സിനിമയിലെ പാട്ടുകളെല്ലാം പാടുന്നത് പ്രേംനസീർ ആണെന്നായിരുന്നു കുട്ടിക്കാലത്തെ ധാരണ. പിന്നെ ആരോ പറഞ്ഞറിഞ്ഞു യേശുദാസ് എന്നൊരാൾ പാടുന്നതിനനുസരിച്ച് ചുണ്ടനക്കുക മാത്രമേ ചെയ്യുന്നുള്ളൂ അദ്ദേഹം എന്ന്. അതോടെ പാട്ടുകാരനോടായി ആരാധന.
എല്ലാ അറിവുകളും വിസ്മയമായിരുന്നു അന്ന്. യേശുദാസ് മാത്രമല്ല ജയചന്ദ്രൻ എന്നൊരു ഗായകൻ കൂടിയുണ്ടെന്ന് ആദ്യം പറഞ്ഞു മനസ്സിലാക്കിത്തന്നത് അച്ഛന്റെ ഏട്ത്തി ചിന്നമ്മു വല്യമ്മയാണ്. അന്നത്തെ യു പി സ്കൂൾ കുട്ടിക്ക് ഇരു ശബ്ദങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയെടുക്കുക എളുപ്പമായിരുന്നില്ല. അത് തിരിച്ചറിയാൻ “പൂവും പ്രസാദവും” എന്ന പാട്ട് കേൾക്കുംവരെ കാത്തിരിക്കേണ്ടി വന്നു അവന്. തൊട്ടപ്പുറത്തെ അച്ഛന്റെ ഓഫീസ് മുറിയിൽ പാടിക്കൊണ്ടിരുന്ന റേഡിയോയിൽ നിന്ന് കോണിച്ചോട്ടിലെ ഞങ്ങളുടെ പഠന മുറിയിലേക്ക് ആ ഗാനം ആദ്യം ഒഴുകിവന്നത് ഓർമയുണ്ട്. കുറെ കിളിയൊച്ചകളിൽ നിന്നാണ് തുടക്കം; നേർത്തൊരു ഓടക്കുഴൽ നാദം കേൾക്കാം പശ്ചാത്തലത്തിൽ; തൊട്ടു പിന്നാലെ മനം മയക്കുന്ന ഒരു ഹമ്മിംഗും. അത് കഴിഞ്ഞാണ് ഗായകന്റെ ശബ്ദത്തിൽ വരികൾ ഒഴുകിത്തുടങ്ങുക.
“പുസ്തകം വായിക്കണ ശബ്ദമൊന്നും കേൾക്കണില്ലല്ലൊ; അവിടെന്താ പണി” എന്ന് അച്ഛൻ അപ്പുറത്ത് നിന്ന് വിളിച്ചു ചോദിക്കും വരെ ആ പാട്ടിന്റെ ലഹരിയിൽ മുഴുകിയിരിക്കും ഞാൻ. മുന്നിൽ തുറന്നുവെച്ച പാഠപുസ്തകത്തിലെ അക്ഷരങ്ങൾ വീണ്ടും കണ്ണിൽ തെളിയുമ്പോഴേക്കും അവതാരകയുടെ മൊഴി കേൾക്കാം : “നിങ്ങൾ ഇപ്പോൾ കേട്ടത് തോക്കുകൾ കഥ പറയുന്നു എന്ന ചിത്രത്തിൽ പി. ജയചന്ദ്രൻ പാടിയ പാട്ട്. രചന : വയലാർ, സംഗീതം ദേവരാജൻ..” ജയചന്ദ്രൻ — ആ പേര് മനസ്സിൽ പതിഞ്ഞത് അന്നാണ് .
