
കൊച്ചി: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഭാഗികമായി പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹർജിയിൽ 13-ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കും. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ വാദം പൂർത്തിയായതിനെ തുടർന്നാണ് ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കിയത്.
റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മിഷൻ നൽകിയ ഉറപ്പിന്റെയും ലംഘനമാണെന്ന വാദമാണ് ഹർജിക്കാരൻ ഉന്നയിക്കുന്നത്. എന്നാൽ, ഹർജിപോലും നിലനിൽക്കുന്നതല്ലെന്ന് വിവരാവകാശ കമ്മിഷൻ വാദിച്ചു.
കേസിൽ കക്ഷിചേർന്ന സംസ്ഥാന വനിതാ കമ്മിഷനും വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് പുറത്തുവിടണമെന്ന് വാദിച്ചു. കേസിൽ കക്ഷിചേർന്ന ‘വുമൻ ഇൻ സിനിമ കളക്ടീ’വും ഇതേ നിലപാടാണ് സ്വീകരിച്ചത്.
‘വുമൻ ഇൻ സിനിമ കളക്ടീവി’ന്റെ ആവശ്യപ്രകാരമാണ് 2017-ൽ സർക്കാർ ഹേമ കമ്മിഷനെ നിയോഗിക്കുന്നത്. 2019-ൽ റിപ്പോർട്ട് കൈമാറി. എന്നാൽ, ഇത് പുറത്തുവിടാൻ സർക്കാർ തയ്യാറായില്ല. ഇതിനെ തുടർന്ന് മാധ്യമപ്രവർത്തകർ അടക്കം നൽകിയ അപേക്ഷയിലാണ് സ്വകാര്യതയിലേക്ക് കടക്കുന്ന ഭാഗം ഒഴിവാക്കി റിപ്പോർട്ട് നൽകാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]