തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയഗായകന് പി.ജയചന്ദ്രന്റെ മരണത്തില്‍ അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കാല-ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാനസപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു. ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെ ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്. മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും അനുശോചന കുറിപ്പില്‍ മുഖ്യമന്ത്രി കുറിച്ചു.
ആധുനിക കേരളത്തിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് പി.ജയചന്ദ്രന്റ മനോഹര ഗാനങ്ങളെന്ന് മന്ത്രി എം.ബി രാജേഷും അനുസ്മരിച്ചു.
മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പിന്റെ പൂര്‍ണരൂപം
കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാനസപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്. ജയചന്ദ്രന്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന് ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്.
സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതില്‍ അസാമാന്യമായ സംഭാവനകള്‍ നല്കിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്.
മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീത ലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേര്‍പാട് കൊണ്ട് ഉണ്ടായിരിക്കുന്നത്. പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രന് വിട പറയുമ്പോള്‍, ആ സ്മരണകള്‍ക്കും ഗാനവീചികള്‍ക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തെ ദുഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നു.
മന്ത്രി എം ബി രാജേഷിന്റെ അനുശോചന സന്ദേശം
ഭാവഗായകന് ജയചന്ദ്രന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആധുനിക കേരളത്തിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ മനോഹര ഗാനങ്ങള്‍. മലയാള ചലച്ചിത്ര ഗാന ശാഖയുടെ വസന്തകാലത്ത് ഏറ്റവും മികച്ച ഗാനങ്ങള്‍ പാടാന്‍ അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിച്ചു. അതിലൂടെ മലയാളികളുടെയാകെ ആദരവ് നേടാനും കഴിഞ്ഞു.
വളരെ തെളിമയുള്ള ആലാപനം ആയിരുന്നു അദ്ദേഹത്തിന്റേതെന്ന് തോന്നിയിട്ടുണ്ട്. അതിനാല്‍ നേരിട്ട് ആസ്വാദകരുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ ആ ഗാനങ്ങള്‍ക്ക് കഴിഞ്ഞു. സിനിമയിലെ ഗാനരംഗം ആഗ്രഹിക്കുന്ന വികാരങ്ങളും ഭാവവും അതേപോലെ പാട്ടിലൂടെ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞതിനാലാണ് അദ്ദേഹത്തെ ഭാവഗായകനായി മലയാളികള്‍ വിശേഷിപ്പിക്കുന്നത് എന്ന് കരുതുന്നു. പെരുമാറ്റത്തിലും സംഭാഷണത്തിലും അതേ തെളിമയുള്ള മികച്ച മനുഷ്യസ്നേഹി കൂടിയായിരുന്നു ജയചന്ദ്രന്.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, മധുചന്ദ്രികയുടെ ചായ തളികയില്‍, അനുരാഗഗാനം പോലെ, നിന് മണിയറയിലെ നിര്‍മ്മലശയ്യയിലെ, കരിമുകില്‍ കാട്ടിലെ, നീലഗിരിയുടെ സഖികളേ, തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു തുടങ്ങി എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹം മലയാളികള്‍ക്കായി പാടിയത്. ഒരു ഇടവേളയ്ക്കു ശേഷം പ്രായത്തിന്റെ അടയാളങ്ങള്‍ ഒന്നും തോന്നിപ്പിക്കാതെ അദ്ദേഹം പാടിയ ‘പ്രായം നമ്മില്‍ മോഹം നല്കി’ എന്ന ഗാനം യുവതലമുറ ആകെ ഏറ്റെടുത്തതാണ്. രാസാത്തി ഉന്നൈ കാണാമെ നെഞ്ച് തമിഴ് ആസ്വാദകരെ മാത്രമല്ല, മലയാളി ആസ്വാദകരെയും ഒരേ പോലെ ആകര്‍ഷിച്ചതാണ്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങള്‍ പാടി. മലയാള ലളിതഗാന ശാഖയിലും മികവ് പ്രകടിപ്പിച്ചു. ‘ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ’ എന്ന ഗാനം ഇന്നും മലയാളികള്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നു.
മികച്ച പിന്നണിഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നിരവധി തവണ സംസ്ഥാന പുരസ്കാരവും നേടിയ അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്കാരമായ ജെ. സി. ഡാനിയേല്‍ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.
പാലക്കാട് ഒരു സുഹൃത്ത് വഴിയാണ് അദ്ദേഹത്തെ ആദ്യം പരിചയപ്പെട്ടത്. നല്ല സൗഹൃദ ബന്ധമായി അത് വളര്‍ന്നു. മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ഒരു പുരുഷായുസ്സ് കൊണ്ട് മറക്കാനാവാത്ത സംഭാവനകള്‍ നല്കിയ ഉന്നതനായ കലാകാരനെയാണ് കേരളത്തിന് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും ലക്ഷക്കണക്കായ ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]