
രാജപുരം (കാസർകോട്): നിയമപാലനത്തിന്റെ സമ്മർദങ്ങൾക്കും ജോലിത്തിരക്കിനുമിടയിൽ രാത്രി വൈകി വീണുകിട്ടിയ ഇടവേള. ഒന്നും നോക്കിയില്ല, സ്റ്റേഷനകത്തെ കസേരയിൽ ഇരുന്ന് ഷൈജുവും ശ്രീകുമാറും സ്വയംമറന്ന് പാടി. അതുകേട്ട് താളംപിടിച്ചും പ്രോത്സാഹനം നൽകിയും സഹപ്രവർത്തകരുമെത്തി. അതിനിടെ ആ മനോഹരമായ ഗാനാലാപനം സഹപ്രവർത്തക പി. ബിന്ദു മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഏറെ വൈകിയില്ല. കാക്കിക്കുള്ളിലെ കലാകാരൻമാരെ തേടി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അശംസാ സന്ദേശങ്ങളും ഫോൺ വിളികളുമെത്താൻ തുടങ്ങി. അതിനിടെ പാട്ടിന്റെ വീഡിയോ സ്വകാര്യ ചാനലിലും പ്രചരിച്ചു. അതോടെ ആയിരക്കണക്കിന് ആളുകളാണ് ഈ പോലീസ് സുഹൃത്തുക്കളുടെ ഗാനാലാപന വീഡിയോ കണ്ടത്.
രാജപുരം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരാണ് കെ. ഷൈജുവും എൻ. ശ്രീകുമാറും. ദിവസങ്ങൾക്ക് മുൻപ് നൈറ്റ് ഡ്യൂട്ടിയുടെ തിരക്കൊഴിഞ്ഞ സമയം. സ്റ്റേഷനിൽ വെറുതെയിരിക്കുന്നതിനിടെ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടൊന്നുമില്ലാത്ത ഇരുവരും ചേർന്ന് മികച്ച സിനിമാ ഗാനങ്ങളിലൊന്നായ ഉണരൂമീ ഗാനം എന്നുതുടങ്ങുന്ന പാട്ട് സഹപ്രവർത്തകർക്കായി പാടുകയായിരുന്നു.
വീഡിയോ ചിത്രീകരിക്കുന്നതൊന്നും അറിയാതെ മൊബൈലിൽ ട്രാക്ക് വച്ചായിരുന്നു ഗാനാലാപനം. പാടിക്കഴിഞ്ഞതോടെ സഹപ്രവർത്തകർ ഒന്നാകെ അഭിനന്ദനവുമായി എത്തി. ദിവസങ്ങൾക്കകം സാമൂഹിക മാധ്യമങ്ങളും സ്വകാര്യ ടി.വി. ചാനലുകാരും ഏറ്റടെുത്തതോടെ ഇരുവരും ചേർന്ന് പാടിയ പാട്ട് ഹിറ്റാകുകയായിരുന്നു.
അലന്തട്ട സ്വദേശിയായ ഷൈജുവും എണ്ണപ്പാറ സ്വദേശിയായ ശ്രീകുമാറും രണ്ട് വർഷം മുൻപാണ് രാജപുരം സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയത്. പാട്ടുകേട്ട് നിരവധി ആളുകൾ വിളിച്ചതായും അഭിനന്ദിച്ചതായും ഇരുവരും പറഞ്ഞു. ഷൈജു പാട്ടുമായി കൂട്ടുകൂടിയിട്ട് ചുരുക്കം കാലം മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞദിവസം ഷൈജു പാടിയ മറ്റൊരു ഗാനവും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നന്നായി പാടാൻ കഴിയുമെന്ന അത്മവിശ്വാസമുള്ള രണ്ടുപേരും ഇടയ്ക്ക് പ്രദേശിക ട്രൂപ്പുകളിലും പാടാൻ പോകാറുണ്ട്. ജോലിത്തിരക്കിനിടയിൽ പാടിയ പാടിലൂടെ നാട് തിരിച്ചറിഞ്ഞ സന്തോഷത്തിലാണ് കാക്കിക്കുള്ളിലെ ഈ കലാകാരൻമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]