
തൃശ്ശൂർ: കാവ്യജാലകം യു ട്യൂബ് ചാനലിലൂടെ തകർത്താടിയ അമ്മയും മകളും, സ്കൂൾ കലോത്സവ കലാപ്രതിഭയും പ്രശസ്ത വയലിനിസ്റ്റുമായ പേരക്കുട്ടികൾ. ഇവർ സിനിമയോടുള്ള അഭിനിവേശം കാരണം പരീക്ഷണാടിസ്ഥാനത്തിൽ തയ്യാറാക്കിയ സിനിമ യു ട്യൂബ് ചാനലിൽ കണ്ടത് 53,000 പേർ. ഇത് നല്ല തുടക്കമാണെന്നറിഞ്ഞ് സിനിമ സെൻസർഷിപ്പിന് അയച്ചു.ഒക്ടോബർ 27-ന് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയ ‘രണ്ടാം പ്രണയ മഹായുദ്ധം’ എന്ന കൊമേഴ്സ്യൽ സിനിമ തിയേറ്റർ റിലീസ് കാത്തിരിക്കുന്നു. ഒന്നരമണിക്കൂർ സിനിമയ്ക്ക് 36 ലക്ഷം രൂപ ചെലവിട്ടു.
കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് ജി.എഫ്.എൽ.പി. സ്കൂളിൽനിന്ന് പ്രഥമാധ്യാപികയായി വിരമിച്ചയാളാണ് ഐഷാബി. ഇവർക്കിപ്പോൾ പ്രായം 77. മേത്തല ഗവ. യു.പി. സ്കൂളിൽനിന്ന് പ്രഥമാധ്യാപികയായി വിരമിച്ച മകൾ ജാസ്മിൻ കാവ്യ. 57 വയസ്സുള്ള മകളും അമ്മയും ചേർന്ന് യു ട്യൂബിൽ ഇതുവരെയിട്ടത് 50 റീൽസ്.റീൽസ് ഹിറ്റായതോടെയും ജോലി എന്ന കടമ്പ ഇല്ലാതായതോടെയും അമ്മയും മകളും സിനിമയെക്കുറിച്ച് ചിന്തിച്ചു. കൊടുങ്ങല്ലൂർ കോതപറമ്പിലെ വീട്ടിൽ നടന്ന സിനിമാചർച്ചയ്ക്കൊടുവിൽ സിനിമ പിറവിയിലേക്ക്.
സ്ത്രീകളുടെ ഒറ്റപ്പെടലും ഏകാന്തതയും പ്രമേയമാക്കിയുള്ള സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ജാസ്മിൻ നിർവഹിച്ചു. നിർമാതാവ് െഎഷാബി. ഒരു പാട്ടെഴുതിയതും ജാസ്മിൻ. ജാസ്മിന്റെ മൂത്തമകൻ ഷാരോണും ജാസ്മിനും അമ്മയും അഭിനയിച്ചു. ഇളയമകൻ ഷിമോൺ പശ്ചാത്തലസംഗീതമൊരുക്കി.നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്, ജാസ്മിൻ. ഹെലൻ, തൊട്ടപ്പൻ, നുണക്കുഴി തുടങ്ങി 15 സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.
കാൺപുർ െഎ.െഎ.ടി.യിൽനിന്ന് ബിരുദാനന്തരബിരുദം നേടി ഇപ്പോൾ എ.ഐ. അധിഷ്ഠിത പഠനം നടത്തുന്ന ഷാരോൺ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവസാന കലാപ്രതിഭയാണ്. തൈക്കുടം ബ്രിഡ്ജിൽ വയലിനിസ്റ്റാണ് സംഗീതജ്ഞൻ ഷിമോൺ. ജാസ്മിന്റെ ഭർത്താവ്, മഹാരാജാസ് കോളേജിൽനിന്ന് വിരമിച്ച ഡോ. ഇ.എസ്. റഷീദ് പൂർണപിന്തുണ നൽകി. സിനിമ പുറത്തിറക്കാത്തതെന്തെന്ന് ജാസ്മിന്റെ സഹപാഠികൾ ചോദിച്ചതോടെയാണു യു ട്യൂബിലിട്ടത്.കലാലയക്കൂട്ടായ്മയായ ‘ക്രിയേറ്റീവ് അസ്മാബി’ ഇത് ഏറ്റെടുത്തു. 53,000 പേർ സിനിമ കണ്ടതോടെയും മിക്കവരും നല്ല അഭിപ്രായം പറഞ്ഞതോടെയുമാണ് സെൻസർഷിപ്പിനയച്ചത്. പ്രദർശിപ്പിക്കാനും വിതരണത്തിനും ആളെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കലാകുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]