
കവിതയുടെ ആത്മാവിലേക്ക് ഈണത്തെ ആവാഹിച്ചുവരുത്തുന്ന ഇന്ദ്രജാലക്കാരന്. ലഹരിയുടെ താഴ്വരയില് ഉന്മാദിയെപ്പോലെ അലയുന്ന അവധൂതന്. ഇണങ്ങിയും പിണങ്ങിയും വീണ്ടും ഇണങ്ങിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും സൗഹൃദം ആഘോഷമാക്കുന്ന വികാരജീവി. പല ഭാവങ്ങളില്‍, പല രൂപങ്ങളില്‍ വന്നു നിറയുന്നു മാനാമധുരൈ ബാലകൃഷ്ണന് ശ്രീനിവാസന് (എം.ബി.എസ്) എന്ന സംഗീത സംവിധായകന് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ മനസ്സില്‍. എന്നാല്‍ ഇതൊന്നുമല്ലാത്ത മറ്റൊരു എം.ബി.എസ് ഉണ്ട് സംവിധായകന് ലെനിന് രാജേന്ദ്രന്റെ ഓര്‍മ്മയില്‍. നിശബ്ദഗദ്ഗദം ഉള്ളിലൊതുക്കി, “മൗനങ്ങള്‍ പാടുകയായിരുന്നു” എന്ന ഗാനത്തിന്റെ സഞ്ചാരപഥങ്ങളിലൂടെ വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മകളിലേക്ക് തിരിച്ചുനടക്കുന്ന എം.ബി.എസ്. കൊച്ചുകുഞ്ഞിനെപ്പോലെ വികാരാധീനനാകും ആ നിമിഷങ്ങളില്‍ അദ്ദേഹം. ഭരതന്റെ അരങ്ങേറ്റ ചിത്രമായ `പ്രയാണ’ത്തില്‍ യേശുദാസും എസ്. ജാനകിയും പാടിയ ആ കാവ്യശകലത്തിന്റെ പിറവി നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മയായി മനസ്സില്‍ സൂക്ഷിച്ചിരുന്നു മരണം വരെ എം.ബി.എസ്.
സിനിമയിലെ അവസാന പാട്ടെഴുതാന്‍ ഒരുച്ചക്ക് ചെന്നൈയിലെ എം.ബി.എസ്സിന്റെ വസതിയില്‍ എത്തിയതാണ് വയലാര്‍. കവിതയും സംഗീതവും ലഹരിയും പതഞ്ഞൊഴുകിയ നിമിഷങ്ങള്‍. മേമ്പൊടിക്ക് പതിവുപോലെ ചില്ലറ കലഹങ്ങളും പിണക്കങ്ങളും. വാദപ്രതിവാദങ്ങള്ക്കിടയ്ക്കെപ്പോഴോ ക്രുദ്ധനായി ഇറങ്ങിപ്പോകാനൊരുങ്ങുന്നു വയലാര്‍. ഒപ്പം ഒരു പ്രഖ്യാപനവും: “പാട്ടെഴുതാന്‍ എനിക്ക് സൗകര്യപ്പെടില്ല; വേറെ ആളെ നോക്കിക്കൊള്ളൂ.” അന്ന് രാത്രി തന്നെ നാട്ടിലെത്തണം വയലാറിന്. പിറ്റേന്ന് ചങ്ങനാശ്ശേരിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനുണ്ട്. കൈവിട്ടുപോയാല്‍ പിന്നെ കവിയെ തിരിച്ചുകിട്ടുക എളുപ്പമല്ലെന്ന് നന്നായറിയാം ഭരതനും എം.ബി.എസ്സിനും. അടുത്ത ദിവസം റെക്കോര്‍ഡ് ചെയ്യേണ്ട പാട്ടാണ്. രണ്ടും കല്പ്പിച്ചു മുറ്റത്തിറങ്ങി വയലാറിനെ തടയുന്നു എം.ബി.എസ്. പാട്ടെഴുതിത്തന്നേ പോകാവൂ എന്ന് സംഗീതസംവിധായകന്. പറ്റില്ലെന്ന് വയലാര്‍.
