
പാമ്പാടി: നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, പാമ്പാടി – പൊത്തൻപുറം പ്രദേശങ്ങളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പാമ്പാടി ബ്ലോസം വാലീ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ബ്ലോസം വാലി ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ വച്ച് നടത്തിയ ചടങ്ങിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ആന്റണി ഉദ്ഘാടനം ചെയ്തു.
നിർധനരായ വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്ന വിദ്യാമൃതം പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഇതിൽ സ്കൂൾബാഗും, ഇതര പഠന ഉപകരണങ്ങളും ഉൾപ്പെടുന്നു. കെയർ ആൻഡ് ഷെയർ നടത്തിവരുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സുപ്രധാനമായ ഒന്നാണ് വിദ്യാമൃതം പദ്ധതി. നിർധനരായ കുട്ടികൾക്ക് പഠനസഹായം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടികളെ ബാധിച്ചിരിക്കുന്ന ഏതുതരം മാനസിക പ്രശ്നങ്ങളെയും ചികിത്സിക്കാനും അവയെ പരിഹരിക്കാനും അന്താരാഷ്ട്രതലത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സംരംഭമാണ് ബ്ലോസം വാലി ചൈൽഡ് ഡെവലപ്മെന്റ് സെന്റർ. ഏകദേശം 210 ഓളം കുട്ടികൾക്ക് വേണ്ട അടിസ്ഥാന സഹായങ്ങൾ ബ്ലോസം വാലി ഡോക്ടറുടെയും, തെറാപ്പിസ്റ്റുകളുടെയും മറ്റ് ജീവനക്കാരുടെയും സേവനത്താൽ നൽകിവരുന്നു.
ചടങ്ങിൽ ബ്ലോസം വാലി ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ ഫാ. കുര്യാക്കോസ് കടവുംഭാഗം, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർ റോബർട്ട് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]