
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ… ബാബുരാജിനെപ്പറ്റിയോർത്തപ്പോൾ ചുണ്ടിൽ വന്ന പാട്ട് ഇതുവരെ കൂടൊഴിഞ്ഞുപോയിട്ടില്ല. വീണ്ടും വീണ്ടും മുളിവന്ന ആ ഈണത്തെ കൂടെച്ചേർത്താണ് കോഴിക്കോട് മെഡിക്കൽ കോളേജ് വഴി മുണ്ടിക്കൽതാഴത്ത് എത്തിയത്. അവിടെയുള്ള വാടകവീട്ടിലുണ്ട് ആ പാട്ടുകാരന്റെ പ്രാണനായ മകൻ ജബ്ബാർ. ബാബുക്കയുടെ വിരലൊന്നുതൊട്ടാൽ പാട്ടുപെട്ടി താനേ പാടുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലൊന്ന് ചാരെ വെച്ചിട്ടുണ്ട് ജബ്ബാർ. ഇടയ്ക്കിടെ അദ്ദേഹത്തിന്റെ വിരലുകൾ ഹാർമോണിയത്തെ തൊട്ട് തലോടിക്കൊണ്ടിരുന്നു. എത്ര പാടിയിട്ടും മതിവരാത്ത പാട്ടു പോലെയാണ് ഉപ്പയെക്കുറിച്ചുള്ള ഓർമകളും കഥകളുമെന്ന് ജബ്ബാർ. പാട്ടിന്റെ സുൽത്താനായ പിതാവിന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയില്ലെങ്കിലും കോഴിക്കോട്ടെ മിക്ക സംഗീതസദസ്സുകളിലും ഹാർമോണിയവുമായി ജബ്ബാറിനെ കാണാം.
“ഉപ്പ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. അദ്ദേഹം മരിക്കുമ്പോൾ എനിക്ക് 13 വയസ്സേ ഉണ്ടായിരുന്നുള്ളു. എത്ര വലിയ സംഗീതജ്ഞനാണ് മരിച്ചുകിടക്കുന്നത് എന്നൊന്നും ചിന്തിക്കാനുള്ള ബോധമില്ലായിരുന്നു അന്ന്. കരയാൻ പോലും അറിയില്ല. വലുതായപ്പോഴാണ് ഓരോ ഘട്ടങ്ങളിലും എനിക്ക് ഉപ്പയുടെ വില മനസ്സിലാവുന്നത്. ഉപ്പയുണ്ടായിരുന്നെങ്കിൽ തീർച്ചയായും എനിക്ക് സംഗീതം പഠിക്കാൻ കഴിഞ്ഞേനെ.” ജീവിതത്തിലെ വിലമതിക്കാനാവാത്ത നഷ്ടങ്ങളെക്കുറിച്ചാണ് ജബ്ബാർ പറഞ്ഞു തുടങ്ങിയത്. ശബ്ദമിടറിയപ്പോൾ വെറുതെ ഹാർമോണിയത്തിലൂടെ വിരലോടിച്ചു. “അനുരാഗഗാനം പോലെ…” ജബ്ബാർ ഉപ്പയുടെ പാട്ടുകളോരോന്നും മാറിമാറി പാട്ടുപെട്ടിയിൽ വായിച്ചുകൊണ്ടിരുന്നു.
