2025 ജനുവരി 10 മലയാളിയുടെ ദിനസരിയില്‍ ഇനി മുതല്‍ രണ്ട് മഹാഗായകരുടെ പേരുകളില്‍ കൂടി രേഖപ്പെടുത്തപ്പെടും. മലയാള ചലച്ചിത്രഗാനങ്ങളുടെ മധുചന്ദ്രികയായ പി ജയചന്ദ്രന് മണ്ണില്‍ ലയിച്ച ദിനം. ലോകസംഗീതത്തിന് മലയാളം സംഭാവന ചെയ്ത യേശുദാസ് എന്ന മഹാഗായകന്റെ എണ്‍പത്തിയഞ്ചാം പിറന്നാള്‍. ആയിരം പൂര്ണചന്ദ്രന്മാരെ കണ്ട് ഒരാള്‍ ജീവിതചക്രം പൂര്‍ത്തിയാക്കുമ്പോള്‍ മറ്റേയാള്‍ അനശ്വരതയുടെ നിത്യതയിലേക്ക് വിലയം പ്രാപിക്കുകയാണ്. മലയാള ഗാനമേഖല അതുല്യരായ ആ രണ്ട് ഗായകരുടെ ഇടംവലം കൈകളില്‍ പിടിച്ച് തുടങ്ങിയ യാത്ര എത്തിനില്‍ക്കുന്നത് അനുഗ്രഹീതരായ അനേകം ഗായകരുടെ പിന്നണി നിരയോടെയാണ്. യേശുദാസ്- ജയചന്ദ്രന് യുഗത്തില്‍ നിന്നും ജയചന്ദ്രന് മടങ്ങുമ്പോള്‍ യേശുദാസിന്റെ എണ്‍പത്തിയഞ്ചാം പിറന്നാളിനെ മൗനമായി ഏറ്റുവാങ്ങുക കൂടിയാണ് മലയാളികള്‍. യേശുദാസ് എന്ന മഹാഗാനവിസ്മയത്തെക്കുറിച്ച് രവി മേനോന്…
ശിശുദിനം മാത്രമല്ല മലയാളികള്‍ക്ക് നവംബര്‍ 14. ജനപ്രിയ സംഗീതത്തിലെ മറക്കാനാവാത്ത ഒരു ചരിത്ര മുഹൂര്‍ത്തം കൂടിയാണ്: യേശുദാസ് എന്ന ചലച്ചിത്ര പിന്നണിഗായകന്‍ ‘പിറവിയെടുത്ത’ ദിനം.
അഗസ്റ്റിന് ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും മകനായി കാട്ടാശ്ശേരി ജോസഫ് യേശുദാസ് ജനിച്ചുവീണത് 1940 ജനുവരി 10-നായിരിക്കാം. പക്ഷേ ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ശ്രീനാരായണ ഗുരുദേവശ്ലോകം പാടി യേശുദാസ് എന്ന പിന്നണിഗായകന്‍ ജന്മം കൊണ്ടത് പിന്നേയും രണ്ടു ദശകങ്ങള്‍ കൂടി കഴിഞ്ഞാണ്; 1961 നവംബര്‍ 14 ന്. അമ്പത്തഞ്ചു വര്‍ഷം മുന്‍പത്തെ ആ അരങ്ങേറ്റ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യമുണ്ടായ ആരുമില്ല ഇന്ന് നമുക്കൊപ്പം: ”കാല്‍പ്പാടുക”ളുടെ സംവിധായകന് കെ എസ് ആന്റണി, മുഖ്യ നിര്‍മ്മാതാവ് രാമന് നമ്പിയത്ത്, സംഗീത സംവിധായകന് എം ബി ശ്രീനിവാസന്, ഗാനരചയിതാവ് പി ഭാസ്കരന്, ഗായകന് കെ പി ഉദയഭാനു, ഗായിക പി ലീല, ശാന്താ പി നായര്‍, റെക്കോര്‍ഡിസ്റ്റ് കോടീശ്വര റാവു… എല്ലാവരും ഓര്‍മ്മയായി.
