
പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകനും നടനുമായ എം. എ.
നിഷാദ്. നിഷാദിൻ്റെ പിതാവും ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായ പി.എം.
കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നുമാണ് അദ്ദേഹം കഥ തിരഞ്ഞെടുത്തിരിക്കുന്നത്. ദീർഘകാലം ക്രൈംബ്രാഞ്ച് എസ്.പിയായും, പിന്നീട് ഇടുക്കി എസ്.പിയായും പ്രവർത്തിച്ചു പോന്ന കുഞ്ഞിമെയ്തീൻ മധ്യമേഖല ഡി.ഐ.ജിയായും, ക്രൈംബ്രാഞ്ച് ഡി.
ഐ.ജിയായും പ്രവർത്തിച്ചതിന് ശേഷമാണ് സർവ്വീസ്സിൽ നിന്നും വിരമിച്ചത്. വിശിഷ്ട
സേവനത്തിന് രണ്ടു പ്രാവശ്യം ഇന്ത്യൻ പ്രസിഡൻ്റിൻ്റെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. സർവ്വീസ്സിൽ അദ്ദേഹത്തിൻ്റെ കേസന്വേഷണങ്ങൾ ഏറെ പ്രശസ്തമാണ്.
പ്രമാദമായ പല കേസ്സുകളുടേയും ചുരുളുകൾ അഴിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ്റെ കേസ് ഡയറിയിലെ ഒരു കേസ്സാണ് എം.എ. നിഷാദിന്റെ പുതിയ സിനിമയുടെ പ്രമേയം.
നിഷാദ് തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെയും നിഷാദ് അവതരിപ്പിക്കുന്നുണ്ട്.
പൂർണ്ണമായും ഇൻവസ്റ്റിഗേഷൻ ചിത്രമായിരിക്കുമിത്. മലയാളത്തിലെ പ്രമുഖരായ ഒരു സംഘം അഭിനേതാക്കൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഏപ്രിൽ പന്ത്രണ്ടിന് ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടത്തും. അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങളും ആ സമയം പ്രഖ്യാപിക്കും.
ഈ മാസം പതിമൂന്നിന് ചിത്രത്തിലെ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് മുൻ ഡി.ജി.പി. ലോക്നാഥ് ബഹ്റയുടേയും, റിട്ട.
ക്രൈംബ്രാഞ്ച് എസ്.പി. ഷാനവാസിൻ്റേയും സാന്നിദ്ധ്യത്തിൽ ഒരു പരിശീലന ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്.
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസ്സറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഏപ്രിൽ ഇരുപത്തിരണ്ടിന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ-വാഴൂർ ജോസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]