
തമിഴ് സൂപ്പർതാരം രജനികാന്ത് കാമിയോ വേഷത്തിൽ അഭിനയിക്കുന്നു എന്ന ഒറ്റക്കാരണംകൊണ്ട് ആരാധകർ വലിയ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് ലാൽ സലാം. രജനികാന്തിന്റെ മകൾ ഐശ്വര്യയാണ് ചിത്രം സംവിധാനംചെയ്യുന്നത്. സ്വന്തം അച്ഛന് ആക്ഷനും കട്ടും പറഞ്ഞ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഐശ്വര്യ.
തന്റെ ചിത്രത്തിൽ അച്ഛൻ രജനികാന്തിനെ അഭിനയിപ്പിച്ചത് ദൈവാനുഗ്രഹമാണെന്ന് ഐശ്വര്യ ഒരു അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തെ സംവിധാനം ചെയ്തത് ഒരു മാസ്റ്റർക്ലാസ് പോലെയായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. അഭിമുഖത്തിൽ എ.ആർ. റഹ്മാനോടുള്ള ആരാധനയും അവർ തുറന്നുപറഞ്ഞു. സത്യവും ആത്മാർത്ഥതയും ഉള്ളടങ്ങിയിരിക്കുന്ന ഫക്കീർ എന്നാണ് അദ്ദേഹത്തെ ഐശ്വര്യ വിശേഷിപ്പിച്ചത്.
“അപ്പായെ ഡയറക്ട് ചെയ്യുന്നത് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ്. അതൊരു അനുഗ്രഹമായിരുന്നു. അദ്ദേഹത്തിനൊപ്പം ജോലിചെയ്ത ഓരോ ദിവസവും ഒരു മിനി മാസ്റ്റർക്ലാസുപോലെയായിരുന്നു. പ്രൊഫഷണൽ എന്ന രീതിയിലും ഇൻഡസ്ട്രിയിലെ ഒരു കലാകാരൻ എന്ന രീതിയിലും സെറ്റിൽ ഓരോ കാര്യങ്ങൾ എങ്ങനെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്ന് മനസിലാക്കാൻസാധിച്ചു. ഈ പ്രായത്തിലും ജോലിയോടുള്ള അദ്ദേഹത്തിന്റെ അർപ്പണമനോഭാവവും ഭക്തിയും കാര്യഗൗരവവും സിനിമാമേഖലയിലെ എല്ലാവരും കണ്ടുപഠിക്കേണ്ടതാണ്. “
“ചുറ്റുമുള്ള എല്ലാവരും അദ്ദേഹത്തിൽനിന്ന് നിരന്തരം പഠിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അതേസമയം തനിക്ക് ഒരുപാട് പഠിക്കാനുണ്ടെന്നാണ് അദ്ദേഹത്തിന് ഇപ്പോഴും തോന്നുന്നത്. അതാണ് ഞങ്ങൾ ഉണ്ടായിരുന്ന സാഹചര്യത്തിൻ്റെ ഭംഗി. ഒപ്പം പ്രവർത്തിച്ച എല്ലാ സംവിധായകരേയുംപോലെ ഞാനും അദ്ദേഹത്തിനൊപ്പമുള്ള ഓരോ നിമിഷങ്ങളെയും മനസിൽ പരിലാളിക്കുന്നു. ഒരു കലാകാരൻ എന്ന നിലയിലും പ്രത്യേകിച്ച് ‘ലാൽ സലാം’ എന്ന സിനിമയിലെ ഒരു അഭിനേതാവ് എന്ന നിലയിലും അപ്പ തൻ്റെ മുദ്ര പതിപ്പിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
‘3’, ‘വൈ രാജ വൈ’ എന്നീ ചിത്രങ്ങൾക്കും ‘സിനിമാ വീരൻ’ എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വർഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ‘ലാൽ സലാം’. വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തിൽ ‘മൊയ്ദീൻ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. രജനികാന്ത് അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]