സ്വന്തം സൃഷ്ടികളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്? സാക്ഷാല്‍ ദേവരാജന്‍ മാസ്റ്ററോടാണ് ചോദ്യം. ‘പ്രയാസമാണ് പറയാന്‍.’ — മാസ്റ്ററുടെ മറുപടി. ‘ സ്വന്തം മക്കളില്‍ ആരോടാണ് ഇഷ്ടക്കൂടുതല് എന്ന് ചോദിച്ചാല്‍ എങ്ങനെ മറുപടി പറയും ? മനസ്സില്‍ ഉദ്ദേശിച്ച പൂര്‍ണ്ണത ഏതാണ്ടൊക്കെ കൈവരിച്ച പാട്ടുകളെ കുറിച്ചാണ് ചോദ്യമെങ്കില്‍ പറയാം. രണ്ടെണ്ണമുണ്ട് — ഒരു സോളോയും ഒരു ഡ്യൂയറ്റും. അവള് എന്ന സിനിമയില്‍ സുശീല പാടിയ പ്രേമകവിതകളെ. പിന്നെ കൊട്ടാരം വില്‍ക്കാനുണ്ട് എന്ന ചിത്രത്തിലെ തൊട്ടേനേ ഞാന്‍ മനസ്സു കൊണ്ട് കെട്ടിപ്പിടിച്ചേനേ, ജയചന്ദ്രനും മാധുരിയും ചേര്‍ന്ന് പാടിയത്.”
ഏതു ദേശീയ-സംസ്ഥാന അവാര്ഡുകളെക്കാള് ജയചന്ദ്രന് വിലമതിക്കുന്ന അംഗീകാരം. മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്ത് കൊണ്ടുനടക്കുന്ന നൂറുകണക്കിന് ക്ലാസിക്കുകളില്‍ നിന്നാണ് ലക്ഷണമൊത്ത സൃഷ്ടിയായി ദേവരാജന്‍ ജയചന്ദ്രന്റെ ഈ യുഗ്മഗാനം തിരഞ്ഞെടുത്തത് എന്നോര്‍ക്കുക. മനോഹരമായ ഒരു വിരുത്തത്തില്‍ നിന്നാണ് പാട്ടിന്റെ തുടക്കം. ‘നീലക്കണ്ണുകളോ ദിനാന്തമധുര സ്വപ്നങ്ങള്‍ തന് ചന്ദനച്ചോലക്കുള്ളില് വിടര്‍ന്നു പാതിയടയും നൈവേദ്യ പുഷ്പങ്ങളോ” എന്ന് ജയചന്ദ്രന് പാടിത്തുടങ്ങുമ്പോഴേ നമ്മുടെ മനസ്സില്‍ ദീപ്തമായ ഒരു ചിത്രം തെളിഞ്ഞുവരുന്നു. വയലാറിന്റെ രചനയും ദേവരാജ സംഗീതവും ചേര്‍ന്ന് വരച്ചിടുന്ന കാവ്യഭംഗിയാര്‍ന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ ഭാവമധുരമായ ആലാപനത്തിലൂടെ മെലഡിയുടെ വര്‍ണ്ണങ്ങള്‍ ചാലിച്ചു ചേര്‍ക്കുകയാണ് ജയചന്ദ്രന്. മാധുരിയുടെ ശൃംഗാര ലോലമായ ആലാപനം കൂടി ചേരുമ്പോഴേ ആ ശ്രവ്യാനുഭവം പൂര്‍ണ്ണതയിലെത്തൂ.
