മറ്റെന്തിനേക്കാളും ഇളനീരിനോടുപമിക്കാനാണെനിക്കിഷ്ടം, പി. ജയചന്ദ്രന്റെ ഗായകശബ്ദത്തെ; വേനലിന്റെ ഉള്ള് തണുപ്പിക്കാന്‍ വേണ്ടി, തെങ്ങുകള്‍ നിറുകയില്‍ ചൂടുന്ന ഭൗമവും അഭൗമവുമായ അമൃത്. റേഡിയോയായിരുന്നു, മറ്റെല്ലാ ഗായകരെയും പോലെ, എന്റെ കുട്ടിക്കാലത്ത് ഈ പാട്ടുകാരനും ഒളിച്ചുപാര്‍ത്തിരുന്ന ഇടം. നീലക്കൊടുവേലി യൊളിപ്പിച്ച ചെമ്പോത്തിന്റെ കൂടുപോലെയായിരുന്നു അത്. ആ അത്ഭുതമൂലികയാല് ഞാന്‍ എന്റെ കൗമാരവ്യഥകളെ പാടിയുറക്കുകയും പാടിയുണര്‍ത്തുകയും ചെയ്തു. അങ്ങനെ ജീവിതം കാവ്യപുസ്തകമായി. വര്ഷപഞ്ചമിയും വിദൂരസ്ഥയായ ഇന്ദുമുഖിയെ നിനവുകളാലുയിര്പ്പിക്കുന്ന വിരഹിയായ കാമുകനും എന്റെ പകല്ക്കിനാവിലെ നിത്യസന്ദര്‍ശകരായി.
‘ഏകാന്തപഥികന് ഞാന്‍…’ എന്ന നിനവില്‍ ഞാന്‍ എന്നെത്തന്നെ പ്രതിഷ്ഠിച്ച് രസിച്ചു. ‘പ്രേമചകോരി’ എന്ന് ഭാസ്കരന് മാഷ് എഴുതിയത് ഈ ഗായകകണ്ഠത്തിലൂടെ വിരഹനിലാവായി മാറാന്‍വേണ്ടി മാത്രമായിരുന്നോ? വയലാറിന്റെ, ‘ജ്യോതിര്മയിയാമുഷസ്സിന് വെളളിച്ചാമരം വീശും മേഘങ്ങ’ളും അങ്ങനെതന്നെ. ഏത് പാട്ടിനെയും തന്നെ സ്വരമുദ്ര കൂടി ചാര്‍ത്തി സ്വന്തമാക്കാനുള്ള വൈഭവം ഈ ഗായകന് സ്വന്തം. ‘പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്…’ എന്ന് ജയചന്ദ്രന് പാടുമ്പോള്‍ ആ നാദനൈവേദ്യം, അതിന്റെ എല്ലാ ശാലീനനൈര്മല്യത്തോടുംകൂടി, സ്വന്തം ഹൃദയപുടത്തിലാണേറ്റ് വാങ്ങുന്നത് ഗാനാസ്വാദകര്‍.
ജയചന്ദ്രന്റെ രണ്ട് ഉറക്കുപാട്ടുകളുണ്ട്- ‘രാജീവനയനേ നീയുറങ്ങൂ…’ എന്ന ‘ചന്ദ്രകാന്ത’ത്തിലെ ഗാനവും ഒ.എന്‍.വി. എഴുതി, ദൂരദര്ശന് പ്രക്ഷേപണം ചെയ്തിരുന്ന ‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ’യും. ഒരു മസൃണനാദം എങ്ങനെ വാത്സല്യത്തോളം നേര്‍മയേറിയ പ്രണയത്തിന് പാകമാകുന്നു എന്ന് ഈ ഗാനങ്ങള്‍ കേട്ടാലറിയാം. വിരഹഗാനഭാവനയുടെ പരകോടിയാണ് ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’യും ‘കരിമുകില്‍ക്കാട്ടിലെ…’യും. ഗാനാന്തരീക്ഷത്തില് ഘനീഭവിച്ച കാമുകനിശ്വാസത്തിന്റെ നീലമേഘങ്ങള്പോലെ ആ ഗാനങ്ങള്‍.
വിപ്രലംഭശൃംഗാരത്തിന്റെ ഉദ്ദീപനവിഭാവങ്ങളുടെ കൂട്ടത്തില്‍, ‘ധനുമാസചന്ദ്രിക’യും ‘വര്‍ഷപഞ്ചമി’യുമാണ് ജയചന്ദ്രഗാനങ്ങളിലെ രണ്ട് നിത്യസാന്നിധ്യങ്ങള്‍. രണ്ടും ഭാസ്കരന് മാഷിന്റെ ഗാനഭാവനയിലുദിച്ച നിലാവിന്റെ രണ്ട് രൂപഭേദങ്ങള്‍. വര്ഷപഞ്ചമിയുടെ കടക്കണ്ണില്‍ ഹര്ഷബാഷ്പനനവ്; ധനുമാസചന്ദ്രികയ്ക്കാകട്ടെ, മഞ്ഞലയില്‍ മുങ്ങിനിവര്‍ന്ന ഈറന്നിറവും. രണ്ടിനും നാദശരീരം സമ്മാനിച്ചത് ജയചന്ദ്രന് എന്ന, പേരില്‍ത്തന്നെ ചാന്ദ്രനഖക്ഷതമുദ്രയുളള, മലയാളിയുടെ പ്രിയഗായകനും!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]