
(ചിത്രഭൂമിയില്‍ നേരത്തെ പ്രസിദ്ധീകരിച്ചത്)
ഈ ജീവിതസായാഹ്നത്തില്‍ ഒരു അനാഥമന്ദിരത്തില്‍ അന്തേവാസിയായെത്തിപ്പെടുമെന്നു മാധവന് ഒരിക്കലും വിചാരിച്ചിരുന്നതല്ല. പക്ഷെ തന്റെ ജീവിതത്തിലേക്ക് ഒന്നും തിരിഞ്ഞുനോക്കുമ്പോള്‍ ഇങ്ങിനെ ഏതെങ്കിലും ഒരു ദേവസാന്നിധ്യമണ്ഡലത്തില് താന്‍ എത്തിചേരേണ്ടതാണെന്നും മാധവന് തോന്നുന്നു. അല്ലെങ്കില്‍ വിവാഹത്തിനു മുമ്പ് തന്നെ സന്യാസം എന്ന ചിന്ത വന്നതെന്തിനായിരുന്നു. ചിന്മയാ മിഷന്റെ മുംബൈയിലുള്ള ആസ്ഥാനത്ത് ആറുമാസം താമസിച്ച് സന്യാസദീക്ഷ എടുക്കാന്‍ പോയതെന്തിനായിരുന്നു.
ഈ അവസാന കാലത്ത് എല്ലാവരും എതിര്‍ത്തിട്ടും ഹരിദ്വാരിലേക്ക് വിമാനം കയറിയതും ശിഷ്ടജീവിതം അവിടെയാണെന്ന് തീരുമാനിച്ചതും തന്റെ മനസ്സിലെ ഭൗതികാഗ്രഹങ്ങള്ക്കൊപ്പം എന്നോ കുടിയേറിയ ആത്മീയ ചിന്താധാരകള്‍ കൊണ്ടു തന്നെയായിരുന്നു. പക്ഷെ അവിടം കൊണ്ടവസാനിച്ചില്ല കാര്യങ്ങള്‍. കാശിയുടെ തീരത്തു നിന്നു മടക്കയാത്ര. പത്തനാപുരത്തെ ഗാന്ധിഭവനില്‍ എത്തിചേര്‍ന്നിരിക്കുന്നു. തെരുവിലേക്ക് വലിച്ചെറിയപ്പെട്ട, ആരോരുമില്ലാത്ത ജീവിതങ്ങള്‍ക്കൊപ്പം സര്‍വമത പ്രാര്‍ഥനയും സാഹോദര്യവും സേവനവും കൊണ്ടുള്ള യഥാര്‍ഥ ആത്മീയതയുടെ പാതയില്‍.
അതേ ഞാനിപ്പോ ഹാപ്പിയാണ്. ഇവിടെ വരുമ്പോള്‍ നല്ല ക്ഷീണമുണ്ടായിരുന്നു. അസ്വസ്ഥകള്‍ ഉണ്ടായിരുന്നു. എന്താ ചെയ്യാ എന്ന ആലോചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ തേടി നടന്ന ശാന്തിയുടെ മാര്‍ഗ്ഗം ഇതാണ്. എനിക്കൊരു ഊര്‍ജ്ജം കിട്ടുന്നുണ്ട്. വീണ്ടും സിനിമയിലേക്കും സീരിയലിലേക്കും പലരും വിളിച്ചിട്ടുണ്ട്. ഇവിടെ താമസിച്ച് വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ഞാന്‍. ഒപ്പം ഈ ഗാന്ധി ഭവന്റെ ഭാഗവും.
ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു സിനിമ പോലെയാണ്. 600 ഓളം ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളിലായി എന്നും സിനിമയ്ക്കൊപ്പമായിരുന്നു ഈ ജീവിതം. താരസംഘടന അമ്മയുടെ സെക്രട്ടറിയായും കുറേക്കാലം പ്രവര്‍ത്തിച്ചു. എന്നാല്‍ നാല്‍പ്പതാം വയസ്സിലാണ് സിനിമയിലേക്കെത്തുന്നത്. ബിരുദാനന്തര ബിരുദത്തിനു ശേഷം പട്ടാളത്തിലേക്കാണ് ആദ്യം പോയത്. ആറുമാസത്തിനു ശേഷം കൈയൊടിഞ്ഞ് ആസ്പത്രിയിലായതോടെ അതിനു ഗുഡ്ബൈ പറയേണ്ടി വന്നു. പിന്നെ പത്രപ്രവര്‍ത്തകനായി മുംബൈയില്‍.
