ഹൈദരാബാദ്: വധഭീഷണികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയില്‍ ബോളിവുഡ് നടന് സല്മാന് ഖാന്റെ ഷൂട്ടിങ്. പുതിയ ചിത്രമായ സിക്കന്ദറിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലെത്തിയ നടന് ഫോര്‍ ടയര്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. താരം താമസിക്കുന്ന ഹോട്ടലിലും ഷൂട്ടിങ് സെറ്റിലുമെല്ലാം പഴുതടച്ച സുരക്ഷയാണുള്ളത്. നേരത്തേ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റേതുള്‍പ്പെടെ നിരവധി വധഭീഷണികള്‍ സല്മാന് ഖാനെതിരേ ഉയര്‍ന്നിരുന്നു.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷയ്ക്ക് പുറമേ സ്വകാര്യ ഏജന്‍സികളും ബോളിവുഡ് നടന് സുരക്ഷയൊരുക്കുന്നുണ്ട്. സല്മാന് താമസിക്കുന്ന ഹോട്ടലില്‍ മറ്റുള്ളവര്‍ക്ക് മുറികള്‍ ബുക്ക് ചെയ്യുന്നതിന് തടസ്സമില്ല. എന്നാല്‍ ഹോട്ടലില്‍ പ്രവേശിക്കുന്നവര്‍ വിവിധ സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. ഹോട്ടലില്‍ ഷൂട്ടിങ് നടക്കുന്ന സന്ദര്‍ഭങ്ങളില്‍ ആ സ്ഥലങ്ങളിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല. ഹോട്ടലിലെ ജീവനക്കാരുള്‍പ്പെടെ സുരക്ഷാപരിശോധനകള്‍ക്ക് വിധേയരാകണം.
നഗരത്തിലെ താജ് ഫലക്നുമ പാലസ് ഹോട്ടലിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഹോട്ടലിന്റെ ഒരു ഭാഗത്ത് മാത്രമാണ് ചിത്രീകരണം നടക്കുന്നതെങ്കിലും ഹോട്ടല്‍ മുഴുവനായി സുരക്ഷാവലയത്തിലാണ്. ഹോട്ടലുകാരുടെ പരിശോധനക്ക് പുറമേ സല്‍മാന്റെ സുരക്ഷയ്ക്കായെത്തിയ ഏജന്‍സികളുടെ പരിശോധനയുമുണ്ട്. ഇത് കഴിഞ്ഞുവേണം ഹോട്ടലില്‍ കടക്കാന്‍. അത് മാത്രമല്ല മുന്‍കൂട്ടി അനുമതിയും വേണം. ഐ.ഡി കാര്‍ഡുകളുള്‍പ്പെടെ പരിശോധിക്കും.
അമ്പത് മുതല്‍ എഴുപത് വരെ സുരക്ഷാഉദ്യോഗസ്ഥര്‍ എപ്പോഴും സല്‍മാന്റെ സുരക്ഷയ്ക്കായുണ്ടാകും. ഒരു മുന്‍ പാരാമിലിട്ടറി ഉദ്യോഗസ്ഥനുള്‍പ്പെട്ട പ്രൈവറ്റ് സെക്യൂരിറ്റി, സല്‍മാന്റെ ബോഡിഗാര്‍ഡായ ഷെറ തിരഞ്ഞെടുത്ത സുരക്ഷാസംഘം എന്നിവര്‍ക്ക് പുറമേ ഹൈദരാബാദ് പോലീസും മുംബൈ പോലീസും സുരക്ഷയൊരുക്കുന്നുണ്ട്. അത്തരത്തില്‍ 4-ടയര്‍ സുരക്ഷാ വലയത്തിന് നടുവിലാണ് ബോളിവുഡ് സൂപ്പര്താരമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ട് മുംബൈ പോലീസ് ട്രാഫിക് കണ്ട്രോള് റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്ക് സല്മാന് ഖാനെതിരേ വധഭീഷണി സന്ദേശമെത്തിയിരുന്നു. സല്മാന് ജീവന് നഷ്ടമാകാതിരിക്കാന്‍ ഒന്നുകില്‍ മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ചുകോടിരൂപ നല്‍കണം എന്നാണ് സന്ദേശത്തില്‍ പറയുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഷ്ണോയി സമുദായം ആദരിക്കുന്ന കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ താനുള്‍പ്പെട്ട ബിഷ്ണോയി സമുദായം സല്മാനെതിരാണെന്നും തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സല്മാന്ഖാന് മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും നേരത്തേ ലോറന്‍സ് ബിഷ്ണോയ് ഭീഷണിമുഴക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]