ചരണത്തില്‍ ‘ചെഞ്ചൊടി കൊണ്ടൊരു നക്ഷത്ര ചിഹ്നത്തിന് ചിത്രം വരച്ചേനെ ഞാന്‍” എന്ന് ജയചന്ദ്രന് മന്ദ്രസ്ഥായിയില്‍ പാടുമ്പോള്‍ ഏതു കാമുകിയുടെ ഹൃദയമിടിപ്പാണ് ഒരു നിമിഷം നിലയ്ക്കാതിരിക്കുക ? സ്റ്റുഡിയോയുടെ ഏകാന്ത നിശബ്ദതയില്‍, ഒരൊറ്റ മൈക്കിന് ഇരുപുറവും നിന്ന് പാടുന്ന ഗായകര്‍ക്കിടയില്‍ പരസ്പരമുള്ള ആദരവില്‍ അധിഷ്ഠിതമായ, തികച്ചും ‘പോസിറ്റീവ്” ആയ ഒരു മത്സരം ഉണ്ടാകുന്നത് സ്വാഭാവികം. നിരുപാധികമായ ആ മത്സര ബുദ്ധി തന്നെയാവണം ജയചന്ദ്രന്-മാധുരിമാരുടെ യുഗ്മഗാനങ്ങളെ കാലത്തിനപ്പുറത്തേക്ക് വളര്‍ത്തിയത്.
യുഗ്മഗാനങ്ങളില്‍ എന്തുകൊണ്ട് ജയചന്ദ്രനൊപ്പം മാധുരിയെ കൂടുതല്‍ ഉപയോഗിച്ചു എന്നതിന് ദേവരാജന്‍ മാസ്റ്ററുടെ വിശദീകരണം ഇങ്ങനെ: ‘വിധേയത്വം കുറഞ്ഞ സ്ത്രീ ശബ്ദമാണ് അവരുടേത്. അത്തരം ശബ്ദങ്ങള്‍ അത്യപൂര്‍വമാണ് നമ്മുടെ സിനിമാലോകത്ത്. വളരെ നേര്‍ത്ത, പട്ടുപോലെ മൃദുലമായ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സുഖമുണ്ടായെന്നിരിക്കും. പക്ഷെ അവയില്‍ ഭാവാംശം കുറവായിരിക്കും. പാട്ടുകളില്‍ ഭാവത്തിനാണ് ഏറ്റവും പ്രാധാന്യം എന്ന് വിശ്വസിക്കുന്നു ഞാന്‍. ”
പലപ്പോഴും നമ്മുടെ യുഗ്മഗാനങ്ങളില്‍ ഗായികാശബ്ദം ഗായകന്റെ നിഴലില്‍ ഒതുങ്ങിപ്പോകുന്നതിനെ കുറിച്ച് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇരു ശബ്ദങ്ങളും പരസ്പരപൂരകങ്ങള്‍ ആകുമ്പോഴേ യുഗ്മഗാനങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തൂ എന്ന് വിശ്വസിച്ചു മാസ്റ്റര്‍.
മാധുരിയുടെ വേറിട്ട ശബ്ദവും ആലാപനശൈലിയും ഉള്‍ക്കൊള്ളാന്‍ മടിച്ചു നിന്നവര്‍ പോലും ജയചന്ദ്രനൊപ്പം അവര്‍ പാടിയ യുഗ്മഗാനങ്ങളെ കുറിച്ച് പ്രശംസാപൂര്‍വം സംസാരിച്ചു കേട്ടിട്ടുണ്ട്: മല്ലികാബാണന് തന്റെ വില്ലെടുത്തു മന്ദാര മലര് കൊണ്ട് ശരം തൊടുത്തു (അച്ചാണി), സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലില്‍ ഞാന്‍ (അങ്കത്തട്ട്), രൂപവതി നിന് രുചിരാധരമൊരു രാഗപുഷ്പമായ് വിടര്‍ന്നു (കാലചക്രം), കസ്തൂരി മല്ലിക പുടവ ചുറ്റി കാനന കന്യയാം കാമവതി (സത്യവാന് സാവിത്രി), മംഗലാം കാവിലെ മായാ ഗൗരിക്ക് (ധര്‍മയുദ്ധം), പവിഴമല്ലീ നിന്റെ കപോലത്തില്‍ (അമര്‍ഷം), വാര്‍മേഘ വര്‍ണന്റെ മാറില്‍ (സാഗര സംഗമം)…
എങ്കിലും ഗായികമാരില്‍ പി സുശീലയാണ് ജയചന്ദ്രന് കൂടുതല്‍ പ്രിയങ്കരി. നിളയുടെ ശാലീനതയാണ് എസ് ജാനകിയെങ്കില്, പെരിയാറിന്റെ മാദകത്വമാണ് സുശീലയെന്ന് പറയും ജയചന്ദ്രന്.
