ഗംഗാധരന്റെ ഭാര്യ ഷെറിൻ ഗംഗാധരൻ, മകളും എസ് ക്യൂബ് ഫിലിംസിന്റെ സാരഥികളിലൊരാളുമായ ഷെർഗ സന്ദീപ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുരേഷ് ഗോപി എം.ടി.ക്ക് പ്രണാമമർപ്പിച്ചത്. ആർട്ടിസ്റ്റ് മുരളി വരച്ച എം.ടി.യുടെ ഛായാചിത്രം അശ്വതിയാണ് അദ്ദേഹത്തിന്റെ ഇരിപ്പിടത്തിൽ വെച്ചത്. പൂമാല ചാർത്തിയശേഷം കസവ് പൊന്നാടകൂടി അണിയിച്ച് സുരേഷ് ഗോപി കൈകൂപ്പി. ഷെർഗ വെള്ളിക്കസവുമുണ്ട് സമർപ്പിച്ചു. പിന്നെ, മൂന്നരപ്പതിറ്റാണ്ടിനുമുൻപുള്ള ചിത്രീകരണാനുഭവങ്ങൾ, സിനിമയിൽ ആരോമൽ ചേകവരായ സുരേഷ് ഗോപി പങ്കിട്ടു .
വിയോഗംകൊണ്ട് ശൂന്യതയല്ല, അദ്ദേഹത്തിന്റെ പ്രതിഭാസാന്നിധ്യം കൂടുതൽ ശക്തമായി പ്രകടമാവുന്നതാണ് കാണുന്നതെന്ന് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പണ്ട് തിയേറ്ററിൽ കണ്ടവർക്ക് പുതിയ തിരിച്ചറിവുകളോടെ വടക്കൻ വീരഗാഥ വീണ്ടും കാണാനുള്ള അവസരമാണിത്. അന്ന് എം.ടി. ആരെന്ന് അത്രയ്ക്കറിയാത്തവരുണ്ടാകാം. ഈ ചിത്രം ആവിഷ്കരിക്കുന്ന ജീവിതമുഹൂർത്തങ്ങളുടെ ആഴവും നിഗൂഢതലങ്ങളും വേണ്ടപോലെ മനസ്സിലാകാത്തവരുണ്ടാകാം. അങ്ങനെ അന്ന് മനസ്സിലാക്കാൻ പറ്റാതെപോയതെല്ലാം വീണ്ടും അടുത്തറിയാനുള്ള അവസരമാണിത്. ഇനിയുമൊരു 30 വർഷം കഴിയുമ്പോൾ വീരഗാഥ ഒരിക്കൽക്കൂടി തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]