“കുഞ്ഞായിരുന്നപ്പോൾതൊട്ട് ഹാർമോണിയത്തിന്റെ കൂടെയായിരുന്നു ഞാനും. ഉപ്പ ഹാർമോണിയം വായിക്കുന്ന സമയത്ത് മടിയിൽ കേറിയിരിക്കും. വെറുതേ അതിനെ തൊട്ട് ശബ്ദമുണ്ടാക്കും. സ-ഗ-രി-ഗ എന്ന് വായിക്കെന്ന് പറഞ്ഞ് ഉപ്പ എന്നെ പഠിപ്പിക്കും. ഇടയ്ക്ക് ഞാൻ ഉപ്പയ്ക്ക് ശല്യവുമാവും. ഒരിക്കൽ ആരോ വീട്ടിൽ വന്നപ്പോൾ ഉപ്പയോട് ചോദിച്ചു, ഇവനെ ഇത് പഠിപ്പിക്കേണ്ടേ എന്ന്. അവന് പഠിക്കണമെന്ന് തോന്നുമ്പോൾ സ്വയം കണ്ടെത്തി പഠിക്കട്ടെ എന്നുപറഞ്ഞു അദ്ദേഹം. ഉപ്പയുടെ ജീവനായിരുന്നു ഹാർമോണിയം. വളരെ ഭക്തിയോടെയാണ് അതിനെ കൊണ്ടുനടന്നിട്ടുള്ളത്. എന്റെ തലയ്ക്ക് മീത്തല് (മീതെ) എപ്പോഴും ഈ പെട്ടിയുണ്ടാവും. കുറഞ്ഞ കാലം മാത്രമേ ഈ പെട്ടിയുമായി ഞാൻ വിട്ട് നിന്നിട്ടുള്ളൂ. തലമുറകളായി ഹാർമോണിയം ഞങ്ങളെ അടിമകളാക്കിയിരിക്കുകയാണ്. ഉപ്പയ്ക്കും വല്യുപ്പ ജാൻ മുഹമ്മദ് ഖാനുമൊക്കെ ദൈവികമായി കിട്ടിയ ഭാഗ്യമാണ് സംഗീതം. ഹിന്ദുസ്ഥാനി ഖവാലിയും ഗസലുമൊക്കെ പാടിവന്നവർ. ഉപ്പയ്ക്കൊപ്പം കൈയുംപിടിച്ച് കണ്ടമാനം കല്യാണവീടുകളിലും പരിപാടികളിലുമൊക്കെ ഞാനും പോയിട്ടുണ്ട്.
ഞങ്ങൾ മൊത്തം ഒൻപത് മക്കളാണ്. ആറ് പെണ്ണും മൂന്ന് ആണും. ആദ്യത്തെ മൂന്ന് പെൺമക്കളുണ്ടായശേഷം ജനിച്ച ആൺകുട്ടിയായിരുന്നു ഞാൻ. കുട്ടികളോട് വല്ലാത്തൊരു സ്നേഹമായിരുന്നു ഉപ്പയ്ക്ക്. പെൺകുട്ടികളെന്ന് വിളിക്കില്ല… ‘പൊൻകുട്ട്യോള് എന്നാണ് പറയാറ്. പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണം, കുറേ ആഭരണങ്ങൾ വേണം എന്നൊക്കെ ചിലർ പറയുമ്പോൾ ഉപ്പ അവരെ തിരുത്തും. പൊൻകുട്ടി ഭാഗ്യമാണെന്ന് പറയും. ഉപ്പ ചെന്നൈയിൽനിന്ന് ട്രെയിനിൽ കോഴിക്കോട് വന്നിറങ്ങി, അവിടന്ന് കുതിരവണ്ടിയിലാണ് വീട്ടിലേക്ക് വരിക. കുറേ കളിപ്പാട്ടങ്ങളൊക്കെ കൊണ്ടുവരും. വരുന്നതിനുമുൻപ് ഉമ്മയ്ക്ക് ടെലിഗ്രാം അയയ്ക്കും. ഇവിടേക്ക് എത്തുന്ന അന്ന് കുട്ടികളെ നേരത്തേ എഴുന്നേൽപ്പിച്ച് കുളിപ്പിച്ച് റെഡിയാക്കി ഇരുത്തണം എന്നുപറയും. വന്നാലോ ഉപ്പ പോവുന്നിടങ്ങളിലെല്ലാം എന്നെയും കൂട്ടും. ഇല്ലെങ്കിൽ ഞാൻ കരഞ്ഞ് നിലവിളിക്കും. ഉപ്പയ്ക്കൊപ്പം പോയാൽ കുറേ സ്ഥലങ്ങൾ കാണാല്ലോ, കളിപ്പാട്ടങ്ങളും വാങ്ങിത്തരും. വെക്കേഷന് കുടുംബത്തെ ചെന്നൈയിലേക്ക് കൊണ്ടുപോകും. അവിടന്ന് റെക്കോഡിങ്ങിന് പോകു മ്പോഴും ഇടയ്ക്ക് ഞങ്ങളെ കൂട്ടും, ഹാളിലെ ഷോക്കേസിലിരിക്കുന്ന ബാബുരാജും പി. സുശീലയുമൊന്നിച്ച് റെക്കോഡിങ്ങിനിടെ എടുത്ത ഒരു പഴയ ഫോട്ടോ കാണിച്ചുതന്നു. ‘കണ്ണുതുറക്കാത്ത ദൈവങ്ങളേ, കരയാനറിയാത്ത, ചിരിക്കാനറിയാത്ത കളിമൺ പ്രതിമകളേ…’ വിഷാദാർദ്രമിഴികളോടെ ജബ്ബാർ പാടിനിർത്തി.
