
ഗൗതം മേനോന്റെ ‘യേ മായ ചേസാവേ’ എന്ന ചിത്രത്തിലൂടെ 2010-ൽ അഭിനയരംഗത്തെത്തിയ സാമന്ത ഫെബ്രുവരിയിലാണ് കരിയറിലെ തന്റെ 15-ാം വര്‍ഷം പൂര്‍ത്തീകരിച്ചത്.
2010-ല്‍ അഭിനേതാവായി കരിയർ ആരംഭിച്ച സാമന്ത പിന്നീട് നിര്‍മാതാവ്, സംരംഭക, പോഡ്കാസ്റ്റ് ഹോസ്റ്റ്, ഫിറ്റ്നസ് താരം എന്നീ നിലകളിലും ശ്രദ്ധ നേടി. തൊഴിലിടത്തില്‍ ലിംഗഭേദമില്ലാതെ തുല്യവേതനം എന്ന ആശയം സിനിമാ മേഖലയിലും ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുന്ന കാലത്ത് സാമന്തയുടെ പ്രൊഡക്ഷന്‍ ഹൗസിൽ നിന്നിറങ്ങുന്ന ആദ്യ ചിത്രത്തില്‍ ലിംഗഭേദമന്യേ തുല്യവേതനം ഉറപ്പാക്കുമെന്ന് താരം പറഞ്ഞതായി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായിക.
തെലുങ്ക് സിനിമാ സംവിധായകയും എഴുത്തുകാരിയുമായ നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാമന്തയോടൊപ്പം മറ്റു രണ്ട് ഹിറ്റ് ചിത്രങ്ങളിൽ പ്രവര്‍ത്തിച്ചിട്ടുള്ള നന്ദിനി ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായുള്ള സംഭാഷണത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2023-ലാണ് ട്രലാല മൂവിങ് പിക്ചേര്‍സ് എന്ന പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതായി സാമന്ത അറിയിച്ചത്.
ട്രലാല മൂവിങ് പിക്ചേര്‍സിൻ്റെ ബാനറിൽ പുറത്തിറങ്ങുന്ന ‘ബന്ഗാരം’ എന്ന് പേരിട്ടിരിക്കുന്ന ആദ്യ ചിത്രത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തുല്യവേതനം നല്‍കുമെന്ന് സാമന്ത അറിയിച്ചിരുന്നു, നന്ദിനി റെഡ്ഡി പറഞ്ഞു. സാമന്തയെ നായികയാക്കി 2019-ല്‍ പുറത്തിറങ്ങിയ ‘ഒ-ബേബി’, സാമന്ത-സിദ്ധാര്‍ത്ഥ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി 2013-ല്‍ പുറത്തിറങ്ങിയ ‘ജബര്‍ദസ്ത്’ എന്നവ നന്ദിനി റെഡ്ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്.
സ്ത്രീയും പുരുഷനും തുല്യരാണെന്ന് ഓരോ നിമിഷവും തെളിയിച്ചുകൊണ്ടിരിക്കേണ്ടിവരികയാണെന്ന് സിനിമാ പ്രവര്‍ത്തകയായ മാധുരി ദീക്ഷിത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
‘സ്ത്രീകളെ സംബന്ധിച്ച്, അവര്‍ തുല്യരാണെന്ന് പറയാന്‍ വീണ്ടും വീണ്ടും സ്വയം തെളിയിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. നമുക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയും. നമുക്ക് അത് ചെയ്യാന്‍ കഴിയും. പക്ഷേ, എല്ലായ്പോഴും അത് തെളിയിക്കേണ്ടതുണ്ട്. അതെ, ഇപ്പോഴും ഒരു അസമത്വമുണ്ട്. ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ട്. അത് സംഭവിക്കാതിരിക്കാന്‍ നമ്മള് എല്ലാദിവസവും പ്രവര്‍ത്തിക്കേണ്ടതുണ്ട്’- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്സ് (IIFA) നടത്തിയ ‘ദ ജേണി ഓഫ് വിമന്‍ ഇന്‍ സിനിമ’ എന്ന പ്രത്യേക പരിപാടിയിൽ മാധുരി ദീക്ഷിത് പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]