മുഹമ്മദ് റഫിയുടെ ആദ്യ ചലച്ചിത്രഗാനം ജനിക്കുന്നത് 1944-ലാണ് (1941-ലാണ് ഈ ഗാനം അദ്ദേഹം പാടിയത്). ഗുല്സാമന് സംവിധാനം ചെയ്ത ഗുല്ബലോക് എന്ന പഞ്ചാബി ചിത്രത്തിലെ യുഗ്മഗാനം. ഗോരിയെ നീ ഹീരിയെ നീ… എന്ന് തുടങ്ങുന്ന ഈ ഗാനം പിറന്ന അതേവര്ഷത്തില്ത്തന്നെയാണ് റഫി സാബിന്റെ ഏറ്റവും വലിയ ഒരാരാധകനും ജനിക്കുന്നത്, ഇങ്ങ് കേരളത്തില്‍ ചേന്ദമംഗലത്ത്. പേര് പി. ജയചന്ദ്രന്.
ഭൂമിയിലെ തന്റെ ഇഷ്ടങ്ങളെക്കുറിച്ച് ചോദിച്ചാല്‍ അതില്‍ ആദ്യത്തേത് റഫി സാബും അദ്ദേഹത്തിന്റെ പാട്ടുമാണ് ജയചന്ദ്രന്. ഒരു ഗായകനെന്നതിലുപരി താന്‍ റഫിയുടെ ആരാധകനും ആസ്വാദകനുമാണെന്നു പറയാന്‍ അഭിമാനമുള്ളയാള്. ഒറ്റ ദിവസവും മുടങ്ങാതെ മുഹമ്മദ് റഫി പാട്ടുകളില്‍ മുഴുകുന്നയാള്.
ജയേട്ടന്റെ റഫി ആരാധനയുമായി ബന്ധപ്പെട്ട് നേരിട്ടുള്ള ഒരനുഭവമുണ്ട് എനിക്ക്. 2015-ലാണ്. ഒരു ഗാനമേള കഴിഞ്ഞ് ബാക്ക്സ്റ്റേജില്‍ വിശ്രമിക്കയാണ് ജയേട്ടന്. അടുത്തേക്ക് ഒരാരാധകന് വന്നു. നല്ലരീതിയില്‍ വസ്ത്രധാരണം ചെയ്ത സുമുഖനായ മനുഷ്യന്. മുന്നില്‍വന്നു കുനിഞ്ഞ് തൊഴുതുകൊണ്ട് അയാള്‍ പറഞ്ഞു.
”സര്, ഞാന്‍ അങ്ങയുടെ വലിയൊരു ആരാധകനാണ്”.
തന്റെ ആരാധനാപാത്രത്തെ കണ്ട സംഭ്രമവും ആഹ്ലാദവുമൊക്കെ ജയേട്ടന്റെ മുഖത്തുണ്ടായിരുന്നു. കുനിഞ്ഞിരുന്ന് എന്തോ കടലാസ് നോക്കുകയായിരുന്നു ജയേട്ടന്. അയാളുടെ മുഖത്തേക്ക് നോക്കാതെ ഒന്ന് മൂളുക മാത്രം ചെയ്തു.
”സര്, അങ്ങയുടെ എല്ലാ പാട്ടുകളും എന്റെ കൈയിലുണ്ട്. ഈ ലോകത്തെ ഏറ്റവും വലിയ ഗായകന് അങ്ങാണ്.”
അപ്പോള്‍ പതുക്കെ ജയേട്ടന്റെ മുഖമുയര്‍ന്നു. അയാളെ നോക്കി.
”താന്‍ ന്താ പൊട്ടനാ?”
അയാളുടെ മുഖമൊന്ന് വിളറി. വിറച്ച ശബ്ദത്തില്‍ വീണ്ടുമയാള്‍ പറഞ്ഞു,
”സത്യായിട്ടും സാര്‍. സാറിനോളം വലിയ ഗായകനില്ല.”
ജയേട്ടന്റെ ശബ്ദം ഒന്നുകൂടി കനത്തു.
”അതാ ചോദിച്ചേ. താന്‍ ന്താ പൊട്ടനാ? പോയി മുഹമ്മദ് റഫീടെ പാട്ട് കേക്ക്. അതിലും വല്യ ഗായകനൊന്നും ഈ ഭൂമീലില്യ. ഉണ്ടാവൂല്യ. പിന്നെ ലതാ മങ്കേഷ്കറുടെ, അത് കഴിഞ്ഞ് സുശീലാമ്മടെ.”
ഒരു നിമിഷം നിന്ന് അയാള്‍ എന്ത് പറയണമെന്നറിയാതെ തിരിച്ചുപോയി. ആ ഓര്‍മയിലാണ് ഈ സംസാരം തുടങ്ങിയത്.
എന്നാവും ജയേട്ടന് റഫി സാബിന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടാവുക
12-13 വയസ്സുള്ളപ്പോളാവണം. റേഡിയോയില്‍ ‘ബിനാക്ക ഗീത് മാല’ എന്ന ഹിന്ദി ചലച്ചിത്രഗാനങ്ങളുടെ പ്രോഗ്രാമുണ്ട്. അതിലൂടെയാണ് റഫി സാബിന്റെ പാട്ടുകള്‍ ആദ്യമായി കേള്‍ക്കുന്നത്. പിന്നെ അതൊരു ശീലമായി. എന്നും രാത്രി അദ്ദേഹത്തിന്റെ പാട്ടുകള്‍ കേട്ടിരിക്കും. എന്റെ കൈയില്‍ സാബിനെക്കുറിച്ചുള്ള ഒരു പുസ്തകമുണ്ട്. അതില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ട്. പാട്ടു കേട്ട് ആ ചിത്രങ്ങളിലേക്ക് നോക്കുമ്പോള്‍ വല്ലാത്തൊരാനന്ദമാണ്. ചിലപ്പോള്‍ കൂടെപ്പാടും. മറ്റ് ചിലപ്പോള്‍ കേട്ടിരുന്നു കരയും. അതിലും വലിയ ആനന്ദമില്ല.
റഫി സാബിനെ കണ്ടിട്ടുണ്ടോ
ഇല്ല. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യം. ദുഃഖം. പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, നടന്നില്ല. അപൂര്‍വം റെക്കോഡിങ്ങുകള്‍ക്ക് അദ്ദേഹം ചെന്നൈയില്‍ വന്നിട്ടുണ്ട്. ആ സമയത്ത് ഞാനും അവിടെ ഉണ്ടായിരുന്നു. പക്ഷേ, അറിഞ്ഞില്ല. ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയയും ന്യൂസ് ചാനലുകളുമൊന്നും ഇല്ലാത്ത കാലമല്ലേ. അത്തരം വരവുകളൊന്നും നമുക്ക് മുന്‍കൂട്ടി അറിയാന്‍ പറ്റില്ലല്ലോ.
താജ് മഹല്‍ എന്ന ചിത്രത്തിലെ ‘ജോ വാദാ കിയാ വോ നിഭാനാ പഡേഗാ…’ എന്ന പാട്ടുമായി ബന്ധപ്പെട്ട് ഒരനുഭവമില്ലേ
1963-ലാണ് താജ് മഹല്‍ സിനിമ ഇറങ്ങുന്നത്. പ്രദീപ് കുമാറാണ് അതില്‍ നായകനായ ഷെഹ്സാദ ഖുര്‍റം എന്ന വേഷം ചെയ്യുന്നത്. അന്ന് ഞാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സുവോളജി ഡിഗ്രിക്ക് പഠിക്കുന്ന കാലമാണ്. അവധിക്കാലത്ത് ഞാനും അനുജന് കൃഷ്ണകുമാറും കൂടി മദ്രാസിലുള്ള ഞങ്ങളുടെ ചേട്ടന് സുധാകരന്റെ അടുത്തേക്കു പോയി. അദ്ദേഹത്തിന്റെ ആത്മസുഹൃത്താണ് യേശുദാസ്. ആ വീട്ടില്‍ വരാറുണ്ട്. യുവജനോത്സവത്തിലെ പ്രസിദ്ധമായ കച്ചേരിക്കുശേഷം ഞാന്‍ ദാസേട്ടനെ കാണുന്നത് ആ വീട്ടില്‍ വെച്ചാണ്.