2014 ഫെബ്രുവരി 26- നാണ് രാമന് നമ്പിയത്ത് കഥാവശേഷനായത്. അവസാനമായി അയച്ച പോസ്റ്റ് കാര്‍ഡില്‍, തെല്ലു വിറയാര്‍ന്ന കൈപ്പടയില്‍ നമ്പിയത്ത് എഴുതി: ”ഇന്ന് നവംബര്‍ 14. എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസം. കടന്നുപോന്ന വഴികളിലെ പ്രതിസന്ധികളും തിരിച്ചടികളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മറക്കാന്‍ ആ ഒറ്റ ദിവസത്തിന്റെ ഓര്‍മ്മ മതി.
അന്ന്, തെല്ലൊരു പരിഭ്രമത്തോടെ ആദ്യ ഗാനം പാടാന്‍ ഭരണി സ്റ്റുഡിയോയില്‍ വന്നു നിന്ന കുട്ടിയുടെ രൂപം ഇതാ ഈ നിമിഷവും ഓര്‍ക്കുന്നു ഞാന്‍. യേശുദാസ് എന്ന ആ കുട്ടിയുടെ ഉദയത്തിന് ഒരു നിമിത്തമാകാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. മരണതീരത്തേക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും നടന്നുചെല്ലാന്‍ ആ ഓര്‍മ്മയുടെ തണല്‍ മാത്രം മതി എനിക്ക്.” സ്നേഹവാത്സല്യങ്ങളുടെ വിളനിലമായ ഒരു പഴമനസ്സിന്റെ ആത്മഗതം പോലെയാണ് ആ വാക്കുകള്‍ അന്നനുഭവപ്പെട്ടത്. അതിനുമപ്പുറം, ആഴമുള്ള എന്തൊക്കെയോ അര്‍ത്ഥതലങ്ങള്‍ അവയ്ക്കുണ്ടായിരുന്നു എന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞത് മാസങ്ങള്‍ക്കു ശേഷം നമ്പിയത്തിന്റെ നിര്യാണവാര്‍ത്ത കേട്ടപ്പോഴാണ്; തൊണ്ണൂറാം വയസ്സില്‍ മരണത്തിലേക്ക് സ്വയം നടന്നുചെല്ലുകയായിരുന്നു നമ്പിയത്ത്.
മുന്‍പൊരിക്കല്‍ അയച്ച കത്തില്‍ അദ്ദേഹം എഴുതിച്ചേര്‍ത്തിരുന്ന കവിതയുടെ വരികള്‍ ഓര്‍മ്മ വന്നു അപ്പോള്‍: ”ഇത്തിരിവെട്ടമായ് പാറിപ്പറക്കുന്ന ഞാന്‍ ഒരു മിന്നാമിനുങ്ങ്; ഇക്കൊച്ചു ചൂട്ട് മിന്നിച്ചുമിന്നിച്ചു ഞാന്‍ നില്‍ക്കാതെ സഞ്ചരിച്ചീടും; ഇത്തിരിവെട്ടം പകര്‍ന്നു പകര്‍ന്നു ഞാന്‍ മൃത്യു വരിക്കും…” അവസാനത്തെ പതിനെട്ടു വര്‍ഷവും മരണത്തിന്റെ കാലൊച്ചക്ക് കാതോര്‍ത്താണ് അച്ഛന് ജീവിച്ചതെന്നോര്ക്കുന്നു മകന് രഞ്ജിത്ത്. ”അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ മുന്‍തലമുറയില്‍ ആരും 72 വയസ്സിനപ്പുറം ജീവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മരണത്തിനായുള്ള കാത്തിരിപ്പായിരുന്നു അച്ഛന് ശിഷ്ടജീവിതം. അവസാന നാളുകളില്‍ എഴുതിയ കവിതകളിലുമുണ്ടായിരുന്നു മരണത്തെ കുറിച്ചുള്ള സൂചന. ആത്മഹത്യ ഭീരുത്വമല്ല എന്നായിരുന്നു ഒരു കവിതയുടെ തലക്കെട്ട് തന്നെ. ”അച്ഛനെ പിന്തുടര്ന്ന് അനങ്ങനടി പഞ്ചായത്ത് പ്രസിഡണ്ട് ആയ രഞ്ജിത്ത് പറയുന്നു.