ഇന്ത്യന്‍ എക്സ്പ്രസില്‍ 175 രൂപയായിരുന്നു ശമ്പളം. പിന്നെ ബംഗളൂരുവില്‍ പരസ്യകമ്പനിയിലേക്ക് മാറി. അവിടെ 400 രൂപ ശമ്പളം. കല്‍ക്കത്തയിലേക്ക് കുടിയേറിയതാണ് മാധവന്റെ സിനിമാലോകത്തേക്കുള്ള പ്രവേശനത്തിന് വഴി തുറന്നത്. അതിനു മുമ്പ് സിനിമ ഒരു മോഹമായി ഉള്ളില്‍ തന്നെയുണ്ടായിരുന്നു. മുംബൈയില്‍ ഋഷികപൂറിനെ ഒരു നോക്കുകാണാന്‍ പോയി നിന്നതെല്ലാം ആ ഓര്‍മ്മയിലുണ്ട്. നടന് മധു കല്‍ക്കത്തയില്‍ വന്നപ്പോ അദ്ദേഹത്തെ പരിചയപ്പെട്ടതാണ് ഈ ജീവിതത്തെ മാറ്റിമറിച്ചത്.
കല്‍ക്കത്തയില്‍ ഒരു തെരുവിലൂടെ നടക്കുന്ന മധുവിന്റെ പിന്നില്‍ തട്ടി വിളിക്കുകയിരുന്നു. അന്ന് തിരിഞ്ഞ് നോക്കി ചിരിച്ച ആ സൗഹൃദത്തില്‍ നിന്നാണ് തുടക്കം. പ്രിയ എന്ന ചിത്രത്തിനു വേണ്ടി നായികയെ അന്യേഷിച്ച് വന്നതായിരുന്നു മധു. അന്നു സഹായവുമായി കൂടെ കൂടി. പിന്നെ ഒരാത്മബന്ധമായി വളര്‍ന്നു. പിന്നീട് ബംഗളൂരുവില്‍ കാമം ക്രോധം മോഹം, അക്കല്ദാമ തുടങ്ങിയ ചിത്രങ്ങളുമായി മധു വന്നപ്പോഴും കൂടെ നിന്നു. ചിത്രത്തിലൊരു വേഷവും. പിന്നെ അവിടുന്നങ്ങോട്ട് മിക്ക ചിത്രങ്ങളിലും ചെറിയ ചെറിയ വേഷങ്ങള്‍
ബാലചന്ദ്രമേനോന്റെ കലികയിലെ ചട്ടുകാലന്റെ വേഷത്തോടെയാണ് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലേക്ക് ചുവടുമാറുന്നത്. ജഡ്ജി, ബ്രാഹ്മണന്, കാര്യസ്ഥന്, വക്കീല്‍, വേലക്കാരന്, മാനേജര്‍, ഡോക്ടര്‍, സൈക്യാട്രിസ്റ്റ്, അങ്ങിനെ ഒരു കഥാപാത്രത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരു കാലത്ത് മാധവന്റെ മുഖമായിരുന്നു സംവിധായകരുടെ മനസ്സില്‍ ആദ്യം തെളിയുന്നത്. ചെറിയ വേഷങ്ങളാണെങ്കിലും പ്രേക്ഷക മനസ്സില്‍ കുടിയേറുന്നവയായിരുന്നു മിക്കതും.
അയാള്‍ കഥയെഴുതുകയാണിലെ പൈങ്കിളി നോവലിസ്റ്റിന്റെ ആരാധകനായ പോലീസ് ഇന്‍സ്പെക്ടര്‍, ആറാംതമ്പുരാനിലെ ഷാരോടി, സന്ദേശത്തിലെ പോലീസ് ഓഫീസര്‍, ഉദയനാണ് താരത്തിലെ ഭാസ്കരേട്ടന്, നരസിംഹത്തിലെ രാമന്നായര്, പത്രത്തിലെ ഹരിവംശലാല് പന്നാലാല്‍, അങ്ങിനെ പെട്ടെന്ന് ഓര്മ്മയിലോടിയെത്തുന്ന കഥാപാത്രങ്ങളുടെ ലിസ്റ്റ് തന്നെ നീട്ടാം. ഹരിവംശലാലിനെ അവതരിപ്പിക്കാന്‍ വന്നപ്പോള്‍ തിരക്കഥാകൃത്ത് രണ്‍ജിപണിക്കര്‍ പറഞ്ഞ വാക്കുകള്‍ മാധവേട്ടന് ഒരാവാര്ഡായി കൊണ്ടു നടക്കുന്നു. വേഷപകര്‍ച്ചയുള്ള നടന് എന്നായിരുന്നു അത്.
സിനിമയിലേക്ക് കയറിയതോടെ മറ്റൊരു ജീവിതം മാധവനു നഷ്ടമായി. കുടുംബജീവിതമായിരുന്നു അത്. വലിയൊരു കമ്പനിയുടെ എം ഡിയായിരുന്നു അവര്‍. ഞാന്‍ സിനിമയിലേക്ക് പോവുന്നത് അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. സിനിമയില്‍ പോയതില്‍ പിന്നെ ഡിവോഴ്സ് നോട്ടീസ് കിട്ടി. ആ ബന്ധം തകര്‍ന്നു. പക്ഷെ കാലത്തിന്റെ കളിയായിരിക്കാം. മകന് രാജകൃഷ്ണമേനോന് എത്തിപ്പെട്ടതും സിനിമാ ലോകത്താണ്.