ആ സമയത്ത് ഞങ്ങളെല്ലാവരുംകൂടി താജ് മഹല്‍ സിനിമ കാണാന്‍ പോയി. അത് കഴിഞ്ഞ് വന്നു ചേട്ടനും ദാസേട്ടനുംകൂടി എന്നെ പ്രദീപ് കുമാറിനെപ്പോലെ വേഷം കെട്ടിച്ചു, തലയില്‍ തലപ്പാവൊക്കെ വെപ്പിച്ച് കസേരയിലിരുത്തി. എന്നിട്ടവര്‍ ആ ചിത്രത്തില്‍ റഫി സാബും ലതാജിയും കൂടി പാടിയ ‘ജോ വാദാ കിയാവോ…’ എന്ന പാട്ട് പാടി. ഞാനതിനനുസരിച്ച് അഭിനയിച്ചു.
റഫി സാബിന്റെ ആലാപനത്തിന്റെ സവിശേഷതയായിട്ട് ജയേട്ടന് തോന്നിയിട്ടുള്ളതെന്താണ്
പ്രധാനമായും ശബ്ദത്തില്‍ അടങ്ങിയിരിക്കുന്ന ഭാവം. അത് ജന്മസിദ്ധമാണ്. ഏത് ശ്രേണിയില്‍പ്പെട്ട പാട്ടുകളെയും വരികളെയും ജ്വലിപ്പിച്ചുനിര്‍ത്താന്‍ അതിന് കഴിയും. അതുപോലെ ആലാപനത്തിലെ അനായാസത. ഏത് റേഞ്ചിലും വളരെ എളുപ്പത്തില്‍ പാടാന്‍ അദ്ദേഹത്തിന് സാധിക്കും. മറ്റൊന്ന്, മധുരമായ മെലഡി തന്നെ.
റഫി സാബിനെ കാണാന്‍ പറ്റിയില്ല എന്ന് പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്ന് വിലപ്പെട്ട ഒരു സമ്മാനം ലഭിക്കാനുള്ള ഭാഗ്യമുണ്ടായില്ലേ
ഉവ്വ്. അദ്ദേഹം പദ്മശ്രീ പുരസ്കാരം വാങ്ങിക്കാന്‍ പോകുമ്പോള്‍ അണിഞ്ഞിരുന്ന ടൈ ആ കുടുംബം എനിക്ക് തന്നിട്ടുണ്ട്. റഫി സാബിന്റെ അടുത്ത പരിചയക്കാരനും കുടുംബസുഹൃത്തുമായ, ബോംബെയിലുള്ള വെങ്കിടാചലം ആണ് എനിക്കത് കൊണ്ടുവന്നു തന്നത്. ഞങ്ങള്‍ നല്ല പരിചയക്കാരാണ്. ലാമിനേറ്റ് ചെയ്ത ഒരു ഫലകത്തില്‍ റഫി സാബിന്റെ ടൈയും താഴെ അദ്ദേഹം ഒപ്പിട്ട അദ്ദേഹത്തിന്റെതന്നെ ഒരു പടവുമുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി ഞാനതിനെ സൂക്ഷിക്കുന്നു.
റഫി സാബിന്റെ പാട്ടുകളില്‍ ജയേട്ടന് ഇഷ്ടപ്പെട്ടവ ഏതൊക്കെയാണ്
അയ്യോ, അത് പറയാന്‍ പറ്റില്ല. കടല്‍ പോലെയല്ലേ. ചില സമയത്ത് ചിലതിനോടാവും കൂടുതലിഷ്ടം. പെട്ടെന്ന് പറയുമ്പോ, ദിന് ഢല് ജായേ… (ഗൈഡ്), ആപ് കി ഹസീന് രുഖ് പെ… (ബഹാരേ ഫിര്‍ ഭീ ആയെങ്കി), തേരീ ബിന്ദിയാ രെ…(അഭിമാന്), ചൗദഹ് വീന് കാ ചാന്ദ്…(ചൗദവി കാ ചാന്ദ് ഹോ), സൗ സാല് പഹ്ലെ… (ജബ് പ്യാര് കിസി ഹോത്താ ഹേ).
റഫി സാബിന്റെ പാട്ടുകള്‍ വേദികളില്‍ പാടാറുണ്ടോ
സൗഹൃദസദസ്സുകളിലാണ് അധികം പാടാറ്. ഗാനമേളകള്‍ക്കിടയിലും അപൂര്‍വം മൂന്നോ നാലോ പാട്ടുകള്‍ പാടാറുണ്ട്. അദ്ദേഹത്തിന്റെ ആ ഉച്ചാരണമൊന്നും നമ്മളെത്ര ശ്രമിച്ചാലും കിട്ടില്ല. ഒരു പൂര്‍ണത വരില്ല. ഒരിക്കല്‍, ഒരു വേദിയില്‍ റഫി സാബിന്റെ മൂന്നാല് പാട്ടിന്റെ പല്ലവികള്‍ ഒരു മെഡ്ലെ പോലെ പാടി. പാടി നിര്‍ത്തിയപ്പോള്‍ ആസ്വാദകര്ക്കിടയില്നിന്ന് ഒരാളെഴുന്നേറ്റുനിന്ന് റഫി സാബിന്റെ ഒരു പാട്ട് പാടാനാവശ്യപ്പെട്ടു. മൈക്കില്ലാത്തതിനാല്‍ ആദ്യം ഏത് പാട്ടാണെന്ന് എനിക്ക് മനസ്സിലായില്ല. പാട്ടേതെന്ന് ചോദിച്ചപ്പോള്‍ ആരോ അദ്ദേഹത്തിന് മൈക്ക് കൊടുത്തു. പാട്ട് പറയുന്നതിനുപകരം അദ്ദേഹം ആദ്യത്തെ രണ്ടുവരി പാടുകയാണ് ചെയ്തത്.
അകേലേ ഹേ ചലേ ആവോ ജഹാ ഹോ…
കേട്ടപ്പോള്‍ അദ്ഭുതം തോന്നി. അത്ര സുന്ദരമായി പാടുന്നു. അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിപ്പിച്ച് അത് മുഴുവന്‍ പാടാന്‍ പറഞ്ഞു. ഞാനും കൂടെപ്പാടി. ഉച്ചാരണത്തില്‍ അസാധ്യ പെര്ഫെക്ഷന് ആയിരുന്നു അയാള്‍ക്ക്. പാട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം ബോംബെയിലാണെന്ന് പറഞ്ഞു.
‘റഫി സാബിനെ നേരിട്ട് കണ്ടിട്ടുണ്ടോ?’ എന്തോ എനിക്കങ്ങനെ ചോദിക്കാന്‍ തോന്നി.
‘ഉവ്വ്. രണ്ടുവട്ടം.’ അയാള്‍ മറുപടി പറഞ്ഞു.
എനിക്കയാളെ തൊടണമെന്നുണ്ടായിരുന്നു. എന്ത് ഭാഗ്യവാനാണ്! ആ വിരലില്‍ തൊട്ടതും അയാളെന്നെ കെട്ടിപ്പുണര്‍ന്നു. ഞങ്ങള്‍ രണ്ടുപേരുടെയും കണ്ണ് നിറയുന്നുണ്ടായിരുന്നു.
പറഞ്ഞുനിര്‍ത്തി ആ ഓര്‍മയിലെന്ന പോലെ ജയേട്ടന് രണ്ടുവരി മൂളി… ‘ബഹാറോം ഫൂല് ബര്സാവോ, മേരാ മെഹ്ബൂബ് ആയാ ഹേ…’
(ഈ എഴുത്തിന് കടപ്പാട്: എസ്. മനോഹരന്, ബാലു ആര്. നായര്‍)
(പുനഃപ്രസിദ്ധീകരണം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]