
‘ആടുജീവിതം’ സിനിമയ്ക്ക് വേണ്ടി നടത്തിയ മേക്കോവർ ചിത്രം പങ്കുവെച്ച് നടൻ ഗോകുൽ. സിനിമയിൽ ഹക്കീം എന്ന പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഞെട്ടിക്കുന്ന മേക്കോവർ ചിത്രം ചുരുങ്ങിയ നേരം കൊണ്ട് വെെറലായിരിക്കുകയാണ്.
തനിക്ക് ഇങ്ങനെയൊരു ശ്രമം നടത്താൻ പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്ൽ ആണെന്ന് ഗോകുൽ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ഗോകുലിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. താരങ്ങളും നടനെ പ്രശംസിച്ച് എത്തുന്നുണ്ട്. മേക്കോവറിനായി ഭക്ഷണം പോലും കഴിക്കാതെ ദിവസങ്ങളോളം കഴിഞ്ഞെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
‘ആടുജീവിതത്തിലെ ഹക്കീം ആകാൻ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യൻ ബെയ്ലിന്റെ ആത്മസമർപ്പണമാണ്. 2004-ൽ ദി മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവർ റെസ്നിക് എന്ന കഥാപാത്രത്തിനായി അദ്ദേഹം 28 കിലോയാണ് കുറച്ചത്. വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. ഇതെന്നെ ആഴത്തിൽ പ്രചോദിപ്പിച്ചു. ആ സിനിമയിൽ ബെയ്ലിന്റെ പ്രകടനം മൂലമാണ് ആ സിനിമ അറിയപ്പെട്ടതു തന്നെ. അദ്ദേഹത്തിൻ്റെ ആരാധകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ കഴിവിനും കലാസൃഷ്ടിക്കും ഞാൻ ഇത് സമർപ്പിക്കുന്നു’–ഗോകുൽ കുറിച്ചു.
അതേസമയം, തിയേറ്ററുകളിൽ അപരാജിത കുതിപ്പ് തുടർന്ന് മുന്നേറുന്ന ആടുജീവിതം നൂറുകോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്. വെറും ഒൻപത് ദിവസംകൊണ്ടാണ് ഈ ബ്ലെസി-പൃഥ്വിരാജ് ചിത്രം ആഗോളകളക്ഷനിൽ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ ഈ കളക്ഷൻ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം കരസ്ഥമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]