പാലക്കാടിന്റെയും പൊള്ളാച്ചിയുടെയും ഗ്രാമഭംഗിയാണ് ഒരുകാലത്ത് മലയാളസിനിമയുടെ ദൃശ്യലോകം വാണിരുന്നത്. കൊച്ചിയുടെ തിരക്കേറിയ കാഴ്ചകളും ആലപ്പുഴയുടെ കായൽപ്പരപ്പും മലപ്പുറത്തെ സുന്ദരകാഴ്ചകളുെമല്ലാം വന്നുംപോയുമിരുന്നു. സിനിമകൾ വടക്കിനെ തേടി എത്താൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. 2023-ൽ പത്തിലധികം സിനിമകൾക്ക് കണ്ണൂരിന്റെ വിവിധയിടങ്ങൾ അണിയറയായി. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരുടെ കണ്ണും മനസ്സും നിറച്ച ‘പ്രണയവിലാസം’, ഒളിച്ചോട്ടകല്യാണത്തിന്റെ തമാശകളുമായെത്തിയ ‘എങ്കിലും ചന്ദ്രികേ’, മനുഷ്യജീവനുകളെ ഇല്ലായ്മ ചെയ്യുന്ന കക്ഷിരാഷ്ട്രീയവും ജാതീയചിന്തകളും ചർച്ചചെയ്ത ‘ചാവേറ്’…സിനിമാ പട്ടിക നീളുന്നു.
സിനിമാ ടൂറിസത്തിന് സാധ്യതകളേറെയുള്ള നാടാണ് നമ്മുടേത്. സിനിമാ ഭാഷയിൽ പറഞ്ഞാൽ ഫ്രഷ് ഫ്രെയിമുകൾ ധാരാളം. പ്രീ, പോസ്റ്റ് വെഡ്ഡിങ്ങ് ഷൂട്ടുകൾക്കും കണ്ണൂരിനെ ആശ്രയിക്കുന്നവരേറെയാണ്. കേരളത്തിനുപുറത്തുനിന്നുപോലും നിരവധി പേരാണ് ചിത്രീകരണ ആവശ്യങ്ങൾക്കായി ജില്ലയിലെത്തുന്നത്. മുഴപ്പിലങ്ങാട്, ധർമ്മടം ബീച്ചുകൾ, പൈതൽമല, പാലക്കയംതട്ട്, മാടായിപ്പാറ, തലശ്ശേരിയിലെ ചുമർചിത്രങ്ങൾ, കടൽപ്പാലം എന്നിവയെല്ലാം പ്രിയ ഇടങ്ങളാണ്. അധികം ബഡ്ജറ്റ് വേണ്ടെന്നതും താമസ, യാത്രാസൗകര്യങ്ങളും കണ്ണൂരിനെ ചിത്രീകരണങ്ങൾക്ക് അനുകൂലമാക്കുന്നു.
2023-ൽ പുറത്തിറങ്ങിയ കണ്ണൂരിൽ ചിത്രീകരിച്ച ചില ചിത്രങ്ങൾ
- കണ്ണൂർ സ്ക്വാഡ്
- പ്ലസ് ടു
- കാസർഗോൾഡ്
- ഫീനിക്സ്
- പ്രണയവിലാസം
- എങ്കിലും ചന്ദ്രികേ…
- നീലവെളിച്ചം
- ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
- ചാവേർ
കാണാക്കാഴ്ചകൾ ഏറെ
ദൃശ്യങ്ങളിലെ ആവർത്തനവിരസത ഒഴിവാക്കാനാണ് സംവിധായകർ വടക്കൻ കേരളത്തിലേക്ക് എത്തുന്നത്. പുതിയ സ്ഥലങ്ങൾ കണ്ടെത്തുകയല്ല, സിനിമ ആവശ്യപ്പെടുന്നതനുസരിച്ച് ഇടങ്ങളിലേക്ക് എത്തുകയാണ്. അറിയുന്ന സ്ഥലം എന്നൊരു മേൽക്കോയ്മ ‘പാൽതു ജാൻവർ’ സമയത്ത് കുടിയാൻമല നൽകിയിരുന്നു. ഒട്ടുമേ ‘എക്സ്പ്ലോർ’ ചെയ്യപ്പെടാത്ത സ്ഥലമായിരുന്നു കുടിയാൻമല. ഇനിയും ഒരുപാട് സാധ്യതകൾ ബാക്കിയുണ്ട്. ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഇങ്ങനെയാണ്. പയ്യന്നൂർ, കാഞ്ഞങ്ങാട് പ്രദേശങ്ങളൊക്കെ ഇപ്പോൾ സിനിമകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.
-സംഗീത് പി. രാജൻ (‘പാൽതു ജാൻവർ’ എന്ന ചിത്രത്തിന്റെ സംവിധായകൻ)
പരമാവധി പ്രോത്സാഹനം
ഷൂട്ടിങ്ങിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്താറില്ല, പരമാവധി സഹായസഹകരണങ്ങള് നൽകുന്നുണ്ട്. സിനിമ, പരസ്യച്ചിത്രങ്ങൾ, റിയാലിറ്റി ഷോകളുടെ പ്രമോഷനുകൾ.. എന്താണെങ്കിലും കാലതാമസം നേരിടാതെ അനുമതി നൽകാറുണ്ട്. ചിത്രീകരണങ്ങൾ നമ്മുടെ നാടിനും നാട്ടുകാർക്കും പ്രമോഷനാണ്. അതുകൊണ്ടുതന്നെ പരമാവധി പ്രോത്സാഹനം നൽകും.
-ജെ.കെ. ജിജേഷ് കുമാർ (ഡി.ടി.പി.സി. സെക്രട്ടറി)
നാട്ടുകാരുടെ സഹകരണം എടുത്തുപറയണം
മലയാള സിനിമയിൽ കണ്ണൂർ നിറഞ്ഞുനിൽക്കുന്നതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് നാട്ടുകാരുടെ സഹകരണവും സ്നേഹവുമാണെന്ന് തോന്നുന്നു. ‘പടവെട്ട്’ ഒക്കെ നാടിന്റെയും നാട്ടുകാരുടെയുംകൂടി സിനിമയാണ്. മലബാറിൽനിന്ന് എറണാകുളം പോലുള്ള നഗരങ്ങളിലേക്ക് സിനിമയും തിരക്കഥയുമായിപ്പോയ ഞാനടക്കമുള്ളവർ ഇവിടെക്ക് തിരിച്ചെത്തി. നമ്മുടെ ചുറ്റുപാടുകളിൽ നടക്കുന്ന കഥകൾ ആലോചിക്കുകയും എഴുതുകയും ചെയ്താണ് ഒടുവിൽ സിനിമയായത് എന്നതും എടുത്തുപറയണം.
ആദിത്യൻ ചന്ദ്രശേഖർ (‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന്റെ സംവിധായകൻ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]