തര്‍ക്കം മുറുകിയപ്പോള്‍ എം.ബി.എസിന്റെ ഭാര്യ സഹീദ ഇടപെടുന്നു. സ്നേഹത്തില്‍ പൊതിഞ്ഞ ക്ഷമാപണങ്ങള്‍ക്കും അപേക്ഷകള്‍ക്കുമൊടുവില്‍, പതിവുപോലെ വയലാറിന്റെ ഉള്ളിലെ കലാപകാരിയുടെ കീഴടങ്ങല്‍. “പെട്ടെന്ന് ഒരു കടലാസും പേനയും തരൂ. എഴുതി നോക്കട്ടെ” എന്നായി അദ്ദേഹം. സഹീദ കൊണ്ടുവന്നുകൊടുത്ത നോട്ട് ബുക്ക്, മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിന്മേല് തുറന്നുവെച്ച് വയലാര്‍ എഴുതുന്നു: “മൗനങ്ങള്‍ പാടുകയായിരുന്നു, കോടിജന്മങ്ങളായ് നമ്മള് പരസ്പരം തേടുകയായിരുന്നു; വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന നിന് അന്തരംഗത്തിന് മടിയില്‍, എന്റെ മോഹങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഇന്നൊരേകാന്ത പഞ്ജരം കണ്ടൂ ഞാന്‍..” പാട്ടിന്റെ പല്ലവിയും ആദ്യ ചരണവും എഴുതിത്തീര്‍ത്ത ശേഷം നോട്ട് ബുക്ക് മടക്കി എം.ബി.എസ്സിനെ ഏല്‍പ്പിച്ച് വയലാര്‍ പറഞ്ഞു: “ഒരു ചരണം കൂടി എഴുതാനുണ്ട്. നാട്ടിലെത്തിയ ഉടന്‍ ഫോണില്‍ വിളിച്ചു പറഞ്ഞുതരാം. തല്ക്കാലം ഇത് ചിട്ടപ്പെടുത്തിവെക്കൂ.” കലഹവും വാഗ്വാദങ്ങളും കൊണ്ട് കലുഷമായ ആ സൗഹൃദകൂട്ടായ്മ അങ്ങനെ പൊട്ടിച്ചിരിയിലും സ്നേഹാശ്ലേഷങ്ങളിലും അവസാനിക്കുന്നു. ഒടുവില്‍, നമുക്കൊരുമിച്ച് ഇനിയും പാട്ടുകളുണ്ടാക്കാം എന്ന വാഗ്ദാനത്തോടെ വയലാറിന്റെ വിടവാങ്ങല്‍.
കവിയുടെ അവസാന യാത്രാമൊഴിയാകുമതെന്ന് ചിന്തിച്ചിരിച്ചിരിക്കില്ല ആരും. `പ്രയാണ’ത്തിലെ ആ ഗാനം പൂര്‍ത്തിയാക്കാന്‍ യോഗമുണ്ടായില്ല വയലാറിന്. നാട്ടിലെത്തി ഏറെക്കഴിയും മുന്‍പ് രോഗാതുരനായ വയലാര്‍ 1975 ഒക്ടോബര്‍ 27 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരണത്തിനു കീഴടങ്ങുന്നു. അവസാന വരികള്‍ എഴുതിക്കിട്ടാതെ ആ ഗാനം ചിട്ടപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതാണ് എം.ബി.എസ്; പക്ഷേ ഭരതന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആ വാശി ഉപേക്ഷിക്കേണ്ടി വന്നു. “ഇന്നും ആ പാട്ടിന്റെ അപൂര്‍ണ്ണത എന്നെ അസ്വസ്ഥനാക്കുന്നു. എന്റെ മോഹങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഇന്നൊരേകാന്ത പഞ്ജരം കണ്ടു ഞാന്‍ എന്ന വരി എന്തൊക്കെയോ പറയാതെ പറയുന്ന പോലെ..” എം.ബി.എസിന്റെ വാക്കുകള്‍.
ലെനിന് രാജേന്ദ്രന്റെ സംവിധാനത്തില്‍ ഏഴു വര്‍ഷം കഴിഞ്ഞു പുറത്തുവന്ന `ചില്ലി’ലെ “പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു” എന്ന പാട്ടിന്റെ ആദ്യവരി, കണ്മുന്നില് നിന്ന് ഒരു നാള് തെല്ലും നിനച്ചിരിക്കാതെ മാഞ്ഞുപോയ വയലാറിന്റെ ഓര്‍മ്മയുമായി ചേര്ത്തുവെക്കാറുണ്ടായിരുന്നു എം.ബി ശ്രീനിവാസന്. പ്രണയാര്‍ദ്രമാണ് വരികളെങ്കിലും ആ പാട്ടിന്റെ ഈണത്തില്‍ അലിഞ്ഞുചേര്‍ന്ന വിഷാദഭാവത്തിന് വേറെ വിശദീകരണം വേണോ?
-പുനഃപ്രസിദ്ധീകരണം-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]