മലയാളിക്ക് പ്രണയത്തിന്റെയും ഗൃഹാതുരതയുടെയും ആലാപന സൗകുമാര്യമാർന്ന ഒട്ടനവധി ഗാനങ്ങൾ നൽകിയ അനുഗ്രഹീത ഗായകനാണ് വിടപറഞ്ഞിരിക്കുന്നത്. സിനിമാ ഗാനങ്ങൾ മാത്രമല്ല, അഭിനയത്തിലും കൈവെച്ചിട്ടുണ്ട് പ്രിയ ഗായകൻ പാലിയത്ത് ജയചന്ദ്രന് എന്ന പി.ജയചന്ദ്രന്. നാല് സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. കൃഷ്ണപ്പരുന്ത്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, നഖക്ഷതങ്ങള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നിവയാണ് അവ.
1979 ഒ.രാംദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കൃഷ്ണപരുന്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിനൊപ്പം പാട്ടുപാടുകയും ചെയ്തു. കെ.ജി ജോര്‍ജ് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച് 1983-ല്‍ പുറത്തിറങ്ങിയ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്കി’ല്‍ പി.ജയചന്ദ്രനായി തന്നെയാണ് അഭിനയിച്ചത്. തുടര്‍ന്നായിരുന്നു നഖക്ഷതങ്ങളിൽ അഭിനയിച്ചത്.
എം.ടി വാസുദേവന്‍നായരാണ് തന്റെ തിരക്കഥയില്‍ ഹരിഹരന് സംവിധാനം ചെയ്ത് 1986 ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളില്‍ അഭിനയിക്കാന്‍ പി.ജയചന്ദ്രനെ പ്രേരിപ്പിച്ചത്. ഒരിക്കലും അഭിനയത്തോട് താല്പ്പര്യമില്ലായിരുന്ന ജയചന്ദ്രന് അതിലും അഭിനേതാവായി. ഒരു നമ്പൂതിരിയുടെ വേഷമായിരുന്നു സിനിമയില്‍ ലഭിച്ചത്. പെരുമാറ്റരീതികള്‍ നന്നായി അറിയാവുന്നതുകൊണ്ട് അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് ജയചന്ദ്രന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. രണ്ട് പാട്ടുകളും ഇതില്‍ ജയചന്ദ്രന് പാടി.
നഖക്ഷതങ്ങളിലെ ഒരു സീനില്‍ ജയചന്ദ്രന് വിനീതിനൊപ്പം
ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം പിന്നീട് ജയചന്ദ്രനെ അഭിനേതാവായി കണ്ടത് 2012-ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജിലാണ്. സിനിമയില്‍ നാരായണന് പോറ്റിയായി പ്രത്യക്ഷപ്പെട്ട ജയചന്ദ്രന് അതിനു ശേഷം അഭിനയിച്ചിട്ടില്ല.
എന്തുകൊണ്ടാണ് അഭിനയം തുടരാതിരുന്നതെന്ന് ഒരിക്കലൊരു മാധ്യമ പ്രവര്ത്തകന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ‘ആളുകള്‍ക്ക് സഹിക്കാവുന്നതിന് ഒരു പരിധിയില്ലെടോ’ എന്നായിരുന്നു അതിന്റെ ഉത്തരം. തന്റെ അഭിനയം ‘കണ്ട് തനിക്കൊന്നും വേറെ പണിയില്ലെടോ’ എന്ന് എ.ടി ഉമ്മര്‍ ചോദിച്ചതും അദ്ദേഹം സരസമായി പറയാറുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]