
മുംബൈ: ഗായിക ലതാ മങ്കേഷ്കറിന്റെ സ്മരണാർഥം മുംബൈയിൽ സ്ഥാപിക്കുന്ന സംഗീത കോളേജിനായി മഹാരാഷ്ട്ര സർക്കാർ 210.5 കോടിരൂപ അനുവദിച്ചു. മുംബൈ സർവകലാശാലയുടെ കലീന കാംപസിലെ 7000 ചതുരശ്രമീറ്റർ സ്ഥലത്താണ് കോളേജ് സ്ഥാപിക്കുക.
ഭാരത്രത്ന ലതാ ദീനാനാഥ് മങ്കേഷ്കർ ഇന്റർനാഷണൽ കോളേജ് ഓഫ് മ്യൂസിക് ആൻഡ് മ്യൂസിയം എന്നാണ് സ്ഥാപനത്തിന്റെ പേര്. ഏഴിന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ തറക്കല്ലിടും. ലതാ മങ്കേഷ്കറിന്റെ രണ്ടാം ചരമവാർഷികത്തിന് രണ്ടുദിവസംമാത്രം ശേഷിക്കെയാണ് തുകയനുവദിച്ചത്. നിർമാണത്തിനായി ടെൻഡർ ക്ഷണിക്കും. മൂന്നുവർഷത്തിനകം പണി പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ.
ഡിപ്ലോമ, ഡിഗ്രി കോഴ്സുകളായിരിക്കും ഇവിടെ നടത്തുക. 2022 ജനുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് സംഗീത കോളേജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, തുകയനുവദിച്ചിരുന്നില്ല. കലീന കാംപസിൽ നിർമിക്കുമെന്ന് മാത്രമായിരുന്നു പ്രഖ്യാപനം. സ്ഥാപനത്തിന്റെ രൂപകല്പനയ്ക്കായി സർക്കാർ മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന മാതൃക പ്രകാരമായിരിക്കും നിർമാണം. മങ്കേഷ്കർ കുടുംബത്തിന്റെ അഭിപ്രായംകൂടി ചോദിച്ചറിഞ്ഞ ശേഷമായിരിക്കും മാതൃക നിശ്ചയിക്കുക. ശിലാസ്ഥാപനവേളയിൽ മുഖ്യമന്ത്രി മാതൃക പുറത്തിറക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]