പ്രാണസഖീ… പാട്ടിലലിഞ്ഞ് ജബ്ബാർ | ഫോട്ടോ: പി.ജയേഷ് \ മാതൃഭൂമി
‘ഒരുപുഷ്പം മാത്രമെൻ…” അകത്തെ മുറിയിൽനിന്നും മൂത്തമകൻ സാബിർ ബാബു കീബോർഡ് വായിക്കുന്നതുകേട്ട് ജബ്ബാർ അവിടേക്കെത്തി. ഉപ്പയും മകനും ഒന്നിച്ചിരുന്ന് പാടിയും വായിച്ചും അവിടെ ഒരു സംഗീതമേളം തന്നെ ഒരുക്കി. ഇതെല്ലാം കണ്ടുരസിച്ച് നിൽക്കുകയാണ് ജബ്ബാറിന്റെ ഭാര്യ റുക്സാന, “ഇദ്ദേഹത്തിന്റെ ഉമ്മ ബിച്ചയാണ് മകന് സാബിർ എന്ന് പേരിട്ടത്. ഉപ്പാന്റെ പേരാണ് സാബിർ ബാബു. രണ്ടാമത്തെ മകൻ നാദിർഷ. അവൻ നന്നായി ഗിറ്റാർ വായിക്കും. കുട്ടികൾക്കൊക്കെ വല്യുപ്പയുടെ സംഗീത പാരമ്പര്യം കിട്ടിയിട്ടുണ്ട്. ജബ്ബാറ്ക്ക ഇങ്ങനെയായിരുന്നില്ല. ഭേഷായി ജീവിച്ചുപോന്നിരുന്നയാളാണ്. ഉപ്പാന്റെ മരണ ശേഷം ആരുമുണ്ടായിരുന്നില്ലല്ലോ നിയന്ത്രിക്കാനൊന്നും. പുള്ളിക്ക് തോന്നുന്നപോലെ ജീവിച്ചു. ഒരി ക്കൽ ഇക്കായ്ക്ക് ഒരു ഹാർമോണിയം സമ്മാനമായി കിട്ടി. അപ്പോൾ ഞാനത് വായിക്കാൻ പറഞ്ഞു. ‘എനിക്കൊന്നുമറിയില്ല, സപ്തസ്വരങ്ങൾ മാത്രമേ അറിയുള്ളൂ’ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, അതുമതി. അതാണ് സംഗീതത്തിന്റെ അടിത്തറ. അതിലങ്ങ് തുടങ്ങിക്കോളു എന്ന്. അങ്ങനെ നിരന്തരം പ്രാക്ടീസ് ചെയ്തു. രാപ്പകൽ ഇല്ലാതെ അതെടുത്ത് പാടിക്കൊണ്ടിരുന്നു. ഞാനും ഉപ്പാന്റെ പാട്ടുകളൊക്കെ മൂളിക്കൊടുക്കും. പിന്നീട് പതിയെപരിപാടികൾക്കൊക്കെ ഹാർമോണിയം വായിച്ച് അദ്ദേഹം പാടാൻ തുടങ്ങി. പിന്നീട് ഉപ്പയുടെ പേരിൽ കോഴിക്കോട്ട് എല്ലാവർഷവും സംഗീത പരിപാടികൾ സംഘടിപ്പിച്ചു. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി കൾ ഞങ്ങൾ നേരിട്ടിട്ടുണ്ട്. പലരുടെയും പരിഹാസം കേട്ടു. എല്ലാം സഹിച്ച് ഇതുവരെയെത്തി.” ഭാര്യയെ ആശ്വസിപ്പിച്ചുകൊണ്ട് ജബ്ബാർ ഉമ്മറത്തേക്ക് നടന്നു.