ജന്മസിദ്ധമായി തന്നെ ഭാവസമ്പുഷ്ടമാണ് സുശീലയുടെ ശബ്ദം. പ്രണയവും വിരഹവും വേദനയും വാത്സല്യവും എല്ലാം സ്വാഭാവികമായി വന്നുചേരും ആ ആലാപനത്തില്‍. എഴുപതുകളിലെ ജയചന്ദ്രന്റെ കാല്‍പനികനാദവുമായി അത് ലയിച്ചുചേരുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നറിയാന്‍ ഒരൊറ്റ പാട്ട് കേട്ടു നോക്കുകയേ വേണ്ടൂ: ശ്രീമദ് ഭഗവദ് ഗീതയിലെ ‘വിലാസലോലുപയായി വസന്തകൗമുദി വന്നു.” കല്യാണവസന്തം എന്ന രാഗത്തിന്റെ പ്രണയഭാവം മുഴുവന്‍ ആവാഹിച്ച് ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയ അസാധാരണ ഗാനം. ഗായകരുടെ ഇന്‍വോള്‍മെന്റ് കണക്കിലെടുത്താല്‍ മലയാളസിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച യുഗ്മ ഗാനങ്ങളില്‍ ഒന്നായി എണ്ണപ്പെടേണ്ട പാട്ട്. ആദ്യ ചരണത്തില്‍ (വനാന്തശീതള നളിനീ, നളിനീ വര്‍ണ്ണ മനോഹരിയായി..) ജയചന്ദ്രന്റെ ശബ്ദത്തിനു പൊന്‍കസവു ഞൊറിയുകയാണ് സുശീലയെങ്കില്‍, രണ്ടാമത്തേതില്‍ സുശീലയുടെ ആലാപനത്തിന് തൊടുകുറിയാകുന്നു ജയചന്ദ്രനാദം.
മറ്റൊരു പ്രത്യേകത കൂടിയുണ്ട് ‘വിലാസലോലുപയായ് ‘ എന്ന പാട്ടിന്. ഈ ഗാനത്തില്‍ ആകൃഷ്ടനായാണ് പൊണ്ണുക്കെത്ത പുരുഷന് (1992) എന്ന ചിത്രത്തിന് വേണ്ടി ജയചന്ദ്രന്റെയും സ്വര്‍ണ്ണലതയുടെയും ശബ്ദത്തില്‍ ദേവതൈ വന്താള്‍ എന്ന ഗാനം ഇളയരാജ സൃഷ്ടിച്ചത്.
ജയചന്ദ്രനും സുശീലയും തമ്മിലുള്ള സര്‍ഗാത്മകമായ ‘കൊടുക്കല്‍ വാങ്ങല്‍” പ്രക്രിയ കൊണ്ട് ശ്രദ്ധേയമായ വേറെയും യുഗ്മഗാനങ്ങളുണ്ട് : മകരം പോയിട്ടും മാടമുണര്‍ന്നിട്ടും മാറത്തെ കുളിരൊട്ടും പോയില്ലേ ( വെളുത്ത കത്രീന), സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമന് (വാഴ്വേമായം), മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം, പൊന്നമ്പിളിയുടെ പൂമുഖ വാതിലില്‍ (മിസ് മേരി), ചന്ദ്രോദയം കണ്ടു കൈകൂപ്പി നില്ക്കും (സിന്ധു), അനുരാഗനാട്ടിലെ തമ്പുരാട്ടി (മദാലസ), മുല്ലപ്പൂ മണമോ (മുക്കുവനെ സ്നേഹിച്ച ഭൂതം) …അങ്ങനെയങ്ങനെ.
