
നാടോടിക്കാറ്റ്, സന്ദേശം, കളിക്കളം, വിയറ്റ്നാം കോളനി, അയാള്‍ കഥയെഴുതുകയാണ്, ലേലം, നരസിംഹം, അനന്തഭദ്രം…നാല്പതാം വയസ്സില്‍ തുടങ്ങിയ അഭിനയം കാലചക്രത്തിന്റെ പൂര്‍ണതയിലെത്തുമ്പോള്‍ ടി.പി മാധവന്റെ ക്രെഡിറ്റിലുണ്ടായിരുന്നത് അറുനൂറോളം സിനിമകള്‍! ടി.പി മാധവന് എന്ന നടന്റെ സാന്നിധ്യമറിയിക്കാതെ മലയാളസിനിമകള്‍ ഇറങ്ങാത്ത ഒരു കാലമുണ്ടായിരുന്നു. അച്ഛനായും കാര്യസ്ഥനായും അമ്മാവനായും ക്ലര്‍ക്കായും ജഡ്ജിയായും വക്കീലായും വന്ന് ടി.പി മാധവന് പലപല വേഷങ്ങളില്‍ വന്ന് സ്വതസിദ്ധമായ നര്‍മവും ഗൗരവവും സമകാലികതയും അവതരിപ്പിച്ചു. സ്വഭാവനടന്മാര്‍ സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് ഊണും ഉറക്കവുമില്ലാതെ പോയ്ക്കൊണ്ടിരുന്ന കാലം. പതിറ്റാണ്ടുകളോളം പ്രമുഖ സ്വഭാവനടന്മാരുടേതുകൂടിയായിരുന്ന സിനിമാക്കാലം ടി.പി മാധവന്റെയും സുവര്‍ണകാലമായിരുന്നു. 1975-ല്‍ പുറത്തിറങ്ങിയ ‘രാഗം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ടി.പി മാധവന് അമ്മയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയുമാണ്.
ആദ്യകാലങ്ങളില്‍ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ടി.പി മാധവന് പിന്നീട് തനിക്ക് ഹാസ്യവും വഴങ്ങുമെന്ന് തെളിയിച്ചു. വിടര്‍ന്ന മുഖവും കണ്ണുകളും ശരീരപ്രകൃതിയും ടി.പി മാധവന് ഹാസ്യം മിമിക്രിവേദികളില്‍ സ്ഥിരാനുകരണമായി. ഹാസ്യനടന്മാര്ക്ക് സ്ഥിരം സംഭവിക്കുന്നതുപോലെ മികച്ച വേഷങ്ങള്‍ മാധവന്റെ കരിയറില്‍ വൈകിയാണ് എത്തിയതെങ്കിലും അതെല്ലാം തന്നെ അവിസ്മരണീയമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു ടി.പി മാധവന്. അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ പോലീസുകാരന്, നരസിംഹത്തിലെ കാര്യസ്ഥന് തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ മോഹന്‍ലാല്‍ സിനിമകളില്‍ അദ്ദേഹത്തിന് വന്നുചേര്‍ന്നു.
നാടകാചാര്യന് ടി.എന്‍ ഗോപിനാഥന് നായരുടെ മരുമകനായിരുന്നു ടി.പി മാധവന് നായര്‍. സാഹിത്യപഞ്ചാനന്‍ പി.കെ നാരായണപ്പിള്ളയുടെ പേരക്കുട്ടിയും. ടി.പിയുടെ പിതാവ് എന്‍.പി പിള്ള കേരള സര്‍വകലാശാല ഡീന്‍ ആയിരുന്നു. സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദധാരിയായിരുന്ന ടി.പി മാധവന് അറുപതുകളില്‍ ജേണലിസ്റ്റായും ജോലി ചെയ്തിരുന്നു. ആ പരിചയത്തില്‍ നിന്നാണ് പരസ്യചിത്രമേഖലയില്‍ സംരംഭം തുടങ്ങുന്നത്. പരസ്യചിത്രമാണ് ടി.പിയെ മലയാളസിനിമയിലേക്കെത്തിച്ചത്. ബോളിവുഡ്ഡിലെ പ്രമുഖ സംവിധായകന് രാജകൃഷ്ണമേനോന് മകനാണ്. ദേവികയാണ് മകള്‍.
2015-ല്‍ ഹരിദ്വാര്‍ യാത്രയ്ക്കിടെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലാവുകയും ഒരാഴ്ചയോളം ആശുപത്രിയില്‍ ഐ.സിയുവിലുമായിരുന്നു. ആ സമയത്താണ് പക്ഷാഘാതമുണ്ടാവുന്നത്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയല്‍ സംവിധായകന് പ്രസാദ്, മാധവനെ ഗാന്ധിഭവനില്‍ എത്തിക്കുന്നത്. ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ആരും തയ്യാറാവാത്തതിനെത്തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗാന്ധിഭവനില്‍ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. അതോടെ അഭിനയജീവിതത്തില്‍ നിന്നും വിരമിക്കേണ്ടി വന്നു. ഒമ്പത് വര്‍ഷക്കാലം ഗാന്ധിഭവനില്‍ കഴിഞ്ഞു. തന്നെ കാണാന്‍ വന്ന സിനിമാക്കരോട് സ്നേഹവിശേഷങ്ങള്‍ പങ്കുവെച്ചു, ഓര്മ നശിക്കും വരെ. വ്യക്തി ജീവിതത്തില്‍ ഏറെ തിരിച്ചടികള്‍ നേരിട്ട കാലം കൂടിയായിരുന്നു അദ്ദേഹത്തിന് ഗാന്ധിഭവന് ജീവിതം. മകനുമായുണ്ടായിരുന്ന വൈകാരിക അകല്‍ച്ച പൊതുവിടത്തില്‍ ചര്‍ച്ചാവിഷയമായി. ആളുകള്‍ പക്ഷം തിരിഞ്ഞ് വേട്ടയാടിയപ്പോള്‍ ടി.പി മാധവന് മൗനം പാലിച്ചു. സിനിമ തന്നെയായിരുന്ന ടി.പി മാധവന് കുടുംബവും.
ഓര്മ നശിക്കുംമുമ്പ് തനിക്ക് ഒരിക്കല്‍കൂടി കാണാന്‍ ആഗ്രഹമുള്ളവരെക്കുറിച്ച് ടി.പി മാധവന് തന്നെക്കാണാന്‍ വന്നവരോടൊക്കെ സംസാരിച്ചു. പിന്നീട് വന്നവരെയൊന്നും അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞതുമില്ല. ആര് കാണാന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് ‘എന്നെക്കാണാന്‍ ആര് വരാന്‍’ എന്ന നിഷ്കളങ്കമായ മറുപടിയാണ് മാധവന് അന്ന് നല്‍കിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]