“എല്ലാം പടച്ചോൻ്റെ നിശ്ചയമാണ്. ആരെയൊക്കെ എവിടെ എത്തിക്കണം, എന്ത് ചെയ്യണം എന്നൊക്കെ. സംഗീതം അങ്ങനെയൊന്നും എല്ലാ ആളുകൾക്കും കിട്ടില്ല. അത് കിട്ടണമെങ്കിൽ ചിലപ്പോൾ ജീവിതത്തിൽ പലതും ഉപേക്ഷിക്കേണ്ടിവരും. വല്യുപ്പ ഉപ്പയെ സംഗീതം പഠിപ്പിക്കുമ്പോൾ പറഞ്ഞുകൊടുത്തൊരു കാര്യമുണ്ട്, സംഗീതം ഭയങ്കര ലഹരിയുള്ള സാധനമാണ്. ഇതിൻ്റെ കൂടെ നീ വേറൊരു ലഹരിയും ഉപയോഗിക്കരുതെന്ന്. പക്ഷേ, ഉപ്പയുടെ ജീവിതം ഒരു നിലയിലെത്തിയപ്പോൾ എല്ലാം താളം തെറ്റി. മദ്യപിക്കാത്ത ഉപ്പ മദ്യപിച്ചുതുടങ്ങി. പിന്നെപ്പിന്നെ അങ്ങനെപോയി. എന്റെ ജീവിതവും ഏതാണ്ട് അതുപോലെയായിരുന്നു. പക്ഷേ, വഴിക്കുവെച്ച് ഞാൻ ജീവിതത്തിലേക്ക് തിരിച്ച് നടന്നു. ഈ വർഷം പരിപാടിയൊന്നും സംഘടിപ്പിച്ചിട്ടില്ല. ഉമ്മ ഞങ്ങളെ വിട്ടുപോയിട്ട് കുറച്ചായതേയുള്ളൂ. എനിക്ക് ഈ പരിപാടി നടത്തുന്നതുകൊണ്ട് മാത്രം ജീവിക്കാനാവില്ല. ഇത് ബിസിനസ്സുമല്ല. ഉപ്പയെപ്പോലെ പാട്ടിനെയാണ് ഞാനും സ്നേഹിക്കുന്നത്. എനിക്ക് ജീവിക്കാനുള്ള വക വേറെ നോക്കുന്നുണ്ട്. ഇനി സ്വന്തമായൊരു വീടുണ്ടാക്കണം. വാടക കൊടുത്ത് കുഴങ്ങിപ്പോവുകയാണ്. ജീവിതം എങ്ങനെയെങ്കിലുമൊക്കെ കഴിഞ്ഞുപോകും. കുറെ ആഗ്രഹിച്ചിട്ടൊന്നും കാര്യമില്ല. എന്നാലും ഏതെങ്കിലും സിനിമയിലോ ആൽബത്തിലോ നാല് പാട്ടുകൾക്ക് സംഗീതം നൽകണമെന്ന സ്വപ്നം ബാക്കിയുണ്ട്. അതുമാത്രം…” കുടുംബത്തെ ചേർത്തുപിടിച്ച് ഫോട്ടോയെടുത്തശേഷം അദ്ദേഹം പുറത്തേക്കിറങ്ങാനായി ഒരുങ്ങി വന്നു.
എവിടെയുമുണ്ടെന്റെ ഉപ്പ
കോഴിക്കോടിന്റെ തെരുവുകളെ ഗസൽമഴ നനയിച്ച പാട്ടുകാരൻ ജീവിച്ചുതീർത്ത വഴികളിലൂടെ ജബ്ബാർ യാത്ര തുടർന്നു. കല്ലായിയിലെ എം.എസ്. ബാബുരാജ് റോഡിലേക്ക് തിരിഞ്ഞപ്പോൾ വണ്ടി നിർത്തി ജബ്ബാർ നടന്നു. ഉപ്പയ്ക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കും ഒക്കെയൊപ്പം താമസിച്ച പഴയ വീടിരുന്ന സ്ഥലം കാണിച്ചു. പലരും കുശലമന്വേഷിച്ച് ജബ്ബാറിനടുത്തേക്ക് വന്നു. ഉപ്പയുടെ കൈപിടിച്ചുനടന്ന കൊച്ചുകുട്ടിയെപ്പോലെ ജബ്ബാർ ആ നിരത്തിലൂടെ ഓരംചേർന്ന് നടന്നു. “ഉപ്പയുടെ കൈപിടിച്ച് നടക്കുമ്പോൾ കിട്ടിയൊരു സുഖവും കരുതലും ജീവിതത്തിൽ പിന്നീടൊരിക്കലും കിട്ടിയിട്ടില്ല. കുട്ടിക്കുപ്പായം എന്ന സിനിമയിൽ നസീറിന്റെ പേരായിരുന്നു ജബ്ബാർ. പിന്നെ ഉപ്പയുടെ മരിച്ചുപോയ സഹോദരന്റെ പേരും ജബ്ബാർ എന്നായിരുന്നു. അങ്ങനെയാണ് എനിക്ക് ആ പേരിട്ടത്. ഇവിടെ വെച്ചായിരുന്നു എന്റെ സുന്നത്ത് കല്യാണമൊക്കെ നടത്തിയത്. പ്രശസ്തരായ സംഗീതജ്ഞരുടെ പാട്ടൊക്കെ അന്നുണ്ടായിരുന്നു. ഉപ്പയ്ക്ക് ഇവിടെല്ലാം പ്രിയപ്പെട്ട ഇടങ്ങളായിരുന്നു. കുറ്റിച്ചിറ പോയാൽ പറയും ബാബുക്ക കുറേ ഇവിടെയുണ്ടായിരുന്നുവെന്ന്. ഫ്രാൻസിസ് റോഡിൽ പോകുമ്പോൾ പറയും ബാബുക്ക ഇവിടെയായിരുന്നുവെന്ന്, മറ്റ് ജില്ലകളിൽ പോയാൽ അവിടുന്നും കേൾക്കാം, നാടകവുമായിട്ട് അദ്ദേഹം അവിടെയുണ്ടായിരുന്നുവെന്ന്. നടത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലും വരെ ഉപ്പയ്ക്കൊരു സ്റ്റൈലുണ്ട്. ബാബുക്കാന്റെ മുണ്ട് മാടിക്കുത്ത് ആർക്കുമറിയില്ലാന്ന് കല്ലായിയിലുള്ള ആളുകൾ പറയും.
ചെന്നൈയായിരുന്നു ഉപ്പയ്ക്ക് ഏറെ ഇഷ്ടമുള്ള മറ്റൊരിടം. സംഗീതവും സൗഹൃദവുമായി അവിടെ ഉപ്പ മറ്റൊരു ലോകത്തായിരുന്നു. ജാനകിയമ്മ ഉപ്പയെക്കുറിച്ച് പറയുമ്പോൾ എപ്പോഴും കരഞ്ഞു പോകും. യേശുദാസ്, പി. ജയചന്ദ്രൻ, സുശീലാമ്മ, ആർ.കെ. ശേഖർ (എ.ആർ. റഹ്മാന്റെ പിതാവ്), ഉദയഭാനു, കമുകറ പുരുഷോത്തമൻ, പി. ഭാസ്ക്കരൻ മാഷ്, വയലാർ, ശ്രീകുമാരൻ തമ്പി, പൂവച്ചൽ ഖാദർ, യൂസഫലി കേച്ചേരി, സത്യൻ, നസീർ, ഉമ്മർ, സുകുമാരൻ.. തുടങ്ങി എത്രയോ ആളുകളുമായി അദ്ദേഹത്തിന് ആത്മബന്ധമുണ്ടായിരുന്നു. കുടുംബം പോലെ ത്തന്നെയായിരുന്നു അവരെല്ലാം ഉപ്പയ്ക്ക്. ഒരിക്കൽ മദ്രാസിൽ പോയപ്പോൾ സംഗീത സംവിധായകൻ രവീന്ദ്രൻമാഷൊക്കെ എന്നെ എടുത്തുനടന്നത് ഓർക്കുന്നുണ്ട്. ഇളയരാജാസാറിനെ കണ്ടപ്പോൾ അദ്ദേഹം പറയുകയുണ്ടായി, ഞാൻ ആദ്യമായി വർക്ക് ചെയ്തുതുടങ്ങിയത് ബാബുക്കയുടെ കൂടെയാണെന്ന്. അങ്ങനെ ആരെ കണ്ടാലും എങ്ങോട്ട് തിരിഞ്ഞാലും ഉപ്പയെക്കുറിച്ചുള്ള ഓർമകൾ തിങ്ങിനിറയും…
ഒരിക്കൽ വീട്ടിലേക്ക് കുറേ പോലീസുകാർ വരുന്നതുകണ്ട് ഞങ്ങൾ പേടിച്ചു. നോക്കുമ്പോൾ ഇ.കെ. നായനാർ വീട്ടിലേക്ക് വരുന്നു. അദ്ദേഹം അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചു. അന്നദ്ദേഹം പറയുകയുണ്ടായി, “ഞാൻ വിചാരിച്ചത് ബാബു കുറേ കാശൊക്കെ സമ്പാദിച്ചെന്നാണ്. പക്ഷേ, പണത്തിനേക്കാൾ വലിയ സാധനമാണ് ബാബു ഉണ്ടാക്കി വെച്ചിരിക്കുന്നതെന്ന്’. യേശുദാസും ഇടയ്ക്കൊക്കെ വീട്ടിൽ വരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹായത്താലാണ് ഉമ്മ ഹജ്ജിനൊക്കെ പോയത്. സംഗീതപരിപാടികൾക്ക് ക്ഷണിക്കുമ്പോൾ ഗായകർ മടികൂടാതെ വരുന്നതും ഉപ്പയോടുള്ള ആ സ്നേഹംകൊണ്ടാണ്. ബാബുക്കയുടെ മക്കളാണെന്ന് പറയുമ്പോൾ ആ സ്നേഹവും ബഹുമാനവുമൊക്കെ അനുഭവിക്കാനും കഴിയാറുണ്ട്.”