“യേശ്വാസിന്റെ എളേ അനിയനാ ജയേന്ദ്രൻ”– ആറിൽ ഒപ്പം പഠിച്ചിരുന്ന ജോയി പിറ്റേന്ന് എന്നോട് പറഞ്ഞു. എന്നെ പറ്റിക്കാനായിരുന്നില്ല. അവനോട് അവന്റെ അച്ചായൻ പറഞ്ഞതാണ് പോലും. വിശ്വസിക്കാനാണ് ആദ്യം തോന്നിയത്. എവിടെയോ എന്തോ ഒരു സാമ്യം തോന്നിയിരുന്നു എനിക്കും; ഏട്ടനും അനിയനും പോലെ. ഇക്കഥ വീട്ടിൽ ചെന്ന് പറഞ്ഞപ്പോൾ വല്യമ്മ പൊട്ടിച്ചിരിച്ചു : “അതെങ്ങന്യാ . യേശ്വാസ് ക്രിസ്ത്യാനിയാ ; ജയചന്ദ്രൻ ഹിന്ദൂം . ഇനിക്ക് ഇത്തിരിക്കൂടി ഇഷ്ടം ജയചന്ദ്രന്റെ പാട്ടാണ് ട്ട്വോ. നല്ല തൊറന്ന ശബ്ദാ. ” വല്യമ്മ പറഞ്ഞു. മലയാളിയുടെ പുരുഷസങ്കല്പങ്ങൾക്കിണങ്ങുന്ന ശബ്ദമുള്ള ഗായകൻ എന്ന് പിൽക്കാലത്ത് — വർഷങ്ങൾക്ക് ശേഷം — ദേവരാജൻ മാസ്റ്റർ ജയചന്ദ്രനെ വിശേഷിപ്പിച്ചു കേട്ടപ്പോൾ എനിക്കാദ്യം ഓർമ്മ വന്നത് വല്യമ്മയുടെ വാക്കുകളാണ് . “നല്ല ഉരുളൻ കല്ല് പോലത്തെ ശബ്ദം. വല്യ മിനുസൊന്നും ല്ല്യാ . പക്ഷെ ആ പരുപരുപ്പ് തന്ന്യാ അതിന്റെ രസം.” എത്ര സുചിന്തിതമായ നിരീക്ഷണം.
പ്രണയഗാനങ്ങളിലാണ് ജയചന്ദ്രന്റെ പ്രതിഭ പൂത്തുലയാറുള്ളതെന്ന് തോന്നും ചിലപ്പോൾ. “ഇന്ദുമുഖീ ഇന്ന് രാവിൽ എന്തു ചെയ്വൂ നീ” എന്ന് ചോദിക്കുന്ന “മുത്തശ്ശി”യിലെ യുവകാമുകന്റെ സ്ഥാനത്ത് “ഏകാന്തസന്ധ്യ വിടർന്നൂ സ്നേഹയമുനാനദിക്കരയിൽ ഇന്നും അവൾ മാത്രം വന്നില്ല” എന്ന് പരിഭവിക്കുന്ന ക്രോണിക് ബാച്ച്ലർ കാമുകൻ വന്നുവെന്നു മാത്രം. ഉള്ളിലെ പ്രണയം ഈ പ്രായത്തിലും കെടാതെ സൂക്ഷിക്കുന്നതെങ്ങനെ എന്ന് ചോദിച്ചിട്ടുണ്ട് ജയചന്ദ്രനോട്. “അറിയില്ല” എന്നാണുത്തരം. “എല്ലാം ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം.”
അതേ ചോദ്യത്തിന് ഗിരീഷ് പുത്തഞ്ചേരി നൽകിയ മനോഹരമായ മറ്റൊരുത്തരമുണ്ട്: “സ്വാഭാവികമായി വന്നു നിറയുകയാണ് എല്ലാ വികാരങ്ങളും അദ്ദേഹത്തിന്റെ ശബ്ദത്തിൽ. ജയേട്ടൻ പോലും അതറിയണമെന്നില്ല. പാട്ടെഴുത്തുകാരനോ സംഗീത സംവിധായകനോ ഉദ്ദേശിക്കുന്ന ഭാവതലത്തിനപ്പുറത്തേക്ക് വരികളേയും വാക്കിനേയും അക്ഷരത്തെയും വരെ അനായാസം ഉയർത്തിക്കൊണ്ടുപോകുന്നു അദ്ദേഹം. അധികം ഗായകരിൽ കണ്ടിട്ടില്ല ആ സവിശേഷത.”