യുഗ്മഗാനങ്ങളുടെ രാജകുമാരനാണ് ജയചന്ദ്രന് എന്ന് പറയുമായിരുന്നു മരിച്ചുപോയ എന്റെ സുഹൃത്തും ഭാവഗായകന്റെ അടിയുറച്ച ആരാധകനുമായിരുന്ന ഹരി. ജയചന്ദ്രന്റെ യുഗ്മഗാനങ്ങള്‍ മാത്രമടങ്ങിയ ഒരു കാസറ്റ് ആദ്യമായി സമ്മാനിച്ചത് ഹരിയാണ്. യുഗ്മഗാനങ്ങളില്‍ ഒപ്പം പാടുന്ന ഗായികമാരുടെ ആലാപന ശൈലിയുമായി എളുപ്പം താദാത്മ്യം പ്രാപിക്കാന്‍ ജയചന്ദ്രനോളം കഴിവുള്ള മറ്റൊരു ഗായകനുമില്ല മലയാളത്തില്‍ എന്ന് വാദിച്ചു അവന്. ‘എനിക്കേറെയിഷ്ടം ജാനകിയോടൊപ്പം ജയചന്ദ്രന് പാടിയ യുഗ്മഗാനങ്ങളാണ്. സ്ഫടിക സമാനമായ രണ്ടു അരുവികള്‍ ഒരുമിച്ചുചേര്ന്നൊഴുകുന്ന പ്രതീതി ജനിപ്പിക്കും ആ പാട്ടുകള്‍. ഒരേ സമയം സുതാര്യതയും കുളിര്‍മ്മയും അനുഭവപ്പെടുത്തുന്ന ശബ്ദങ്ങള്‍.” — ഹരി പറയും.
‘റസ്റ്റ് ഹൗസി”ലെ യമുനേ യദുകുല രതിദേവനെവിടെ എന്ന ഗാനം (ശ്രീകുമാരന്‍ തമ്പി- അര്ജുനന്) അപൂര്‍വ ശ്രവ്യാനുഭവമായി ഓര്‍മ്മയിലുണ്ട്. ഗുണസിംഗിന്റെ പുല്ലാങ്കുഴല്‍ നാദവീചികളുടെ അകമ്പടിയോടെ ജാനകി പാടിത്തുടങ്ങുന്ന ആ പാട്ടില്‍ പല്ലവി കഴിഞ്ഞു ചരണത്തിനിടക്കാണ് ജയചന്ദ്രന് കടന്നു വരുന്നത് — അതും എന്തൊരു രംഗപ്രവേശം! ‘താരണി മധുമഞ്ചം നീ വിരിച്ചീടുകില്‍ പോരാതിരിക്കുമോ കണ്ണന്” എന്ന വരി പാടിക്കൊണ്ടുള്ള ജയചന്ദ്രന്റെ ഭഎന്ട്രി’ ഗായികാപ്രധാനമായ ഗാനത്തെ സംഗീത സംവിധായകന് പോലും ഉദ്ദേശിച്ചിട്ടില്ലാത്ത തലത്തിലേക്ക് ഉയര്‍ത്തുകയായിരുന്നില്ലേ?