കല്ലായിയിൽനിന്ന് തിരിച്ച് പോരുമ്പോൾ ജബ്ബാർ ബീച്ചിലേക്കിറങ്ങിനടന്നു. കുറച്ചുനേരം കടൽ നോക്കി നിന്നു. “അകലെ അകലെ നീലാകാശം, അലതല്ലും രാഗതീരം… ഇതാ… ഇവിടെയുമുണ്ടെന്റെ ഉപ്പ. ഒരു സംഗതിക്കും കർക്കശ സ്വഭാവം ഉപ്പ കാണിച്ചിരുന്നില്ല. ഉമ്മയെ ‘എടീ’ എന്നുപോലും വിളിക്കാറില്ല. ജീവിതത്തിൽ ദേഷ്യം പിടിക്കാത്ത ആളാണ്. സംഗീതവും സന്തോഷവും മാത്രമായിരുന്നു ഉപ്പയ്ക്ക് എല്ലാം. ഓർക്കസ്ട്ര വായിക്കുന്നവർക്ക് പൈസ കിട്ടിക്കോട്ടെ എന്ന് കരുതി പലപ്പോഴും ജോലി എടുത്തതിൻ്റെ പൈസ വാങ്ങാതിരുന്നിട്ടുണ്ട്. മറ്റുള്ളവർക്ക് എല്ലാം കൊടുക്കും. സാമ്പത്തികസ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിന് ടെൻഷനുണ്ടായിരുന്നില്ല. ചെലവിനുള്ളത് കിട്ടിയാൽ മതി. നാളത്തേക്കുള്ളത് നാളെ നോക്കാം എന്ന മട്ടായിരുന്നു. എന്നാൽ ആളുകൾ പറയുന്നത്ര സാമ്പത്തിക ബുദ്ധിമുട്ടൊന്നുമുണ്ടായിട്ടില്ല. ഉപ്പ മരിച്ചത് മദ്രാസിലെ ആസ്പത്രിയിൽ വരാന്തയിൽ കിടന്നിട്ടാണെന്നൊക്കെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെയൊന്നുമല്ല സത്യം. ഉപ്പയുടെ സുഹൃത്തുക്കളെല്ലാംതന്നെ അദ്ദേഹത്തിനുവേണ്ടി എന്തും ചെയ്യാൻ കൂടെയുണ്ടായിരുന്നു.
