
കൊച്ചി: ആ വീഴ്ച അമിതാഭ് ബച്ചൻ ഒരിക്കലും മറക്കില്ല, മരണംവരെ ഡോ. മറിയാമ്മയും മറന്നിട്ടുണ്ടായിരുന്നില്ല. ഇന്ത്യയുടെ ഇതിഹാസ താരത്തെ മരണത്തിന്റെ വക്കിൽനിന്ന് രക്ഷിക്കാൻ കണ്ണിമപൂട്ടാതെ കാത്തിരുന്ന ഡോക്ടർ സംഘത്തിലുണ്ടായിരുന്ന മറിയാമ്മ അലക്സാണ്ടർ, കഴിഞ്ഞ ദിവസം എന്നേക്കുമായി കണ്ണടച്ചു.
1982-ൽ ‘കൂലി’ സിനിമയുടെ ഷൂട്ടിങ് ബാംഗ്ളൂർ സർവകലാശാലയുടെ ലൈബ്രറിക്കുള്ളിൽ നടക്കുന്നു. പുനീത് ഇസ്സാറും ബച്ചനും തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കുന്നു. പുനീതിന്റെ ചവിട്ടേറ്റ് ബച്ചൻ ഒരു സ്റ്റീൽ മേശയിലേക്ക് വീഴണം. പക്ഷേ, ആ വീഴ്ചയിൽ അടിവയർ സ്റ്റീൽ മേശയുടെ മൂലയിൽ ശക്തമായി ഇടിച്ചതിനെ തുടർന്ന് ബച്ചനെ ബെംഗളൂരുവിലെ സെയ്ന്റ് ഫിലോമിനാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോ. എച്ച്.എസ്. ഭട്ടും ഡോ. ജോസഫ് ആന്റണിയുമാണ് ബച്ചനെ പരിശോധിച്ചത്. ഹൃദയമിടിപ്പ് ഇരുന്നൂറിനടുത്ത്. കുടലിൽ മുറിവേറ്റതിന്റെ ലക്ഷണം… അണുബാധയും. അടിയന്തര ശസ്ത്രക്രിയ വേണം. അപ്പോഴാണ് അനസ്തീസ്യ നൽകാൻ ആളില്ലാതായത്. ഒന്നുപിഴച്ചാൽ പഴികേൾക്കേണ്ടി വരുമെന്നതിനാൽ അനസ്തീസ്യ വിദഗ്ധരിൽ പലരും പിൻമാറി.
പ്രശസ്ത കാർഡിയോതൊറാസിക് സർജൻ ഡോ. അലക്സാണ്ടറുടെ ഭാര്യയും അക്കാലത്തെ പ്രശസ്ത അനസ്തീസിയോളജിസ്റ്റുമായിരുന്നു മറിയാമ്മ. ശസ്ത്രക്രിയ നടക്കുമ്പോൾ ഡോ. മറിയാമ്മയുടെ ശ്രദ്ധ മുഴുവൻ ബച്ചനെ നിരീക്ഷിക്കുന്നതിലായിരുന്നു. പൾസ് നോക്കാൻ അവരുടെ വിരൽത്തുമ്പുകൾ ബച്ചന്റെ കൈത്തടത്തിൽ തന്നെ വെച്ചിരുന്നു.
ആ ശസ്ത്രക്രിയ വിജയമായി. പിന്നാലെ ബച്ചനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസം കഴിഞ്ഞാണ് ബച്ചൻ ആശുപത്രി വിട്ടത്.
എറണാകുളം മാർക്കറ്റ് റോഡിലെ ചൂളയ്ക്കൽ പുത്തൻവീട്ടിൽ കുടുംബാംഗമായ മറിയാമ്മ ഏറെക്കാലം ബെംഗളൂരുവിലാണ് പ്രവർത്തിച്ചത്, തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു പഠനം. വിരമിച്ച ശേഷം 2017-18-ലാണ് പെരുമ്പാവൂർ ചെമ്പറക്കിയിലെ ബ്ലെസ് റിട്ടയർമെന്റ് ലിവിങ്ങിലേക്ക് എത്തുന്നത്.
യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന അവർ ഒരിക്കൽ ഭർത്താവുമൊന്നിച്ച് ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്ക് കാർമാർഗമാണ് വന്നത്.
എൺപത്തിനാലാം വയസ്സിലും ബ്ലെസിലെ മോഡലിങ്ങിലുൾപ്പെടെയുള്ള ആഘോഷങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു. ഒരുപാട് സ്ഥാപനങ്ങളെയും വ്യക്തികളെയും സഹായിച്ചിരുന്നു.
കഴിഞ്ഞ വർഷമാണ് ബ്രെയിൻ ട്യൂമർ കണ്ടെത്തി ശസ്ത്രക്രിയ നടത്തിയത്. പിന്നീട് പാൻക്രിയാസിൽ കാൻസർ ബാധിച്ചതോടെയാണ് സ്ഥിതി മോശമായത്.
ഡോ.മറിയാമ്മ അലക്സാണ്ടർ അന്തരിച്ചു
പെരുമ്പാവൂർ: ബെംഗളൂരു കേന്ദ്രമാക്കി ദീർഘകാലം പ്രവർത്തിച്ചിരുന്ന പ്രശസ്ത അനസ്തീസിയോളജിസ്റ്റ് ഡോ. മറിയാമ്മ അലക്സാണ്ടർ (86) അന്തരിച്ചു. അഞ്ചുവർഷമായി പെരുമ്പാവൂർ ചെമ്പറക്കിയിലെ ബ്ലെസ് റിട്ടയർമെന്റ് ലിവിങ്ങിലായിരുന്നു താമസം.
ഹാർവാഡ് യൂണിവേഴ്സിറ്റി, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്ന് അനസ്തീസിയോളജിയിൽ ഉപരിപഠനം നടത്തി അമേരിക്കൻ ബോർഡ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ മറിയാമ്മ ചികിത്സാമേഖലയിൽ ഒട്ടനവധി നൂതന ആശയങ്ങൾ നടപ്പിലാക്കി.
ബെംഗളൂരുവിൽ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ അമിതാഭ് ബച്ചനെ ചികിത്സിച്ച സർജറി ടീമിൽ മറിയാമ്മയുടെ സേവനം ശ്രദ്ധേയമായിരുന്നു. കാർഡിയോ-തൊറാസിക് സർജനായിരുന്ന പരേതനായ ഡോ. ഫിലിപ്പ് അലക്സാണ്ടറാണ് ഭർത്താവ്.
റിട്ട. ഡെപ്യൂട്ടി സെക്രട്ടറി എറണാകുളം ചൂളയ്ക്കൽ പുത്തൻ വീട്ടിൽ പരേതനായ ലോനൻ ജോസഫിന്റെയും തൃശ്ശൂർ ആട്ടോക്കാരൻവീട്ടിൽ പരേതയായ കാതറീന്റെയും മകളാണ്.
മക്കൾ: ഡോ. ഫിലിപ്പ് ജോസഫ് അലക്സാണ്ടർ, ഡോ. ബിന്ദു അലക്സാണ്ടർ (യു.എസ്.). മരുമക്കൾ: ദീപ അലക്സാണ്ടർ (യു.എസ്.), അങ്കുഷ് പട്ടേൽ (യു.എസ്.). സഹോദരങ്ങൾ: മേജർ ആന്റണി ചൂളയ്ക്കൽ (എറണാകുളം), ഡോ. ജോൺ ജോസഫ് (ജെ.ജെ. ഡെന്റൽ ക്ലിനിക്, പെരുമ്പാവൂർ), ത്രേസ്യ ആന്റോ (ചാലക്കുടി), പരേതരായ തങ്കമ്മ ജോർജ് ചക്കുങ്കൽ, ജോസ് ചൂളയ്ക്കൽ (ആർക്കിടെക്ട്).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]