സംഗീതമാന്ത്രികൻ എ.ആർ. റഹ്മാന്റെ 57-ാം ജന്മദിനമാണ് കടന്നുപോയത്. ആരാധകരും സിനിമാ, സംഗീത മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധിപേരാണ് അദ്ദേഹത്തിന് പിറന്നാളാശംസകൾ അർപ്പിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും അക്കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹത്തോടുള്ള നന്ദി അറിയിച്ചിരിക്കുകയാണ് എ.ആർ.റഹ്മാൻ.
‘പിറന്നാളാശംസകൾ എ.ആർ റഹ്മാൻ. ഒരു കലാകാരനെന്ന നിലയിൽ നിങ്ങളുടെ യാത്രയ്ക്ക് ലോകമെമ്പാടും സ്വാധീനമുണ്ട്. അത് അതിരുകളും സമയവും മറികടക്കുന്ന വിവിധ വികാരങ്ങളുടെ ചിത്രകമ്പളം നെയ്യുന്നു. നിങ്ങളുടെ ഭാവി പരിശ്രമങ്ങൾ നിങ്ങളുടെ സംഗീതം പോലെ മാന്ത്രികമാകട്ടെ!’ എന്നാണ് പിണറായി വിജയൻ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റിന് മറുപടിയായാണ് നന്ദിവാക്കുകളുമായി എ.ആർ. റഹ്മാൻ എത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിങ്ങളുടെ നല്ലവാക്കുകൾക്കും ആശംസകൾക്കും നന്ദി എന്നാണ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് റഹ്മാൻ കുറിച്ചത്.
നിലവിൽ ഒരുപിടി ചിത്രങ്ങളാണ് എ.ആർ. റഹ്മാന്റെ ഗാനങ്ങളുമായി പുറത്തിറങ്ങാനിരിക്കുന്നത്. ശിവ കാർത്തികേയൻ നായകനാവുന്ന അയലാനാണ് അതിലൊന്ന്. ഇതിലെ പുതിയ ഗാനം ഞായറാഴ്ച പുറത്തിറങ്ങിയിരുന്നു. പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിലൊരുങ്ങുന്ന ആടുജീവിതത്തിലെ ഗാനങ്ങൾ എ.ആർ. റഹ്മാനാണ് ഒരുക്കിയത്. റഹ്മാന് ആശംസകളർപ്പിച്ചുകൊണ്ട് പ്രത്യേകവീഡിയോ ആടുജീവിതം ടീം പുറത്തിറക്കിയിരുന്നു. രാംചരൺ തേജയെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം റഹ്മാനാണ്. എ.ആർ. റഹ്മാന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]