ഉപ്പയ്ക്കൊപ്പം നടന്ന വഴികളിലൂടെ | ഫോട്ടോ: പി.ജയേഷ് \ മാതൃഭൂമി
ഒരുദിവസം ഉപ്പയ്ക്ക് വയ്യാന്ന് പറഞ്ഞ് വീട്ടിലേക്ക് ടെലിഗ്രാം വന്നു. സ്കൂളിൽനിന്ന് എന്നെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. അങ്ങനെ മദ്രാസിലേക്ക് ഉമ്മ എന്നെയും ചെറിയ സഹോദരിയെയും കൂട്ടി പോയി. മദ്രാസ് മെയിലിലാണ് ഞങ്ങൾ പോയത്. വെപ്രാളത്തിൽ ഉമ്മ രണ്ട് ടിക്കറ്റേ എടുത്തിട്ടുണ്ടായിരുന്നുള്ളൂ. ടി.ടി.ഇ. വന്നിട്ട് സഹോദരിക്കും ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞു. കൈയിലുള്ള ടെലിഗ്രാം കാണിച്ചപ്പോൾ അദ്ദേഹം ഞങ്ങളെ വെറുതെ വിട്ടു. ചെന്നൈയിൽ ഉപ്പയ്ക്കൊപ്പം പല സ്ഥലങ്ങളിലും പോയതുകൊണ്ട് വഴികളൊക്കെ ഓർമയിലുണ്ടായിരുന്നു. അന്ന് ഉപ്പ താമസിച്ചിരുന്നത് ശേഖർ ലോഡ്ജിലായിരുന്നു.
ഉമ്മയ്ക്കൊപ്പം ഹോസ്പിറ്റലിലെത്തുമ്പോൾ കുറച്ച് ബന്ധുക്കളും മൂത്ത ചേച്ചി സാബിറയുടെ ഭർത്താവും ചില സുഹൃത്തുക്കളുമൊക്കെ അവിടെയുണ്ടായിരുന്നു. ഉപ്പയെകാണാൻ എം.ജി.ആർ ഹോസ്പിറ്റലിൽ വരുന്നുണ്ടെന്നറിഞ്ഞപ്പോൾ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊക്കെ അതിശയമായിരുന്നു. പന്നിയങ്കരയിലുള്ള വീട്ടിൽ വെച്ചാണ് ഉപ്പ അവസാനമായി മദ്രാസിലേക്ക് പോയത്. ഒരു പെരുന്നാളിൻ്റെ പിറ്റേന്ന്. അന്ന് പോവുമ്പോൾ എൻ്റെ മൂത്ത ചേച്ചി വന്നിട്ടില്ലായിരുന്നു. ‘സാബിറ വന്നില്ലല്ലോ, അവളെ കാണാതെ പോകുമ്പോൾ എന്തോ ഒരു ബുദ്ധിമുട്ട് പോലെ. എപ്പോഴും ഓൾടെ മുഖം കണ്ടിട്ട് പോവുന്നതാണ് ഒരു സന്തോഷം’ എന്ന് ഉപ്പ പറഞ്ഞിരുന്നു. എപ്പോഴും തിരിഞ്ഞു നോക്കാതെ ഇറങ്ങുന്ന ഉപ്പ അന്ന് വീട്ടിലേക്ക് തിരിഞ്ഞുനോക്കിയാണ് പടിയിറങ്ങിയത്. പിന്നീട് ഉപ്പാൻ്റെ മൃതശരീരമാണ് വീട്ടിലേക്ക് കൊണ്ടു വരുന്നത്.” ചെറിയൊരു നെടുവീർപ്പിനുശേഷം അസ്തമയസൂര്യനെ നോക്കി അദ്ദേഹം വെറുതെ ചിരിച്ചു. ‘ഏകാന്തതയുടെ അപാരതീരം…’ വീണ്ടും മൂളിപ്പാട്ടുകൾ പാടി ജബ്ബാർ യാത്ര തുടർന്നു.
