
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ നായകന്മാരാക്കി വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്കുശേഷം. തന്റെ മുൻചിത്രങ്ങളെപ്പോലെ ഗാനങ്ങൾക്ക് വിനീത് ഇത്തവണയും ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ചിത്രത്തിലൂടെ അമൃത് എന്ന യുവ സംഗീതസംവിധായകനെ വിനീത് മലയാളസിനിമയിൽ അവതരിപ്പിക്കുകയാണ്. പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകൻകൂടിയാണ് അമൃത്. അമൃതിനൊപ്പം പ്രവർത്തിച്ച അനുഭവത്തേക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
രണ്ടര വർഷത്തിനുശേഷം തിങ്ക് മ്യൂസിക്കിനൊപ്പം ഒരു ലിസണിങ് സെഷനിൽ പങ്കെടുത്തു. കഴിഞ്ഞതവണത്തേപ്പോലെ എല്ലാ ലൈറ്റുകളും അണച്ചശേഷം വർഷങ്ങൾക്ക് ശേഷത്തിലെ ഗാനങ്ങൾ എല്ലാം കേട്ടു. ഇത് പൂർത്തിയാക്കിയശേഷം ലൈറ്റുകൾ വീണ്ടും ഇട്ടപ്പോൾ തിങ്ക് മ്യൂസിക്കിലെ സന്തോഷിന്റെയും മഹേഷിന്റെയും മുഖത്ത് ഒരു വിടർന്ന ചിരിയുണ്ടായിരുന്നു. അവർ അമൃതിനെ ആലിംഗനം ചെയ്തശേഷം ഇങ്ങനെ പറഞ്ഞു. “ഈ കുടുംബത്തിലേക്ക് സ്വാഗതം”. ഇങ്ങനെയാണ് വിനീതിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി അമൃത് കടന്നുപോയ കഷ്ടപ്പാടുകൾ ഞാൻ കാണുന്നതാണ്. നമ്മുടെയെല്ലാം പ്രിയപ്പെട്ട ജയശ്രീ മാം ആശുപത്രിയിൽ അത്യാസന്നനിലയിൽ കിടക്കുമ്പോൾ അവരെ പരിചരിക്കുന്നതിനിടയിൽ, ആശുപത്രിമുറിയിൽവെച്ചാണ് അമൃത് ആദ്യത്തെ മൂന്ന് ഗാനങ്ങൾക്ക് ഈണമിട്ടത്. ആശുപത്രി മുറിയിൽ മിനി സ്റ്റുഡിയോ സജ്ജീകരിച്ച് മനസിൽ വരുന്ന ഈണങ്ങൾ അമ്മയ്ക്ക് പാടിക്കൊടുക്കും. എന്നിട്ട് എനിക്ക് അയച്ചുതരും. അമൃത് അയച്ചുതന്ന രണ്ടാമത്തെ ഈണത്തിനനുസരിച്ച് ജയശ്രീ മാഡം വരികളെഴുതിയാൽ നന്നാവുമെന്ന ഒരാഗ്രഹം അമൃതിനോട് ഫോണിൽ പറഞ്ഞു. അതനുസരിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയും പാട്ടിന്റെ ആദ്യവാക്ക് എന്തായിരിക്കണമെന്ന ധാരണയിലെത്തുകയും ചെയ്തു. തൊട്ടടുത്ത ദിവസം പാട്ടിന്റെ ആദ്യനാലുവരി അമൃത് അയച്ചുതന്നു. രോമാഞ്ചം വന്നു. ബോംബെ ജയശ്രീ മാം എന്ന ഇതിഹാസത്തിന്റെ ഒരു നേർക്കാഴ്ചയാണ് എനിക്ക് ലഭിച്ചത്.
അമൃതിന് കാര്യങ്ങൾ അൽപ്പം എളുപ്പമാകുന്നതുവരെ ജോലി കുറച്ച് നാളത്തേക്ക് മാറ്റിവെയ്ക്കണോ എന്ന് ഞാൻ പലതവണ അമൃതിനോട് ചോദിച്ചിരുന്നു. പക്ഷേ അവന്റെ മറുപടി എപ്പോഴും ഒന്നുതന്നെയായിരുന്നു. “വിനീത്, നിങ്ങളുടെ സിനിമയ്ക്ക് സംഗീതം നൽകുന്നത് ഞാൻ സ്വയം മുറിവുണക്കുന്ന പോലെയാണ്.” ഈ 25 വയസ്സുകാരൻ വർഷങ്ങൾക്ക് ശേഷത്തിന് വേണ്ടി ചെയ്തത് ലോകം കേൾക്കുന്നത് വരെ എനിക്ക് കാത്തിരിക്കാനാവില്ല!! എന്നുപറഞ്ഞുകൊണ്ടാണ് വിനീത് കുറിപ്പ് അവസാനിപ്പിക്കുന്നത്.
മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നതും വിതരണംചെയ്യുന്നതും. നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാമാനന്ദ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ‘ലൗ ആക്ഷൻ ഡ്രാമ’ക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കുശേഷം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]