കടുത്ത ടൈഫോയ്ഡുമായി ആദ്യ ചലച്ചിത്രഗാനം പാടാനെത്തിയ യേശുദാസിനെ പറ്റി ആത്മകഥയായ ”കാല്‍പ്പാടുകളുടെ മുറിപ്പാടുക”ളില്‍ വിവരിച്ചിട്ടുണ്ട് നമ്പിയത്ത്. ”പനി സാരമാക്കേണ്ട; അയാള്‍ പാടട്ടെ.”- നിര്‍മ്മാതാവിന്റെ അധികാരസ്വരത്തില്‍ നമ്പിയത്ത് പറഞ്ഞപ്പോള്‍ ”കാല്‍പ്പാടുകളു”ടെ സംവിധായകനും സംഗീത സംവിധായകനും അന്തം വിട്ടു. ”സാര്‍, ഇത് കുട്ടിക്കളിയല്ല. ലക്ഷങ്ങള്‍ മുടക്കിയുള്ള ഏര്‍പ്പാടാണ്. പടം പൊട്ടാതെ നോക്കേണ്ട ബാധ്യതയുണ്ട് നമുക്ക്. മറ്റാരെയെങ്കിലും പാടാന്‍ വിളിക്കുകയല്ലേ യുക്തി?” പക്ഷേ യുക്തിക്ക് എളുപ്പം വഴങ്ങിക്കൊടുക്കുന്ന ശീലം പണ്ടേയില്ല നമ്പിയത്തിന്. ”പടം പൊട്ടിയാല്‍ പൊട്ടട്ടെ. എന്നാലും ഞാന്‍ ആ കുട്ടിക്ക് ഒരു പാട്ട് കൊടുക്കും.” ഉറച്ച സ്വരത്തില്‍ നമ്പിയത്തിന്റെ മറുപടി.
”ജാതിഭേദം മതദ്വേഷം” എന്ന നാലുവരി ശ്ലോകത്തിനു പിന്നാലെ ശാന്താ പി നായര്‍ക്കൊപ്പം ”അറ്റന്ഷന് പെണ്ണേ” എന്നൊരു യുഗ്മഗാനം കൂടി പാടി റെക്കോര്‍ഡ് ചെയ്യുന്നു നവാഗത ഗായകന്. അത് കഴിഞ്ഞു കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയില്‍ നിന്നെടുത്ത ഒരു കാവ്യശകലത്തിലെ ഏതാനും വരികളും. ”സത്യം പറഞ്ഞാല്‍, ഗുരുദേവ ശ്ലോകത്തെക്കാള്‍ എനിക്കിഷ്ടപ്പെട്ടത് ചണ്ഡാലഭിക്ഷുകിയുടെ ആലാപനമായിരുന്നു.”- നമ്പിയത്ത്.
വൈക്കം ചന്ദ്രന് എന്ന സുഹൃത്ത് വഴിയാണ് യേശുദാസ് നമ്പിയത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ”എന്റെ പരിചയത്തില്‍ ഒരു പയ്യനുണ്ട്.,”- ചന്ദ്രന് പറഞ്ഞു. ”ഇത്ര നല്ല ശാരീരമുള്ള, അതിനൊത്ത സ്വഭാവശുദ്ധിയുള്ള ഒരു കുട്ടിയെ ഇന്നുവരെ കണ്ടിട്ടില്ല. കഴിയുമെങ്കില്‍ അയാള്‍ക്ക് സിനിമയില്‍ പാടാന്‍ ചാന്‍സ് കൊടുക്കണം.”അത്ഭുതം തോന്നി നമ്പിയത്തിന്. ” നല്ല പാട്ടുകാരനാണ് ചന്ദ്രന്. കാല്‍പ്പാടുകള്‍ നാടകത്തില്‍ പാടിയിട്ടുമുണ്ട്. സിനിമയിലും പാടാനുള്ള അവസരം ആവശ്യപ്പെടാമായിരുന്നു അയാള്‍ക്ക്. ആ ആവശ്യം അംഗീകരിക്കാതിരിക്കാന്‍ പറ്റില്ല താനും. പക്ഷേ ചന്ദ്രന് ശുപാര്‍ശ ചെയ്തത് യേശുദാസിന്റെ പേരാണ്. ആ വലിയ മനസ്സിന് മുന്നില്‍ നമിക്കാതെ വയ്യ.”