ഗായകനും ഗായികയും ഹൃദയം കൊണ്ട് ഒന്നാകുന്ന ഈ ഇന്ദ്രജാലം ഇത്ര വികാരദീപ്തമായി നമ്മെ അനുഭവിപ്പിച്ച ഗാനങ്ങള്‍ എത്രയുണ്ട് വേറെ? രക്തപുഷ്പത്തിലെ ‘മലരമ്പനറിഞ്ഞില്ല മധുമാസമറിഞ്ഞില്ല” (ശ്രീകുമാരന്‍ തമ്പി- അര്ജുനന്) എന്ന യുഗ്മഗാനത്തിലും ആവര്‍ത്തിക്കപ്പെടുന്നു ഈ മാജിക് — ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല എന്ന വരിയുമായി കടന്നുവന്ന്, തികച്ചും സാധാരണമാകുമായിരുന്ന ഒരു ഗാനത്തെ അസാധാരണവും അവിസ്മരണീയവുമായ അനുഭവമാക്കി മാറ്റുന്നു ജയചന്ദ്രന്. പിന്നെയുമിണക്കുയില്‍ പിണങ്ങിയല്ലോ (ആല്‍മരം), അച്ചന്‍കോവിലാറ്റിലെ (അനാഥശില്പങ്ങള്), താരുണ്യപുഷ്പവനത്തില്‍ (മധുരസ്വപ്നം), ഓരോ മലരിലും ഓരോ തളിരിലും ഓമനേ (അര്‍ച്ചന ടീച്ചര്‍)….. ജയചന്ദ്രന് — ജാനകി കൂട്ടുകെട്ടില്‍ പിറന്ന പ്രണയഗാനങ്ങള്‍ അങ്ങനെ എത്രയെത്ര.
ഭാവഗായകന്റെ ഇന്ദ്രജാല സ്പര്‍ശമേറ്റ യുഗ്മഗാനങ്ങളുടെ നിര ഇവിടെ അവസാനിക്കുന്നില്ല. വിവിധ തലമുറകളില്‍ പെട്ട ഗായികമാരുടെ ആലാപന ശൈലിയുമായി എത്ര അനായാസം ഇഴുകിച്ചേരുന്നു ജയചന്ദ്രന്റെ ശബ്ദം എന്നറിയാന്‍ ഈ പട്ടികയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി: വാണി ജയറാം ( കുറുനിരയോ മഴ മഴ മുകില്‍ നിരയോ, സ്വപ്നഹാരമണിഞ്ഞെത്തും, മധുവിധുരാത്രികള്‍, കണ്ണുകള്‍ കണ്ണുകള്‍ ഇടഞ്ഞു, നീരാട്ട് എന്‍ മാനസറാണി, ഓലഞ്ഞാലി കുരുവി), ബി വസന്ത (കര്‍പ്പൂര ദീപത്തിന് കാന്തിയില്‍, മധുപകര്‍ന്ന ചുണ്ടുകളില്‍, വാര്‍ത്തിങ്കള്‍ കണിവെക്കും രാവില്‍, വജ്രകുണ്ഡലം മണിക്കാതിലണിയും), രേണുക (ഞാനിതാ തിരിച്ചെത്തി മല്സഖീ പൊയ് പ്പോയോരെന്), പി ലീല (മുല്ലമലര്‍ തേന്‍ കിണ്ണം, പഞ്ചവടിയിലെ വിജയശ്രീയോ, കാളീ ഭദ്രകാളി), ലതാരാജു (കാറ്റുമൊഴുക്കും കിഴക്കോട്ട്), അമ്പിളി (സന്ധ്യതന്‍ കവിള് തുടുത്തു), സല്‍മാ ജോര്‍ജ് (ശരദിന്ദു മലര്‍ദീപ നാളം നീട്ടി), ചിത്ര (ശിശിരകാല മേഘ മിഥുന രതി പരാഗമോ, അറിയാതെ അറിയാതെ ഈ പവിഴ വാര്‍ത്തിങ്കളറിയാതെ, പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍, നീ മണിമുകിലാടകള്‍), സുജാത (മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു, ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്, സ്വയംവര ചന്ദ്രികേ, ആരാരും കാണാതെ, കല്ലായി കടവത്തെ), മിന്മിനി (നിലാക്കുടമേ), രാജലക്ഷ്മി (മലര്‍വാക കൊമ്പത്ത്), ഗായത്രി (കണ്ണില്‍ കാശിത്തുമ്പകള്‍), മൃദുലാ വാര്യര്‍ (ഇല്ലാത്താലം കൈമാറുമ്പോള്‍), മഞ്ജരി (എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല), ശ്വേത (മുത്തേ മുത്തേ), നേഹാ എസ് നായര്‍ (പ്രേമിക്കുമ്പോള്‍ നീയും ഞാനും)…തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് അനുസ്യൂതം പ്രവഹിക്കുന്നു നിത്യയൗവനമാര്‍ന്ന ആ നാദനിര്ത്ധരി.
