തോട്ടംമേഖലയിൽനിന്ന് ‘കോളിവുഡി’ന്റെ വെള്ളിവെളിച്ചത്തിലേക്ക് നടന്നുകയറുന്ന ഒരു യുവാവ്. വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശി രമേശ് കുമാറാണ് ‘ഇന്ത ക്രൈം തപ്പില്ലൈ’ എന്ന തമിഴ് സിനിമയിൽ നായകനായി അഭിനയിച്ചത്. വെള്ളിയാഴ്ച ചിത്രം പ്രദർശനത്തിനെത്തി. ഫോട്ടോഗ്രാഫർകൂടിയാണ് ഈ മുപ്പത്തെട്ടുകാരൻ.
തോട്ടം തൊഴിലാളികളായിരുന്ന ഷൺമുഖത്തിന്റെയും വള്ളിയമ്മയുടെയും പതിനൊന്ന് മക്കളിൽ ഇളയവനാണ് രമേശ്. പ്രാരാബ്ധങ്ങൾ നിറഞ്ഞതായിരുന്നു ജീവിതം. എപ്പോഴോ സിനിമയും ഫോട്ടോഗ്രഫിയും ഒരു സ്വപ്നമായി രമേശിന്റെ മനസ്സിൽ കടന്നുകൂടി. ഇതിനിടെ അച്ഛനമ്മമാർ അസുഖബാധിതരായി. അതിനാൽ, വളരെ ചെറുപ്പത്തിൽതന്നെ തോട്ടത്തിൽ പണിക്കിറങ്ങേണ്ടിവന്നു. ദിവസം 25 രൂപയായിരുന്നു അന്ന് വരുമാനം.
അപ്പോഴും സിനിമയോടും ഫോട്ടോഗ്രാഫിയോടുമുള്ള ഇഷ്ടം കൈവിട്ടില്ല. കൂട്ടുകാരന്റെ കൈയിൽനിന്ന് കടംവാങ്ങിയ ക്യാമറയുമായി സമയംകിട്ടുമ്പോൾ നാടുചുറ്റി. നല്ല ചിത്രങ്ങൾ എടുത്തു. ഫോട്ടോഗ്രഫിയാണ് ജീവിത മാർഗമെന്ന് മനസ്സിലാക്കി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൈയിൽനിന്ന് കടംവാങ്ങി വണ്ടിപ്പെരിയാർ ടൗണിൽ ഒരു സ്റ്റുഡിയോയിട്ടു.
കല്യാണം, പിറന്നാൾ, പൊതുപരിപാടികൾ…തിരക്കിന്റെ കാലമായിരുന്നു. ജീവിക്കാനുള്ള ഓട്ടത്തിനിടെ സിനിമ തേടി പോകാൻ സമയം കിട്ടിയില്ല.
ഫോട്ടോഗ്രഫി തന്ന അവസരം
ഇതിനിടെയാണ് നിയോഗംപോലെ ‘വിഷക്കത്തി’ എന്ന തമിഴ് സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറാകാനുള്ള അവസരം ലഭിച്ചത്. അതിൽ നല്ലൊരുവേഷം കിട്ടി. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്.
ഇതിനിടെയാണ് മാധുരി പ്രൊഡക്ഷൻസിന്റെ ബാനറിൽ വണ്ടിപ്പെരിയാർ ഗ്രാമ്പി സ്വദേശി ദേവകുമാർ സംവിധാനംചെയ്ത ‘ഇന്ത ക്രൈം തപ്പില്ലൈ’ എന്ന ചിത്രത്തിലേക്ക് നായകവേഷം കിട്ടുന്നത്. പ്രദേശവാസി തന്നെയായ സംവിധായകന് രമേശിൻറെ കഴിവിനെക്കുറിച്ച് അറിവുണ്ടായിരുന്നു.
പാലക്കാട്, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. തമിഴ്നാട്ടിലെ 100-ലധികം തിയേറ്ററുകളിലാണ് രമേശ് കുമാർ അഭിനയിച്ച ചിത്രം റിലീസായത്.
തങ്ങളുടെ ഇടയിൽനിന്ന് ഒരാൾ തമിഴ് സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത വണ്ടിപ്പെരിയാറുകാർ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. സിനിമയുടെ പോസ്റ്റർ പ്രകാശനം വിപുലമായി വണ്ടിപ്പെരിയാർ ടൗണിൽ നടത്തി. നാട്ടിൽനിന്ന് നിരവധിപേർ തമിഴ്നാട്ടിൽ പോയാണ് സിനിമ കണ്ടത്.
മേരിയാണ് രമേശ് കുമാറിന്റെ ഭാര്യ. മക്കൾ റീനസ്, ഇറിഷിബ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]