ചന്ദ്രന്റെ നിര്‍ദേശപ്രകാരം പടത്തിന്റെ നിര്‍മാതാവിനെയും സംവിധായകനെയും കാണാന്‍, യേശുദാസ് തിരുവനന്തപുരത്തെ പഴയ എം എല്‍ എ ക്വാര്‍ട്ടേഴ്സില്‍ കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാടിന്റെ മുറിയില്‍ എത്തുന്നു. യേശുദാസിനെ നേരത്തെ അറിയാം ആന്റണിക്ക്. ദാസിനെ കുറിച്ച് കേരള ടൈംസ് പത്രത്തില്‍ ആദ്യമായി ഒരു കുറിപ്പെഴുതിയത് ആന്റണിയാണ്. ”അന്ന് ഞങ്ങള്‍ക്ക് വേണ്ടി യേശുദാസ് ഒന്ന് രണ്ടു പാട്ടുകള്‍ പാടി. ഒരു കീര്‍ത്തനവും. മധുരോദാരമായ ശബ്ദം. ഏത് സ്ഥായിയിലൂടെയും അനായാസം സഞ്ചരിക്കാനാവുമതിന്. ഈ കുട്ടിക്ക് എന്റെ സിനിമയില്‍ ഒരു പാട്ടു നല്‍കുമെന്ന് അന്നേ മനസ്സില്‍ തീരുമാനിച്ചിരുന്നു.” – നമ്പിയത്ത്. അടുത്തൊരു ദിവസം പീച്ചി ഡാം ഹൗസില്‍ എംബി ശ്രീനിവാസനെ ചെന്നു കാണുന്നു യേശുദാസ്. പിന്നീടുള്ളത് ചരിത്രമാണ്. ഒരു സംഗീതയുഗത്തിന്റെ ചരിത്രം.
പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടെങ്കിലും ‘കാല്‍പ്പാടുകള്‍’ വെളിച്ചം കണ്ടത് അടുത്ത വര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ്. അതുകൊണ്ടു തന്നെ യേശുദാസിന്റെ ശബ്ദം പ്രേക്ഷകര്‍ ആദ്യം കേട്ടിരിക്കുക ആ ചിത്രത്തിലല്ല; 1962 ഫെബ്രുവരി 23 ന് പുറത്തുവന്ന ”വേലുത്തമ്പി ദളവ”യിലാണ് — അഭയദേവ് എഴുതി ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയ ”പുഷ്പാഞ്ജലികള്‍ പുഷ്പാഞ്ജലികള്‍ പുരുഷസിംഹമേ ജന്മഭൂമിയേ” എന്ന ശീര്‍ഷകഗാനം. തൊട്ടുപിന്നാലെ ”ശാന്തിനിവാസ്”. 1962 മാര്‍ച്ച് എട്ടിന് റിലീസായ ഈ മൊഴിമാറ്റ ചിത്രത്തിനു വേണ്ടി ഘണ്ടശാലയുടെ സംഗീതത്തില്‍ മൂന്നു പാട്ടുകള്‍ പാടി യേശുദാസ്.