എന്തായിരിക്കാം ഈ ഗാനങ്ങളോരോന്നിനെയും വേറിട്ടു നിര്‍ത്തുന്ന ഘടകം? ശബ്ദം മാത്രമല്ല ആത്മാവിന്റെ ഒരംശം കൂടി ജയചന്ദ്രന് അവയ്ക്ക് പകുത്തു നല്കി എന്നത് തന്നെ. സംഗീത സംവിധായകന്റെ പ്രതീക്ഷപ്പുറത്തേക്ക് ഗാനത്തെ ഉയര്‍ത്താന്‍ കഴിയുന്ന ഗായകന് എന്ന് വിദ്യാസാഗര്‍ ഒരിക്കല്‍ ജയചന്ദ്രനെ വിശേഷിപ്പിച്ചതോര്‍ക്കുന്നു. ‘ചില സംഗീത സംവിധായകര്‍ മാത്രമേ ഗാനങ്ങളില്‍ മനോധര്‍മ്മ പ്രകടനത്തിന് സ്വാതന്ത്ര്യം അനുവദിക്കാറുള്ളൂ. എം എസ് വി, ബാബുരാജ് എന്നിവര്‍ ഉദാഹരണം. പാടിത്തരുന്ന ട്യൂണില്‍ അണുവിട പോലും വ്യത്യാസം വരുത്തരുതെന്ന് നിഷ്കര്‍ഷിക്കുന്നവരാണ് ദേവരാജന്‍ മാഷെ പോലുള്ളവര്‍. മറ്റു ചിലരുടെ ആലാപനത്തില്‍ നിന്ന് അവര്‍ ഉദ്ദേശിക്കുന്ന ഭാവതലം നമുക്ക് വേര്‍തിരിച്ചെടുക്കാന്‍ ആവണമെന്നില്ല. എം ബി ശ്രീനിവാസന് ഉദാഹരണം. ഒട്ടും മാര്‍ദവമില്ലാത്ത ശബ്ദത്തില്‍ എം ബി എസ് ശരദിന്ദു മലര്‍ദീപ നാളം എന്ന ഗാനം പാടിത്തരുന്നത് ഓര്‍മ്മയുണ്ട് . ഒ എന്‍ വിയുടെ കവിത നിറയെ പ്രണയമാണെങ്കിലും എം ബി എസ്സിന്റെ പരുക്കന്‍ ശബ്ദത്തില്‍ നിന്ന് അത് വായിച്ചെടുക്കാന്‍ കഴിയണമെന്നില്ല നമുക്ക്. ഗായകനെ സംബന്ധിച്ച് അതൊരു വെല്ലുവിളിയാണ്. അദ്ദേഹം മനസ്സില്‍ കാണുന്ന പ്രണയം ആലാപനത്തില്‍ കൊണ്ടുവരാന്‍ നമുക്ക് കഴിയണം. അതില്‍ ഞാന്‍ വിജയിച്ചിട്ടുണ്ട് എന്നു തന്നെയാണ് വിശ്വാസം.” — ജയചന്ദ്രന് പറഞ്ഞു.
(പുനപ്രസിദ്ധീകരണം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]