
കോഴിക്കോട്: ആടുജീവിതം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ കാലം മുതൽ അവസാനിക്കുന്നതുവരെ അഭിനേതാക്കൾ ആരോഗ്യത്തോടെയിരിക്കണം എന്നത് തന്റെ ഒരു വലിയ പ്രാർത്ഥനയായിരുന്നു എന്ന് സംവിധായകൻ ബ്ലെസി. 2018-ൽ തുടങ്ങിയ ചിത്രീകരണം 2024 ലാണ് പൂർത്തിയായത്. ഒരു അമ്മയ്ക്ക് മകന്റെ ആരോഗ്യത്തിലുള്ള അതേ ആശങ്ക തനിക്ക് ഇവരുടെ കാര്യത്തിലും ഉണ്ടായിരുന്നു എന്നും ബ്ലെസി പറഞ്ഞു. മാതൃഭൂമി ബുക്സ് സംഘടിപ്പിച്ച ആടുജീവിതം സിനിമയുടെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പുസ്തക വായനയിലൂടെ തോന്നിയ ഹരവും അതിന്റെ ദൃശ്യ സാധ്യതകളെക്കുറിച്ച് ഉണ്ടായ ഭ്രാന്തമായ ചിന്തയിൽ നിന്നുമാണ് ഈ സിനിമയിലേക്ക് എത്തുന്നത് എന്ന് ബ്ലെസി പറഞ്ഞു. 2008ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം 2024-ൽ ഒരു സിനിമയാകുമ്പോൾ തോന്നുന്നത് ഇതൊരു സിനിമ ആയല്ലോ എന്ന സന്തോഷമാണ്. കാരണം, ഒരുപക്ഷേ ഈ സിനിമ തനിക്ക് നഷ്ടപ്പെട്ടേക്കാം എന്ന രീതിയിൽ നിരവധി പ്രതിസന്ധികളിലൂടെയാണ് ഈ സിനിമയുടെ ചിത്രീകരണം കടന്നുപോയത്. 2018 ൽ തുടങ്ങിയ സിനിമ 2022 -ലാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ഒരു വലിയ ഷെഡ്യൂളിലൂടെ ചിത്രം കടന്നുപോകുമ്പോൾ അതിൽ അഭിനേതാക്കൾ ആരോഗ്യത്തോടെയിരിക്കുക എന്നത് ഒരു വലിയ പ്രാർത്ഥന ആയിരുന്നു എന്നും ബ്ലെസി പറഞ്ഞു.
സിനിമയിലേക്കുള്ള ബ്ലെസിയുടെ യാത്ര എല്ലാവർക്കും ഒരു പ്രചോദനമാണെന്ന് പരിപാടിയിൽ പങ്കെടുത്ത എഴുത്തുകാരൻ ബെന്യാമിൻ അഭിപ്രായപ്പെട്ടു. “ആടുജീവിതം സിനിമയാകുന്നു എന്നുപറഞ്ഞ കാലം മുതൽ നിരവധി വേദികളിൽ ഈ സിനിമയെക്കുറിച്ച് എനിക്ക് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. വായനാ സമൂഹത്തിന് കൊടുത്ത വാക്ക് സഫലമായിരിക്കുന്നു . ഒരാൾക്ക് എങ്ങനെ ലക്ഷ്യത്തിൽ എത്തിച്ചേരാം എന്നതിന്റെ ഉദാഹരണമാണ് ഈ സിനിമ. ആടുജീവിതം സിനിമ എന്ന ലക്ഷ്യം സഫലമാവില്ലെന്ന് പറഞ്ഞ് പലരും നിരാശപ്പെടുത്തിയപ്പോഴും ലക്ഷ്യത്തിലേക്ക് മാത്രം നോക്കി നടന്ന വ്യക്തിയാണ് ബ്ലെസി. ലക്ഷ്യത്തിലേക്ക് എത്താൻ ശ്രമിക്കുന്ന എല്ലാവർക്കും, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് ബ്ലെസി.” ബെന്യാമിന്റെ വാക്കുകൾ.
ആടുജീവിതത്തിലെ പെരിയോനെ റഹ്മാനെ എന്ന ഗാനം ഗായകൻ ജിതിൻ രാജ് വേദിയിൽ പാടി. അഭിനേതാവായ കെ ആർ ഗോകുൽ, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ, മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ, എഡിറ്റർ മനോജ് കെ ദാസ് തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]