ആ വര്‍ഷം പുറത്തുവന്ന ശ്രീകോവില്‍ (ഏപ്രില്‍ 7), പാലാട്ടു കോമന് (സെപ്റ്റംബര്‍ 1) എന്നീ ചിത്രങ്ങളിലും ഉണ്ടായിരുന്നു യേശുദാസിന്റെ ശബ്ദസാന്നിധ്യം. എങ്കിലും ആദ്യത്തെ ഹിറ്റിനു വേണ്ടി കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നു പുതുഗായകന്- കണ്ണും കരളും എന്ന ചിത്രത്തിലെ ആരെ കാണാന്‍ അലയുന്നു കണ്ണുകള്‍ (വയലാര്‍ – എം ബി ശ്രീനിവാസന്). ഭാഗ്യജാതകത്തില്‍ പി ഭാസ്കരന് – ബാബുരാജ് സഖ്യം ഒരുക്കിയ ”ആദ്യത്തെ കണ്മണി ആണായിരിക്കണം” എന്ന ഹിറ്റ് ഗാനം കൂടി പുറത്തുവന്നതോടെ അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജൈത്രയാത്രക്ക് തുടക്കമായി.
ചരിത്രത്തില്‍ ഇടം നേടിയെങ്കിലും ”കാല്‍പ്പാടുകള്‍” മധുരമുള്ള ഓര്‍മ്മയായിരുന്നില്ല നമ്പിയത്തിന്. ആഘോഷപൂര്‍വം പ്രദര്‍ശനമാരംഭിച്ച പടം (തൃശൂര്‍ മാതാ തിയേറ്ററില്‍ അന്നത്തെ ഗവര്‍ണ്ണര്‍ വി വി ഗിരിയാണ് ആദ്യ ഷോ ഉത്ഘാടനം ചെയ്തത്) ബോക്സാഫീസില്‍ തകര്‍ന്നു. പരാജയത്തിന്റെ ആഘാതത്തില്‍ ആകെ തളര്‍ന്നു പോയി നമ്പിയത്ത്. സാമ്പത്തിക പ്രശ്നങ്ങളെക്കാള്‍ ഭീകരമായിരുന്നു സമൂഹത്തിന്റെയും ബന്ധുക്കളുടെയും ഒറ്റപ്പെടുത്തല്‍. ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചു വരെ ചിന്തിച്ചുപോയ കഥ ആത്മകഥയില്‍ വിവരിക്കുന്നുണ്ട് അദ്ദേഹം.
”അവസാനത്തെ വൈക്കോല്‍ തുരുമ്പും കൈവിട്ടു പോയിരുന്നു. വീടുള്‍പ്പെടെ അവശേഷിച്ച സ്വത്തുക്കള്‍ മുഴുവന്‍ അടുത്ത ബന്ധുവിന് തീറെഴുതിക്കൊടുത്ത് ഇരുചെവിയറിയാതെ ഞാന്‍ നാടുവിട്ടു- കുടുംബസമേതം.” നമ്പിയത്ത് എഴുതുന്നു. പാലക്കാട് ജില്ലയിലെ വാണിയംകുളത്തിനടുത്തുള്ള പത്തംകുളം എന്ന ഗ്രാമത്തിലേക്കായിരുന്നു ആ പലായനം. രാമന് നമ്പിയത്ത് എന്ന സിനിമാ നിര്‍മാതാവ് രാമന് നമ്പിയത്ത് എന്ന കര്‍ഷകനായി മാറുന്നു അതോടെ. പുതിയൊരു ജീവിതത്തിലേക്കുള്ള ചുവടുവെപ്പ്. പതുക്കെ പത്തംകുളത്തുകാരുടെ പ്രിയപ്പെട്ട രാമേട്ടനായി മാറി അദ്ദേഹം. പഞ്ചായത്ത് പ്രസിഡണ്ട് വരെയായി. മരണം വരെ പത്തംകുളത്തെ മണ്ണിനെ സ്നേഹിച്ചു നമ്പിയത്ത്. ”പഴയ കഥകള്‍ ഓര്‍ക്കാറില്ല. ഏറെയും വേദന നിറഞ്ഞ അനുഭവങ്ങളാണ്. പക്ഷേ ആ വേദനകളെല്ലാം കഴുകിക്കളയാന്‍ ഒന്നു മാത്രം മതി എനിക്ക്; യേശുദാസിന്റെ ശബ്ദം.” – നമ്പിയത്തിന്റെ വാക്കുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]