ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയഗായകന് പി.ജയചന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യത്യസ്ത വികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്ന ഐതിഹാസിക ശബ്ദം കൊണ്ട് അനുഗ്രഹീതനായ കലാകാരനായിരുന്നു പി.ജയചന്ദ്രന് എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വിവിധ ഭാഷകളിലായി അദ്ദേഹം പാടിയ പാട്ടുകള്‍ വരും തലമുറകളുടെ പോലും ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതാണ്. ജയചന്ദ്രന്റെ വിയോഗത്തില്‍ എന്റെ ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു ജയചന്ദ്രന്റെ മരണം. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകിട്ട് 3.30-ന് ചേന്ദമംഗലം പാലിയത്ത് വീട്ടില്‍. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ മൃതദേഹം തൃശ്ശൂര്‍ പൂങ്കുന്നത്ത് വീട്ടില്‍ എത്തിച്ചിരുന്നു.
രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]