ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ സിനിമയേയും നടൻ മമ്മൂട്ടിയേയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് കെ. എസ്. ശബരിനാഥൻ. ചിത്രത്തിലെ ഏറ്റവും മനോഹരമായി രംഗം കുടുംബകോടതി സീൻ ആണെന്ന് ശബരിനാഥൻ പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അതിശയോക്തിയില്ലാത്ത, ആർദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണെന്ന് ശബരിനാഥൻ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജിയോ ബേബിയുടെ കാതൽ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീൻ ആണ്. ഡിവോഴ്സ് കേസ് നടക്കുന്ന സമയം മാത്യുവും (മമ്മൂട്ടി) ഭാര്യ ഓമനയും (ജ്യോതിക) അടുത്തടുത്ത് നിൽക്കുകയാണ്. ഓമനയെ വിസ്തരിക്കാൻ വിളിക്കുമ്പോൾ അവർ ഹാൻഡ്ബാഗ് ഏൽപ്പിക്കുന്നത് മാത്യുവിനാണ്. വിസ്താരം കഴിയുമ്പോൾ മാത്യു ബാഗ് ഓമനയെ ഏൽപ്പിക്കുന്നു. തണുത്തുവിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവർക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാൻ കഴിയില്ല. ചിത്രത്തിന്റെ അടിത്തറതന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പരബഹുമാനമാണ്, dignity ആണ്. അത് മാത്യുവും ഓമനയും ചാച്ചനും തങ്കനും മകളും വക്കിലും എല്ലാവരും പരസ്പരം പ്രകടിപ്പിക്കുന്നുണ്ട്. അതിശയോക്തിയില്ലാത്ത, ആർദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണ്.
പിന്നെ മമ്മൂക്ക- ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങൾ എനിക്ക് എന്നും ഒരു വിസ്മയയാണ് – തനിയാവർത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോൾ കാതലും. മറ്റുള്ള നടീനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരം.
Love you all
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച കാതൽ തിയേറ്ററിൽ മികച്ച പ്രതികരണം നേടിയതിന് ശേഷം ഒടിടിയിൽ എത്തിയിരുന്നു. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]