
ഇന്ത്യൻ സിനിമയിലെ പുതിയ ബ്രഹ്മാണ്ഡ വിസ്മയമായി മാറുകയാണ് നാഗ് അശ്വിൻ – പ്രഭാസ് ടീമിന്റെ കൽക്കി 2898 എ.ഡി. കഥാപശ്ചാത്തലത്തിനൊപ്പം കഥാപാത്രങ്ങളുടെ ലുക്കും കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ സുപ്രീം യാസ്കിൻ എന്ന വില്ലൻ വേഷത്തിലെത്തിയ കമൽ ഹാസന്റെ ലുക്ക് ഇപ്പോൾ തരംഗമാണ്. ഈ കഥാപാത്രത്തിന്റെ കൺസെപ്റ്റ് ഡിസൈൻ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
ഒരിക്കൽ ചെയ്ത ശേഷം ഉപേക്ഷിച്ച ഡിസൈനാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. അജയ് ശ്രീകുമാർ എന്ന ഡിസൈനറാണ് കമൽ ഹാസന്റെ കഥാപാത്രത്തിനായുള്ള കൺസെപ്റ്റ് ഡിസൈൻ പുറത്തുവിട്ടിരിക്കുന്നത്. തല മുണ്ഡനംചെയ്ത് പ്രത്യേക വേഷഭൂഷാദികളണിഞ്ഞ് നിൽക്കുന്ന കമൽഹാസന്റെ രൂപമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളിലുള്ളത്.
തിരസ്കരിക്കപ്പെട്ട ഡിസൈൻ ആണെങ്കിലും തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വിജയമാണെന്ന് ചിത്രങ്ങൾക്കൊപ്പം അജയ് ശ്രീകുമാർ കുറിച്ചു. ഇത്രയും വലിയൊരു സിനിമയുടെ ചെറിയൊരു ഭാഗമാവാൻ കഴിഞ്ഞു. ഇങ്ങനെയൊരവസരം തന്നതിന് കമൽഹാസനോട് നന്ദി പറയുന്നു. ഞാൻ തുടക്കക്കാരനാണെങ്കിലും സമയമെടുത്ത് ഇതുപോലൊരു ഗംഭീര കഥാപാത്രത്തേക്കുറിച്ച് പറഞ്ഞുതന്ന സംവിധായകൻ നാഗ് അശ്വിനോടും പുതിയ പ്രതിഭകളെ പരീക്ഷിക്കുകയും ഇന്ത്യയിലെ യുവപ്രതിഭകളിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യുന്ന വൈജയന്തി മൂവീസിനോടും നന്ദി പറയുന്നുവെന്നും അദ്ദേഹം എഴുതി.
തന്റെ ലുക്കിനേക്കുറിച്ച് നാഗ് അശ്വിനുമായി ഒരുപാട് ചർച്ച നടത്തിയിരുന്നെന്ന് നേരത്തേ മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കമൽഹാസൻ പറഞ്ഞിരുന്നു. താനോ മറ്റേതെങ്കിലും നടനോ ചെയ്തിട്ടുള്ള ലുക്ക് ആവരുതെന്ന് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]