‘എന്നെ പോലെ തന്നെ പരസ്യങ്ങളുടെ ലോകത്തായിരുന്നു ആദ്യം. ഇപ്പോള്‍ എയര്‍ലിഫ്റ്റ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായി തെളിയിച്ചു.’ മകനെ കുറിച്ച് പറയുമ്പോള്‍ ആ മുഖത്ത് അഭിമാനമുണ്ട്. അവരാരും തിരിഞ്ഞുനോക്കാത്തതില്‍ പക്ഷെ തെല്ലും പരിഭവമില്ല. അവന്റെ പന്ത്രണ്ടാം വയസ്സില്‍ പിരിഞ്ഞതാണ് ഞങ്ങള്‍. പിന്നെ അവന് അമ്മയുെട മാത്രം മോനാണ്. അതങ്ങിനെയിരിക്കട്ടെ. ദേവിക എന്ന മോളുമുണ്ട് ഈ ദമ്പതികള്‍ക്ക്.
പണ്ട് സിനിമയിലെ സുഹൃത്തുക്കള്‍ ടി പി എന്ന ഇനീഷ്യല്‍ വെച്ച് തല്ലിപ്പൊളി മാധവന് എന്നു കളിയാക്കാറുണ്ടായിരുന്നു. തന്തയ്ക്ക് പിറന്നവന് എന്നും അതിനര്ഥമുണ്ടെന്നു ഞാന്‍ തിരുത്തും. സിനിമയില്‍ കാറുമായി അഭിനയിക്കാന്‍ വന്നയാള്‍ എന്നായിരുന്നു അന്ന് പലരും എന്നെ വിശേഷിപ്പിക്കുന്നത്. അച്ഛന് എസ് വി പിള്ള കേരള സര്‍വ്വകലാശാലയില്‍ ഡീന്‍ ആയിരുന്നു. അമ്മ സരസ്വതി എഴുത്തുകാരിയായിരുന്നു. ടി എന്‍ ഗോപിനാഥന് നായര്‍ എന്റെ അമ്മാവനാണ്. സിനിമയിലേക്ക് വരുന്നത് ഇവര്‍ക്കൊന്നും ഇഷ്ടമായിരുന്നില്ല. അതുകൊണ്ടാണ് എം എ വരെ പഠിച്ചതും ജോലിയില്‍ പ്രവേശിച്ചതുമെല്ലാം. 40 എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ടേണിങ് പോയിന്റാണ്. എന്റെയും സിനിമയിലേക്ക് പോവാമെന്നു തീരുമാനിച്ചത് അപ്പോഴാണ്.
ഹരിദ്വാര്‍ യാത്ര എന്തിനായിരുന്നു.
ഞാന്‍ എറണാകുളത്തായിരുന്നു താമസം. അതു വിട്ട് തിരുവനന്തപുരത്തേക്ക് താമസം മാറ്റാമെന്നു കരുതി. തിരുവനന്തപുരത്തെത്തിയപ്പോള്‍ തുടങ്ങി അസുഖങ്ങള്‍. മൂത്രാശയസംബന്ധിയായിരുന്നു അസുഖങ്ങള്‍. കയ്യിലുണ്ടായിരുന്ന ഡ്രസ്സടക്കം എല്ലാം നഷ്ടപ്പെട്ടു. അങ്ങിനെയാണ് ഹരിദ്വാറില്‍ ഒരു ആശ്രമത്തിലേക്ക് തിരിക്കുന്നത്. അവിടെയെത്തിയപ്പോള്‍ ഒരു രാത്രി ഞാന്‍ കട്ടില് നിന്നു താഴെ വീണു. വീണ കിടപ്പില്‍ ഞാന്‍ നോക്കിയപ്പോള്‍ ഒരു കൈ പൊങ്ങുന്നുണ്ട്. ഞാന്‍ മൊബൈലില്‍ ആശ്രമാധിപതിയെ വിളിച്ചു. അവര്‍ വന്നാണ് ആസ്പത്രിയിലാക്കുന്നത്. പിന്നെ അവിടെയുള്ളൊരു ബന്ധുവും എത്തി. വിവരമറിഞ്ഞ് അമേരിക്കയിലുള്ള സഹോദരിയും വന്നു. സമയത്ത് ചികിത്സ കിട്ടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. അങ്ങിനെയാണ് വീണ്ടും തിരുവനന്തപുരത്തെത്തുന്നുന്നത്. സീരിയല്‍ സംവിധായകനായ പ്രസാദ് നൂറനാടാണ് പത്തനാപുരം ഗാന്ധിഭവനെ പറ്റി പറയുന്നത്.
ഇവിടെ വന്നു കണ്ടപ്പോള്‍, ഞാന്‍ അന്യേഷിച്ചു നടന്ന സ്ഥലത്തെത്തിയപോലെ. ഇനി ജീവിതം ഇവര്‍ക്കൊപ്പം. ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്നു ചോദിക്കുമ്പോള്‍ കുറച്ചുകൂടി പറയാനുണ്ട്. ശിഷ്ടജീവിതം അതിനുള്ളതാവട്ടെ.മാധവന് പറഞ്ഞുനിര്‍ത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]