എം.എസ്.ജബ്ബാർ | ഫോട്ടോ: പി.ജയേഷ് \ മാതൃഭൂമി
പാട്ടിൻ്റെ കൂട്ടുകാർ
തിരക്കിട്ട പാളയം റോഡിലേക്ക് കയറി ചെറിയൊരു ഇടവഴിയിലൂടെ കോട്ടപ്പറമ്പ് മ്യൂസിക് ക്ലബ്ബിനകത്തേക്ക് അദ്ദേഹം കയറി. ബെഞ്ചും കസേരകളുമിട്ടിരിക്കുന്ന ചെറിയൊരു മുറി. ബാബുരാജിനെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന ചിലർ അവിടെയുണ്ടായിരുന്നു. “നാട്ടിലത്തെ ക്ലബ്ബുകളിലൊക്കെ പോവുമ്പോൾ ഉപ്പ എന്നെയും കൂട്ടും. അവിടെ സാധാരണ ആളുകൾ പാടുമ്പോൾ ഉപ്പ അവരെ ചീത്തയൊന്നും പറയില്ല. അവർ പാടുന്നത് കേട്ടിരിക്കും. എന്നിട്ട് പറഞ്ഞുകൊടുക്കും. ലോഡ്ജിലിരുന്ന് സംഗീതം നൽകുമ്പോൾ ആരവിടെ വന്നാലും സംഗീതം ചെയ്യുന്നത് കാണണ്ട എന്നൊന്നും അവരോട് പറയില്ല. ചില സംഗീത സംവിധായകർ ട്യൂൺ ചെയ്യുന്നിട ത്തേക്ക് ആളുകളെ അടുപ്പിക്കില്ല. പക്ഷേ, ഉപ്പ അങ്ങനെയൊന്നു മായിരുന്നില്ല. ഗാനമേളകളിൽ പാടുമ്പോൾ ആദ്യത്തെ പാട്ട് ഏത് രാഗത്തിലുള്ളതായിരിക്കണമെന്നൊക്കെ ഉപ്പയ്ക്ക് നല്ല തീർച്ചയാണ്. സങ്കടം തോന്നുന്ന രാഗങ്ങൾ ആദ്യം പാടില്ല എന്നൊക്കെയുണ്ട്. വയലിൻ വായിക്കില്ല… തുടക്കത്തിലും അവസാനവും ഉപയോഗിക്കേണ്ട രാഗങ്ങളെപ്പറ്റിയൊക്കെ ഗായകർക്ക് പറഞ്ഞുകൊടുക്കും. ഉപ്പയ്ക്കൊപ്പം ചെറുപ്പത്തിൽ പല സ്റ്റേജിലും പാടിയിട്ടുള്ളതാണ് കരീമിക്ക.” എഴുപത്തൊന്ന് വയസ്സുള്ള കരീമിക്കയെ ജബ്ബാർ പരിചയപ്പെടുത്തി. “1965-70 കാലഘട്ടത്തിലാണ് ബാബുരാജിനൊപ്പം പല സ്റ്റേജിലും പാടുന്നത്. അന്ന് ഞാൻ ഫീമെയിൽ വോയ്സിൽ പാടുന്ന സമയമായിരുന്നു. ബാബുക്ക വളരെയധികം പ്രോത്സാഹനം തന്നിട്ടുണ്ട്.”
കുഞ്ഞായിരുന്നപ്പോൾ ബാബുരാജിനൊപ്പം പാട്ടുപാടാൻ പോയ അനുഭവമാണ് തബലിസ്റ്റായ സലിം പങ്കുവെച്ചത്. “ഞാനന്ന് വളരെ ചെറിയ കുട്ടിയാണ്. അപ്പോഴാണ് അദ്ദേഹത്തിൻ്റെ ഒരു പരിപാടിക്ക് വിളിക്കുന്നത്. കൈയിലൊരു ഗാനം കിട്ടിക്കഴിഞ്ഞാൽ അത്രയും ഭംഗിയായി ചെയ്യുന്നൊരു മാന്ത്രികനായിരുന്നു ബാബുക്ക. എങ്ങനെ പാടണമെന്നൊക്കെ കൃത്യമായി പറഞ്ഞുതരും.” ബാബുക്കയെക്കുറിച്ചുള്ള ഓർമകളിൽ അവരങ്ങനെ മുഴുകിയിരുന്നു. ഉടനെ ജബ്ബാർ തന്റെ പാട്ടുപെട്ടിയെടുത്ത് സെറ്റാക്കി. തബലയുമായി സലീമും കഞ്ചിറയുമായി ജബ്ബാറിന്റെ മകൻ സാബിറും കൂടെയിരുന്നു. ഓർക്കസ്ട്ര ടീം റെഡിയായപ്പോഴേക്കും ഗായകരായ കരീമ്ക്കയും ശിവദാസനും പാടാനെത്തി.
“ഇന്ദുലേഖതൻ പൊൻകണി തോണിയിൽ…” കരീമിക്കയുടെ ശബ്ദം ആ തെരുവിലൂടെ പരന്നൊഴുകി. കേട്ടിരുന്നപ്പോൾ തോന്നി, ശരിയാണ് ജീവിതത്തിലെ ഏത് തിരിവിലുമുണ്ട് ബാബുരാജ് പകർന്നുവെച്ച ഈണങ്ങൾ. അനശ്വരമായ പാട്ടുകാരന്റെ അനശ്വരമായ സംഗീതം..
(മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]