“രണ്ടാം ഭാവം” എന്ന ചിത്രത്തിലെ “മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം” ഉദാഹരണമായി എടുത്തുപറയുന്നു ഗിരീഷ്. “കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞുകാലത്തെ സ്നേഹതീരം എന്ന് എഴുതുമ്പോൾ നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്ന ഒരു ഭാവമുണ്ട്. സംഗീതസംവിധായകൻ ചിട്ടപ്പെടുത്തുമ്പോൾ അതിൽ മറ്റൊരു ഭാവം വന്നു നിറഞ്ഞേക്കാം. ജയേട്ടൻ പാടുമ്പോഴോ? ഞാനും വിദ്യാസാഗറുമൊന്നും മനസ്സിൽ കാണാത്ത ഏതോ സ്നേഹതീരത്തിലേക്ക് ഹൃദയം കൊണ്ട് ആ വരിയെ ഉയർത്തിക്കൊണ്ടുപോകുന്നു അദ്ദേഹം. പുലർമഞ്ഞും സ്നേഹവുമൊന്നും അത്രയും ആർദ്രമായി മറ്റാർക്കും നമ്മെ അനുഭവിപ്പിക്കാൻ കഴിയില്ല എന്ന് തോന്നും അപ്പോൾ.”
ഗിരീഷ് രചിച്ച വേറെയും ജയചന്ദ്രഗീതങ്ങളിൽ അത്ഭുതകരമായ ഈ “പകർന്നാട്ട”ത്തിന്റെ ഇന്ദ്രജാലം തൊട്ടറിയുന്നു നാം. ആരും ആരും കാണാതെ (നന്ദനം), അറിയാതെ അറിയാതെ (രാവണപ്രഭു), വിരൽ തൊട്ടാൽ വിരിയുന്ന (ഫാന്റം), ആരാരും കാണാതെ (ചന്ദ്രോത്സവം), കണ്ണിൽ കണ്ണിൽ, ഉറങ്ങാതെ രാവുറങ്ങീ (ഗൗരീശങ്കരം), എന്തേ ഇന്നും വന്നീലാ (ഗ്രാമഫോൺ), കണ്ണുനട്ട് കാത്തിരുന്നിട്ടും (കഥാവശേഷൻ)…. എല്ലാം മലയാളികൾ ഹൃദയത്തിലേറ്റുവാങ്ങിയ ഗാനങ്ങൾ.
“ശിശുസഹജമായ നിഷ്കളങ്കത ഈ പ്രായത്തിലും കാത്തുസൂക്ഷിക്കുന്നു എന്നതാണ് ജയേട്ടന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്”– ജയചന്ദ്രനാദത്തിലെ കാൽപ്പനിക ഭാവം ഔചിത്യബോധത്തോടെ പ്രയോജനപ്പെടുത്തിയിട്ടുള്ള പുതുകാലഘട്ടത്തിലെ സംഗീത സംവിധായകരിലൊരാളായ ബിജിബാലിന്റെ വാക്കുകൾ. “അദ്ദേഹത്തിന്റെ ഉള്ളിലെ കുറുമ്പുകാരൻ കുട്ടിയെ നമ്മൾ കണ്ടറിഞ്ഞു ഔചിത്യപൂർവം ട്രീറ്റ് ചെയ്താൽ മതി, ബാക്കിയെല്ലാം എളുപ്പമാവും. ഏത് കടുകട്ടി പാട്ടും നമ്മൾ ഉദ്ദേശിക്കുന്ന തലത്തിനപ്പുറത്തേക്ക് സഞ്ചരിച്ചു പാടിഫലിപ്പിക്കാൻ കഴിയുന്ന ഗായകനാണ് അദ്ദേഹം.” പ്രേമിക്കുമ്പോൾ നീയും ഞാനും എന്ന ഗാനം (റഫീഖ് അഹമ്മദ് — ബിജിബാൽ) ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. ബിജിബാൽ മാത്രമല്ല, സമകാലീനരായ മിക്ക യുവസംഗീതസംവിധായകരും ജയചന്ദ്രന്റെ ശബ്ദത്തിൽ നിന്ന് ഹിറ്റുകൾ മിനഞ്ഞെടുത്തവർ. ഇക്കൂട്ടത്തിൽ പെട്ട പല പ്രതിഭകളെയും സിനിമയിൽ അടയാളപ്പെടുത്തിയത് തന്നെ ജയചന്ദ്രഗാനങ്ങൾ ആണെന്ന് അത്ഭുതത്തോടെ തിരിച്ചറിയുന്നു നാം.
