![](https://newskerala.net/wp-content/uploads/2025/02/oru-jaathi-jaathakam-1024x576.jpg)
കൊച്ചി: വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തിയ ഒരു ജാതി ജാതകം എന്ന സിനിമയില്‍ ക്വീര്‍-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ റിട്ട് ഹർജി സമർപ്പിച്ചു. ആലപ്പുഴ സ്വദേശി ഷാകിയ് എസ്. പ്രിയംവദയാണ് സിനിമയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതും മനുഷ്യൻ്റെ അന്തസ്സ് ലംഘിക്കുന്നതും ദോഷകരമായ സ്റ്റീരിയോടൈപ്പുകൾ നിലനിർത്തുന്നതുമായ ഡയലോഗുകൾ സിനിമയിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് സിനിമക്കെതിരേ നൽകിയിരിക്കുന്ന പരാതി. ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് ആണ് കേസ് ഫയലിൽ സ്വീകരിച്ചത്.
സിനിമയിലെ LGBTQIA+ കമ്മ്യൂണിറ്റിക്കെതിരായ അപമാനകരമായ വാക്കുകളോ സംഭാഷണങ്ങളോ ബീപ്പ് ചെയ്യാനോ സെൻസർ ചെയ്യാനോ നിർദ്ദേശം പുറപ്പെടുവിക്കണമെന്നും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ നൽകിയത് ഉൾപ്പെടെ ഒരു കോപ്പിയിലും അത്തരം ഡയലോഗുകൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹര്ജിക്കാരന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തിങ്കളാഴ്ച സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് കോടതി നോട്ടീസ് അയക്കും.
സിനിമയിലെ ക്വീര്‍ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നും അതിനായി മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും പരാതിയിൽ പറയുന്നു.
ട്രാൻസ്ജെൻഡർ പേഴ്സൺസ് ആക്റ്റ് 2019 ലെ സെക്ഷൻ 18 പ്രകാരം കുറ്റം ചെയ്തതിന് സംവിധായകനും പ്രൊഡക്ഷൻ കമ്പനിയ്ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തോട് നിർദേശശിക്കണമെന്നും ഇവർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിഭാഷകരായ പത്മ ലക്ഷ്മി, ഇര്ഫാന് ഇബ്രാഹീം സേട്ട്, മീനാക്ഷി കെ.ബി എന്നിവരാണ് പരാതിക്കാരന് വേണ്ടി കോടതിയില്‍ ഹാജരായത്.
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാകേഷ് മണ്ടോടി തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]