
കിഷ്കിന്ധാകാണ്ഡ’ത്തിനുശേഷം പ്രേക്ഷകരെ ഞെട്ടിക്കാനെത്തിയിരിക്കുകയാണ് ‘ഔസേപ്പിന്റെ ഒസ്യത്ത്. വിജയരാഘവന്റെ മൂന്ന് ആൺമക്കളിൽ ഒരാളായി ഷാജോൺ വേഷമിടുന്നു. ഷാജോൺ സംസാരിക്കുന്നു
എന്താണ് ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷകൾ?
തിരക്കഥ വായിച്ചപ്പോൾത്തന്നെ ഔസേപ്പിന്റെ ഒസ്യത്ത് വളരെയേറെ ഇഷ്ടപ്പെട്ടു. ശരത്ചന്ദ്രൻ എന്ന പുതുമുഖ സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. അദ്ദേഹവും ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുംകൂടി വന്ന് കഥപറയുമ്പോൾത്തന്നെ രസകരമായി തോന്നി. അതിന്റെ കാസ്റ്റിങ്ങും ഒരുപാട് പ്രത്യേകത നിറഞ്ഞതായിരുന്നു. ഞാൻ ഇഷ്ടപ്പെടുന്ന, അതുമല്ലെങ്കിൽ ഒരുമിച്ച് വർക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. കുട്ടേട്ടൻ (വിജയരാഘവൻ), ദിലീഷ് പോത്തൻ, ഹേമന്ദ്, ലെന, കനി കുസൃതി എന്നിവരൊക്കെ മികച്ച ആക്ടേഴ്സാണ്. അതുകൊണ്ടുതന്നെ മികച്ചൊരു പ്രൊഡക്ഷൻസായിരുന്നു. പണമുണ്ടാക്കുക എന്നതിലുപരി സിനിമയെ വളരെയേറെ താത്പര്യത്തോടെ കാണുന്ന, കലാമൂല്യമുള്ള സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് വരുന്ന പ്രൊഡക്ഷൻ കമ്പനിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഭാവിയിൽ ഒരുപാട് മികച്ച സിനിമകൾ അവർക്ക് ചെയ്യാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഔസേപ്പിന്റെ ഒസ്യത്തിനെക്കുറിച്ച് പറയുകയാണെങ്കിൽ കുട്ടേട്ടന്റെ മൂന്ന് ആൺമക്കളിൽ രണ്ടാമനാണ് ജോർജ് എന്ന എന്റെ കഥാപാത്രം. ദിലീഷ് പോത്തനാണ് എന്റെ ചേട്ടനായി അഭിനയിക്കുന്നത്. ഹേമന്ദാണ് അനിയനായി അഭിനയിക്കുന്നത്. ഒരു ഫാമിലിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. പിന്നെ ഒരുപാട് ത്രില്ലർ സിനിമകൾ വരുന്ന കാലമാണിത്. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു ചിത്രമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു പ്രേക്ഷകൻ, അതുമല്ലെങ്കിൽ ഒരു ആക്ടർ എന്ന നിലയിൽ നോക്കിയാൽ സാധാരണ നമ്മൾ കണ്ടുവരുന്ന ത്രില്ലർ ചിത്രങ്ങളുടെ രീതിയിലല്ല ഇതിന്റെ സ്ക്രിപ്റ്റും മേക്കിങ്ങുമെല്ലാം.
വിജയരാഘവനൊപ്പമുള്ള അഭിനയമുഹൂർത്തത്തെക്കുറിച്ച് പറയാമോ?
ഞാൻ സിനിമയിലേക്കു വന്നകാലംമുതൽ, അതുമല്ലെങ്കിൽ സിനിമയിൽ എത്തുന്നതിനുംമുൻപേതന്നെ കുട്ടേട്ടനുമായി നല്ല ബന്ധമുണ്ട്. ഞങ്ങൾ രണ്ടുപേരും ഒരേ നാട്ടുകാരാണ്, കോട്ടയംകാരാണ്. കുട്ടേട്ടന്റെ വീട്ടിലേക്കു പോകുന്ന വഴിയാണ് എന്റെ വീടും. കോട്ടയത്തായിരുന്ന കാലങ്ങളിൽ മിക്കപ്പോഴും കാണുകയും ചെയ്തിരുന്നു. അക്കാലത്ത് ഞാൻ മിമിക്രി ഫീൽഡിൽ കോട്ടയം നസീറിന്റെ ടീമിലായിരുന്നു. നസീർക്കയും കുട്ടേട്ടനും തമ്മിൽ വലിയ സൗഹൃദമായിരുന്നു. അങ്ങനെ എപ്പോഴും അദ്ദേഹത്തെ കാണാനും സംസാരിക്കാനും തമാശ പറയാനുമൊക്കെ അവസരം കിട്ടിയിട്ടുണ്ട്. അതിനുശേഷം സിനിമയിലേക്ക് വന്നപ്പോൾ, കോട്ടയംകാരനായതുകൊണ്ടും മിമിക്രി കലാകാരനായതുകൊണ്ടുമൊക്കെ കുട്ടേട്ടന് ഒരു പ്രത്യേക താത്പര്യം എന്നോടുള്ളതായി തോന്നിയിട്ടുണ്ട്. സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമുള്ള കാര്യങ്ങളൊക്കെ കുട്ടേട്ടനുമായി ചർച്ച ചെയ്യാറുണ്ട്. ഒരുപാട് കാര്യങ്ങൾ നമുക്ക് പറഞ്ഞുതരുന്ന നടൻകൂടിയാണ് അദ്ദേഹം.
