
പാർക്കിൻസൺസും മറവിരോഗവും കാരണം ബുദ്ധിമുട്ടിലായ നടി കനകലതയെ സന്ദർശിച്ച അനുഭവം പങ്കുവെച്ച് നടൻ അനീഷ് രവി. എത്രയോ ഇടങ്ങളിൽ തനിയ്ക്ക് അവസരങ്ങൾ നേടിത്തന്ന ആളാണ് കനകലതയെന്ന് അനീഷ് രവി സെഷ്യൽ മീഡിയയിൽ കുറിച്ചു. കനകലതയുടെ സഹോദരി വിജയകുമാരിയും സഹോദരന്റെ മകനും കുടുംബവും നടിയെ പൊന്നുപോലെയാണ് നോക്കുന്നത്. അതുകണ്ടപ്പോൾ ഒരുപാട് സന്തോഷമായെന്നും അനീഷ് കുറിച്ചു.
ഒരു പകലിന്റെ രണ്ടു പകുതികൾ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് അനീഷ് രവി കനകലതയെ സന്ദർശിച്ച കാര്യം പറഞ്ഞത്. എത്രപറഞ്ഞാലും മറ്റുള്ളവർക്ക് മനസിലാകാത്ത ചില ബന്ധങ്ങൾ കൂടിയുണ്ടെന്ന് അദ്ദേഹം എഴുതി. രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകൾ പറഞ്ഞുമൊക്കെ ഇരുന്ന തന്റെ നാവുകൾ ആ ദിവസത്തിന്റെ രണ്ടാം പകുതിയിൽ വറ്റി വരണ്ടത് പോലെ തോന്നി. കണ്ണുകൾ തുളുമ്പുന്നത് കൊണ്ടാവും ഇടയ്ക്കിടയ്ക്ക് തനിക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ലെന്നും അനീഷ് പറഞ്ഞു.
“എൻറെ അമ്മയായും ചേച്ചിയായും ഒക്കെ സ്ക്രീനിൽ വന്നു മാഞ്ഞ് പോയെങ്കിലും മനസിൽ മായാതെ നിൽക്കുന്ന അതിലും വലിയ ഒരു ആത്മ ബന്ധം ഉള്ളതുപോലെ എനിയ്ക്കു തോന്നുന്നു. അതാണ് ഇന്നലെ എന്നെ അവിടെ എത്തിച്ചത്. എത്രയോ ഇടങ്ങളിൽ എനിയ്ക്കവസരം നേടിത്തന്ന ആളാണ്. വിജയകുമാരി ചേച്ചിയും അപ്പുണ്ണിയും ചേച്ചിയെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷമായി. യാത്ര പറഞ്ഞിറങ്ങുമ്പോ ഓറഞ്ച് വാങ്ങാനായി ഞാൻ കൊടുത്ത പൈസ വാങ്ങാൻ കൂട്ടാക്കാതെ തിരികെ തരാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു മുടിമുറിച്ച നരകൾ വീണു തുടങ്ങിയ തലയിൽ ഉമ്മ വച്ചു കൊണ്ട് ഞാൻ പറഞ്ഞു, എന്ത് മാത്രം പൈസ തന്ന കൈ ആണിത്”. അനീഷ് കൂട്ടിച്ചേർത്തു.
കനകലതയുടെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയേക്കുറിച്ച് സഹോദരി വിജയമ്മ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. തീർത്തും ഭക്ഷണം കഴിക്കുന്നത് നിർത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോൾ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും അവൾ പറയില്ല. ഭക്ഷണം വേണോ എന്ന് ഞങ്ങളങ്ങോട്ട് ചോദിക്കും. നിർബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോൾ കഴിക്കും. ഇല്ലെങ്കിൽ തുപ്പിക്കളയും. അതുമല്ലെങ്കിൽ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ലെന്നും വിജയമ്മ പറഞ്ഞിരുന്നു.
ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2… തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളിൽ അവർ തന്റെ വേഷങ്ങൾ മികച്ചതാക്കി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവിൽ അഭിനയിച്ച ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]