സുരേഷ് പീറ്റേഴ്സ് (രാവണപ്രഭുവിലെ അറിയാതെ അറിയാതെ, മഴത്തുള്ളികിലുക്കത്തിലെ തേരിറങ്ങും മുകിലേ), ഗോപീസുന്ദർ (1983 ലെ ഓലഞ്ഞാലി കുരുവീ, ക്യാപ്റ്റനിലെ പെയ്തലിഞ്ഞ നിമിഷം), ദീപക് ദേവ് (സിംഫണിയിലെ ചിത്രമണിക്കാട്ടിൽ, ക്രോണിക് ബാച്ലറിലെ സ്വയംവരചന്ദ്രികേ, ചിറകൊടിഞ്ഞ കിനാക്കളിലെ നിലാക്കുടമേ), അൽഫോൻസ് (ജലോത്സവത്തിലെ കേരനിരകളാടും, വെള്ളിത്തിരയിലെ നീ മണിമുകിലാടകൾ), വിശ്വജിത് (ക്യാപ്റ്റനിലെ പാട്ടുപെട്ടി), സ്റ്റീഫൻ ദേവസ്സി (ഹരിഹരൻ പിള്ള ഹാപ്പിയാണിലെ തിങ്കൾ നിലാവിൽ), ഹിഷാം അബ്ദുൾ വഹാബ് (കാപ്പുച്ചിനോയിലെ എങ്ങനെ പാടേണ്ടു ഞാൻ), രതീഷ് വേഗ (മരുഭൂമിയിലെ ആനയിലെ മണ്ണപ്പം ചുട്ടു കളിക്കണം), ആനന്ദ് മധുസൂദനൻ (പാ.വയിലെ പൊടിമീശ മുളക്കണ പ്രായം), അഫ്സൽ യൂസഫ് (ഗോഡ് ഫോർ സെയിലിലെ ഇല്ലാത്താലം കൈമാറുമ്പോൾ)…..
ജയചന്ദ്രന്റെ ശബ്ദം ഒരിക്കലെങ്കിലും കാതിൽ വന്നുവീഴാത്ത ദിനങ്ങളില്ല ജീവിതത്തിൽ. റേഡിയോയിലൂടെ, ടി വിയിലൂടെ, മൊബൈലിലൂടെ, അല്ലെങ്കിൽ രാത്രിയുടെ അന്ത്യയാമങ്ങളിലെ സുദീർഘമായ ഫോൺ സംഭാഷണങ്ങളിലൂടെ ആ ശബ്ദം എന്നെ പതിവായി തേടിയെത്തുന്നു. ഓരോ ചർച്ചയും അവസാനിക്കുക മറക്കാനാവാത്ത ഒരു നിശാസംഗീതമേളയിലാണ്. കോഴിക്കോട് അബ്ദുൾഖാദറും കമുകറയും എ എം രാജയും റഫിയും മുകേഷും ഹേമന്ത് കുമാറും ലതയും സുശീലാമ്മയും ടി എം എസ്സും ഒക്കെ വന്നു നിറയുന്ന ഒരു മെഹ്ഫിൽ. ജയചന്ദ്ര ഗീതങ്ങൾ മാത്രമുണ്ടാവില്ല ആ ഗാനപ്രവാഹത്തിൽ. കാരണം ചോദിച്ചാൽ അദ്ദേഹം പറയും: “എന്റെ പാട്ടുകൾ നിങ്ങൾക്ക് കേൾക്കാനുള്ളതല്ലേ? ഞാൻ കേൾക്കുക ഈ മഹാഗായകരുടെ പാട്ടുകളാണ്; കേട്ടിട്ടും കേട്ടിട്ടും മതിയാകാത്ത പാട്ടുകൾ… മരണം വരെ ഞാൻ അവ കേൾക്കും; ഏറ്റുപാടിക്കൊണ്ടേയിരിക്കും ..” ഹൃദയത്തിൽ വന്നു തൊടുന്നു ആ വാക്കുകൾ; ആ പാട്ടുകളെ പോലെ തന്നെ.
പുനപ്രസിദ്ധീകരിച്ചത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]