ദുബായ്: 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിന്റെ തയ്യാറെടുപ്പിലാണ് തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍. 13 വര്‍ഷത്തിനു ശേഷമാണ് അജിത് റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തുന്നത്. മത്സരത്തിന്റെ യോഗ്യതാ സെഷനിടെ കരിയറായ അഭിനയവും റേസിങ്ങും എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതിനെ കുറിച്ച് അജിത് പ്രതികരിച്ചു. റേസിങ് സീസണ് ആരംഭിക്കുന്നതുവരെ താന്‍ ഒരു സിനിമയ്ക്കായും കരാര്‍ ഒപ്പുവെയ്ക്കില്ലെന്ന് അജിത് പറയുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ അഭിനയിക്കാനാണ് പദ്ധതിയെന്നും അജിത് വ്യക്തമാക്കി.
സിനിമകളുടെ ഷൂട്ടിങ്ങിനൊപ്പം റേസിങ് ചെയ്യാന്‍ സിനിമാ കരാറുകള്‍ അനുവദിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. ”എന്തുചെയ്യണം, എന്തുചെയ്യരുത് എന്ന് എന്നോട് പറയേണ്ടതില്ല. ഇപ്പോള്‍, ഒരു ഡ്രൈവര്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു ടീം ഉടമ എന്ന നിലയിലും മോട്ടോര്‍സ്പോര്‍ട്സില്‍ ഏര്‍പ്പെടാനാണ് എന്റെ പദ്ധതി. അതിനാല്‍ റേസിങ് സീസണ് ആരംഭിക്കുന്നതുവരെ, ഞാന്‍ സിനിമകളില്‍ ഒപ്പുവെക്കില്ല. റേസിങ് സീസണ് ആരംഭിക്കുന്നതിന് മുമ്പ് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ, ഞാന്‍ മിക്കവാറും സിനിമകള്‍ ചെയ്യും. ആരും വിഷമിക്കേണ്ട കാര്യമില്ല ഞാന്‍ സിനിമകളില്‍ അഭിനയിക്കും.” – അജിത് വ്യക്തമാക്കി.
റേസിങ്ങിലേക്കുള്ള വരവിനെ കുറിച്ചും അജിത് അഭിമുഖത്തില്‍ വാചാലനായി. ”18 വയസുള്ളപ്പോഴാണ് ഇന്ത്യയില്‍ ഞാന്‍ മോട്ടോര്‍ സൈക്കിള്‍ റേസിങ്ങിലേക്ക് വരുന്നത്. പിന്നീട് ജോലിയുടെ തിരക്കുകളിലായി. എന്നാല്‍ 1993 വരെ എനിക്ക് ഒരു 20-21 വയസുള്ളപ്പോള്‍ വരെ ഞാന്‍ റേസില്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് ഞാന്‍ സിനിമാ മേഖലയിലേക്കെത്തുന്നത്. 2002-ല്‍ 32 വയസുള്ളപ്പോഴാണ് പിന്നീട് ഞാന്‍ മോട്ടോര്‍ റേസിങ്ങിലേക്ക് തിരികെ വരാന്‍ തീരുമാനിക്കുന്നത്. പക്ഷേ മോട്ടോര്‍ സൈക്കിളുകളിലായിരുന്നില്ല, ഫോര്‍ വീലറുകളിലായിരുന്നു.” – അജിത് പറഞ്ഞു.
2002-ല്‍ റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യയില്‍ നടന്ന വിവിധ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചു. 2003-ല്‍, ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും മുഴുവന്‍ സീസണും പൂര്‍ത്തിയാക്കുകയും ചെയ്തു. 2004-ല്‍ ബ്രിട്ടീഷ് ഫോര്‍മുല 3-ല്‍ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാല്‍ സീസണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കുറച്ചുകാലം കാത്തിരുന്ന് പിന്നീട് 2010-ല്‍ യൂറോപ്യന്‍ ഫോര്‍മുല 2 സീസണില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ അപ്പോഴും സിനിമയുമായി ബന്ധപ്പെട്ട് കുറച്ച് മത്സരങ്ങളില്‍ മാത്രമേ താരത്തിന് പങ്കെടുക്കാനായുള്ളൂ.
റേസിങ് താരം മാത്രമല്ല, ‘അജിത് കുമാര്‍ റേസിങ്’ എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോള്‍ താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയക്സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോര്‍ഷെ 992 ക്ലാസിലാണ് അജിത് മത്സരിക്കുക. ഈ മത്സരത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെ അജിത് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. 180 കി.മീ വേഗതയില്‍ പോയിരുന്ന അജിത്തിന്റെ കാര്‍ ട്രാക്കിന്റെ സുരക്ഷാ ബാരിയറില്‍ ഇടിച്ച് തകര്‍ന്നിരുന്നു. പക്ഷേ താരം പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]