ആര്യനാട് കവലയിൽ സേതുമാധവനും കീരിക്കാടനും തമ്മിലുള്ള സംഘട്ടനരംഗം. ആൾക്കൂട്ടം തീർത്ത വലിയ വൃത്തത്തിനുള്ളിൽ അടിച്ചും തൊഴിച്ചും കത്തിവീശിയും പോരടിക്കുന്ന നായകനും പ്രതിനായകനും. കിരീടം സിനിമയിലെ ക്ലൈമാക്സ് രംഗത്തിൽ സേതുമാധവനു തൊട്ടുപിന്നിൽ കാണികൾക്കിടയിൽനിന്നുള്ള കലിപ്പൻനോട്ടം അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആര്യനാട് പഴയ കച്ചേരിനട ജെ.ആർ.വില്ലയിൽ സാലു ജസ്റ്റസാണ് ആ വൈറൽതാരം. കിരീടത്തിലെ വൈറൽരംഗത്തിനു പിന്നാലെ മോഹൻലാലിനൊപ്പം സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സാലു ജസ്റ്റസ്.
മോഹൻലാലിന്റെ കടുത്ത ആരാധകനാണ് സാലു. ആര്യനാട് കവലയിലായിരുന്നു കിരീടം സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്. സിനിമാക്കാർ വരുന്നു എന്നറിഞ്ഞപ്പോൾ അങ്ങേയറ്റം ആവേശമായിരുന്നു. ഇഷ്ടതാരം ലാലേട്ടനാണെന്ന് കൂടെയറിഞ്ഞപ്പോൾ എങ്ങനെയും ഷൂട്ടിങ് കാണാൻ പോകണമെന്നായിരുന്നു മനസ്സിൽ…സാലു പറയുന്നു.
അന്ന് ടി.ടി.സി. പഠിക്കുന്ന സമയം. ലാലേട്ടൻ എത്തുമ്പോൾ കവലയിൽ ആരാധകരെക്കൊണ്ട് നിറയുമെന്ന ചിന്തയിൽ ചിത്രീകരണദിവസം വളരെ നേരത്തെതന്നെ സാലു വീട്ടിൽനിന്നു പുറപ്പെട്ടു. നേരത്തെ എത്തിയാൽ മുൻനിരയിൽ ഇടംപിടിക്കാം ലാലേട്ടനെ നന്നായി കാണാൻ പറ്റും. അതായിരുന്നു മനസ്സിൽ. ചിത്രീകരണം തുടങ്ങിക്കഴിഞ്ഞപ്പോൾ ലാലേട്ടനെ കണ്ട ആവേശവും ആഹ്ലാദവും മറ്റൊരുതരത്തിലേക്കു മാറുകയായിരുന്നു.
സേതുമാധവനും കീരിക്കാടനും തമ്മിൽത്തല്ലുന്നതും കവലയിലെ വിൽപ്പനസാമഗ്രികൾ എടുത്തെറിയുന്നതുമെല്ലാം അതിശയത്തോടെയാണ് നോക്കിനിന്നത്. ഇതിനിടയിലാണ് തന്റെ മുൻപിലേക്ക് സേതുമാധവനും കീരിക്കാടനും എത്തുന്നത്. ലാലേട്ടനെ തല്ലുന്ന രംഗമൊക്കെ ഒരു ആരാധകനെന്നനിലയിൽ സഹിക്കാൻ കഴിയുന്നതായിരുന്നതല്ല. അത്തരത്തിൽ കീരിക്കാടനോടു ദേഷ്യം തോന്നിയ നിമിഷമാണ് ഇന്ന് ഈ രീതിയിൽ വൈറലായത്. താനൊരു കാഴ്ചക്കാരനായി അരിശത്തോടെ നോക്കിനിൽക്കുന്നതുപോലും അടുത്തിടെയാണ് തന്റെ ശ്രദ്ധയിൽപ്പെട്ടത്.
ആരാധകനിൽനിന്ന് അഭിനേതാവിലേക്ക്
രണ്ടുമാസം മുൻപാണ് ഒരു ഫെയ്സ്ബുക്ക് പേജിലൂടെ സേതുമാധവനു പിന്നിൽ നിൽക്കുന്ന തന്റെ കലിപ്പൻദൃശ്യം പ്രചരിച്ചത്. ആ രംഗത്തിൽ നായകനായ സേതുമാധവനെക്കാൾ രോഷം സാലു ജസ്റ്റസിനുണ്ടെന്ന് തോന്നും. സിനിമാക്കാരുടെ ഇടയിലും കലിപ്പന്റെ ‘വാർത്ത’ ചർച്ചാവിഷയമായി. കലാസംവിധായകൻ തിരുമല ബോബനാണ് സാലുവിനെക്കുറിച്ച് മോഹൻലാലിനെ അറിയിച്ചതും ഒടുവിൽ ഒരു കൂടിക്കാഴ്ചയിലേക്കു വഴിമാറിയതും. പാളയം മെൻസ് ഹോസ്റ്റലിൽ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ ലോക്കേഷനിൽ മോഹൻലാലും സാലു ജസ്റ്റസും കണ്ടുമുട്ടി. മോഹൻലാൽ ചേർത്തുപിടിച്ചനിമിഷം ഇന്നും സ്വപ്നതുല്യമാണെന്ന് സാലു പറയുന്നു. കൂടാതെ നേര് എന്ന സിനിമയിൽ മോഹൻലാലിനൊപ്പം പോലീസുകാരന്റെ വേഷം അഭിനയിക്കാനും സാലുവിന് അവസരം കിട്ടി. ആരാധകനിൽനിന്ന് അഭിനേതാവിലേക്കു നിനച്ചിരിക്കാതെ തേടിയെത്തിയ ഭാഗ്യമാണ് കിരീടമെന്ന് സാലു പറയുന്നു. കാട്ടാക്കട മംഗലത്തുകോണം സെയ്ന്റ് അലോഷ്യസ് സ്കൂളിലെ പ്രധാനാധ്യാപകനാണ് സാലു ജസ്റ്റസ്. നിലവിൽ തിരുമല കൈരളിനഗറിലാണ് താമസം.
Content Highlights: kireedam movie viral artist salu justus in mohanlal movie
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]