ഔസേപ്പിന്റെ ഒസ്യത്തിന്റെ സ്ക്രിപ്റ്റ് വായിച്ചതിനുശേഷം കുട്ടേട്ടൻ എന്നെ വിളിച്ച് എന്റെ കാരക്ടർ വളരെയധികം ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ളതാണെന്നും അതുകൊണ്ട് വളരെ സൂക്ഷിച്ച് ഹാൻഡിൽ ചെയ്യണമെന്നും പറഞ്ഞിരുന്നു. ലൊക്കേഷനിൽ എത്തിയാൽ നമ്മുടെ ഓരോ സീനുകളും കണ്ടതിനുശേഷം നല്ല കമന്റ്സും ഒപ്പം ചില നിർദേശങ്ങളുമൊക്കെ നൽകാറുണ്ട്. ഇങ്ങനെ ചെയ്താൽ അല്പംകൂടി മെച്ചപ്പെടുത്താമെന്നൊക്കെ അദ്ദേഹം പറയും. പിന്നെ കുട്ടേട്ടന്റെ ആക്ടിങ് കപ്പാസിറ്റിയെക്കുറിച്ച് ഞാൻ പറയേണ്ടതില്ലല്ലോ! അടുത്തുവന്ന സിനിമകളിലൂടെയെല്ലാം നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന അഭിനേതാവാണ് അദ്ദേഹം. അതുപോലെയുള്ളൊരു നടനൊപ്പം ഒരു സിനിമചെയ്യാൻ കഴിയുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമായാണ് കരുതുന്നത്. അദ്ദേഹത്തിന്റെ മകനായി, ഒരു മുഴുനീളകഥാപാത്രമായി വേഷമിടാൻ കഴിഞ്ഞതും ഭാഗ്യമായാണ് കരുതുന്നത്. ആക്ടിങ്ങിനെയും സിനിമയെയും അത്രമേൽ ഇഷ്ടപ്പെടുന്ന ഒരാൾക്കൊപ്പം അഭിനയിക്കുകയെന്നതും സന്തോഷം തരുന്ന കാര്യമാണ്. ഒരു ജ്യേഷ്ഠസഹോദരനു തുല്യമാണ് കുട്ടേട്ടനെങ്കിലും ഒരു സുഹൃത്തെന്ന നിലയിലാണ് എന്നോട് പെരുമാറാറുള്ളത്. അത്രബന്ധമാണ് ഞങ്ങൾക്കിരുവർക്കും ഇടയിൽ.
കലാഭവൻ ഷാജോൺ
വില്ലനിൽനിന്നും സഹനടനിൽനിന്നും മാറി നായകവേഷത്തിലേക്ക് എത്തിയ ചിത്രമായിരുന്നല്ലോ ‘സി.ഐ.ഡി. രാമചന്ദ്രൻ റിട്ട എസ്.ഐ.’ അതുവരെ അഭിനയിച്ച വേഷങ്ങളിൽനിന്ന് നായകകഥാപാത്രത്തിലേക്ക് എത്തുമ്പോഴുണ്ടായ അനുഭവം
സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രം എന്റെ അഭിനയജീവിതത്തിലെ അടുത്തൊരു സ്റ്റെപ്പായി കാണുന്ന കഥാപാത്രവും ചിത്രവുമാണ്. അതിന്റെ സംവിധായകനും എഴുത്തുകാരനുമായ സനൂപ് സത്യൻ, ചിത്രത്തെക്കുറിച്ച് പറയുമ്പോൾമുതൽ ഇത് വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഒരുപാട് പ്രേക്ഷകർ സിനിമ ഏറ്റെടുത്തു. ഒ.ടി.ടി.യിൽ വന്നശേഷമാണ് കൂടുതൽപ്പേരിലേക്ക് ചിത്രമെത്തിയത്. ഇപ്പോഴും ആ സിനിമ കണ്ട് മെസേജ് അയക്കുകയും അഭിപ്രായം പറയുകയും ഒപ്പം അതിന്റെ രണ്ടാംഭാഗം ഉണ്ടാകില്ലേയെന്നും രണ്ടാംഭാഗം ചെയ്യണമെന്നുമൊക്കെ പറയുന്ന പ്രേക്ഷകരുണ്ട്. പിന്നെ, ഒരു കൊമേഡിയനിൽനിന്ന്, അതുമല്ലെങ്കിൽ സഹനടനിൽനിന്ന് നായകനിലേക്കുള്ള മാറ്റം എന്നൊക്കെ ചോദിച്ചാൽ അങ്ങനെയൊരു വ്യത്യാസം എനിക്ക് തോന്നിയിട്ടില്ല. അഭിനയം, അതല്ലെങ്കിൽ സിനിമയോടുള്ള സമീപനം എപ്പോഴും ഒരുപോലെ ആയിരിക്കുമല്ലോ. വില്ലനായാലും കാരക്ടർ ആക്ടർ ആയാലും നായകനായാലും നമ്മൾ സിനിമയോടു കാണിക്കുന്ന ആത്മാർഥത നൂറുശതമാനമായിരിക്കും. സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്.ഐ.യുടെ രണ്ടാംഭാഗം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. സ്ക്രിപ്റ്റ് വർക്കുകൾ പൂർത്തിയായിട്ടുണ്ട്. ഈ വർഷംതന്നെ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ടരപ്പതിറ്റാണ്ട് നീളുന്ന സിനിമാജീവിതത്തിൽ കോമഡി കഥാപാത്രങ്ങൾകൊണ്ടും വില്ലൻ വേഷങ്ങൾകൊണ്ടും ഷാജോൺ തിളങ്ങി. പുതിയ പ്രോജക്ടുകൾ ഏതൊക്കെ?
ഉടനെ റിലീസ് ചെയ്യാനുള്ളത് റെയ്ച്ചൽ എന്ന ചിത്രമാണ്. എബ്രിഡ് ഷൈനാണ് അതിന്റെ സ്ക്രിപ്റ്റ് ചെയ്തിട്ടുള്ളത്. ആനന്ദിനി ബാല എന്ന പുതുമുഖസംവിധായകയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഹണി റോസ് പ്രധാനപ്പെട്ട കാരക്ടർ ചെയ്തിരിക്കുന്ന ചിത്രംകൂടിയാണിത്. വിനീത് ശ്രീനിവാസൻ സംവിധാനംചെയ്യുന്ന മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ. വിനീതിന്റെ ഫീൽഗുഡ് ചിത്രങ്ങളിൽനിന്ന് മാറി ത്രില്ലർ സ്വഭാവമുള്ള ചിത്രമാണിത്. ജോർജിയയിലാണ് ചിത്രത്തിന്റെ നല്ലൊരുഭാഗവും ഷൂട്ട് ചെയ്യുന്നത്. മറ്റൊരു തമിഴ് സിനിമയിലും വേഷമിടുന്നുണ്ട്.
മലയാളസിനിമയെ അപേക്ഷിച്ച് തമിഴ് സിനിമ അഞ്ചും ആറും മാസങ്ങൾകൊണ്ടാണ് പൂർത്തിയാകുന്നത്. അതുകൊണ്ടുതന്നെ ഷൂട്ടിങ് ടൈമിലൊക്കെ മാറ്റങ്ങൾ സംഭവിക്കാം. തമിഴിൽ രണ്ടുമൂന്ന് സിനിമകൾ ഇതുവരെ ചെയ്തിട്ടുണ്ട്. ശങ്കർ സാറിന്റെ യന്തിരൻ ടു അതിനുശേഷം പ്രഭുദേവ പ്രധാനവേഷത്തിലെത്തുന്ന പേട്ട റാപ്പിലും അഭിനയിച്ചു. തമിഴ് സിനിമകളിൽ അഭിനയിക്കുമ്പോൾ പ്രതിസന്ധികൾ തോന്നാറില്ല. തമിഴ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഭാഷകൂടിയാണ്. തമിഴ് സിനിമ പണ്ടുമുതൽക്കേ കാണുമായിരുന്നു. സംസാരിക്കാനും ഇഷ്ടമാണ്. ഈ രണ്ട് ചിത്രങ്ങളിലും ഞാൻതന്നെയാണ് ഡബ് ചെയ്തിട്ടുള്ളത്. അതും ഒരു എക്സ്പീരിയൻസായിരുന്നു. എല്ലാ മലയാളി ആക്ടേഴ്സിനോടും തമിഴ് സംവിധായകർക്കും ടെക്നീഷ്യൻസിനുമെല്ലാം നല്ല ബഹുമാനമാണ്. മലയാളസിനിമകൾക്കുള്ള അംഗീകാരംകൂടിയാണത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]