തൃശ്ശൂർ: ആ നിത്യവിസ്മയ നാദം നിലച്ചു. അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത സ്വരം മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രന് (81) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലളിതസുന്ദര സ്വരമാധുര്യമായി അഞ്ച് പതിറ്റാണ്ട് ആയിരക്കണക്കിന് പാട്ടുകള്‍ പാടിതീര്‍ത്ത് 81-ാം വയസ്സില്‍ അദ്ദേഹം വിടപറഞ്ഞു. സിനിമകളിലും ലളിതഗാനത്തിലും ഭക്തിഗാനത്തിലും ആ സ്വരം തരംഗമായി.
രാസാത്തി ഉന്നൈ കാണാതെ നെഞ്ചം എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീടക്കിയ ജയചന്ദ്രനോളം തമിഴില്‍ ശോഭിച്ച മറ്റൊരു മലയാളി ഗായകനുമില്ല. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിര്‍ത്തി ലംഘിച്ച് ആരാധകരെ സൃഷ്ടിച്ചു. മലയാളിക്ക് എന്നും എപ്പോഴും പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും കൂട്ടായി ആ ശബ്ദമുണ്ടായിരുന്നു. മലയാളിയുടെ ഗൃഹാതുരശബ്ദമായിരുന്നു പി. ജയചന്ദ്രന്റെ പാട്ടുകള്‍. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം ആറ് തവണയും ദേശീയ അവാര്‍ഡ് ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴില്‍ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ഗാനത്തിന് 1994 ലെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കരം എന്ന വലിയ അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി.
1944മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന് തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന് തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്കാരം നേടുകയും ചെയ്തിരുന്നു. ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി 1966 ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേ വര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരന്-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളില്‍ കുടിയേറിയ ജയചന്ദ്രനെ മലയാളികള്‍ സ്നേഹത്തോടെ വിശേഷിപ്പിച്ചു, ഭാവഗായകനെന്ന്. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ ആലപിക്കാന്‍ ഭാഗ്യമുണ്ടായി. പി.ഭാസ്കരനും വയലാറും മുതല്‍ പുതിയതലമുറയിലെ ബി.കെ ഹരിനാരായണന് വരെയുള്ള കവികളുടെ വരികള്‍ക്ക് ആ ശബ്ദത്തിലൂടെ ജീവന്തുടിച്ചു. രാസാത്തി ഉന്നൈ കാണാതെ. ശബ്ദതരംഗമായി തമിഴ്സിനിമ കീഴടക്കി
ഉദ്യോഗസ്ഥയിലെ അനുരാഗ ഗാനം പോലെ, സി.ഐ.ഡി നസീറിലെ നിന് മണിയറയിലെ, പ്രേതങ്ങളുടെ താഴ് വരയിലെ മലയാള ഭാഷതന്‍ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികന് ഞാന്‍, മായയിലെ സന്ധ്യക്കെന്തിന് സിന്തൂരം, ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികള്‍ ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങള്‍ ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പുറത്തുവന്നു.
1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന് മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം സ്വന്തമാക്കിയത്. 1972-ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ല്‍ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ല്‍ നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്കി, 2004-ല്‍ തിളക്കത്തിലെ നീയൊരു പുഴയായ്, 2015-ല്‍ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലര്‍വാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു അവ. 1994-ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരവും ജയചന്ദ്രന് സ്വന്തമാക്കി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997-ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. 2021-ല്‍ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയല്‍ പുരസ്കാരം നല്കി ആദരിച്ചു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന് സംഗീതസാന്നിധ്യമായി. എം.എസ്.വിശ്വനാഥനാണ് ജയചന്ദ്രനെ തമിഴില്‍ അവതരിപ്പിച്ചത്. 1973 ല്‍ പുറത്തിറങ്ങിയ ‘മണിപ്പയല്‍’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോല്‍…’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. രാസാത്തി ഉന്നെ കാണാതെ നെഞ്ച് (വൈദേഹി കാത്തിരുന്താള്‍), മയങ്കിനേന്‍ സൊല്ല തയങ്കിനേന്‍ (നാനേ രാജ നാനേ മന്തിരിയില്‍ നിന്ന്), വാഴ്കയേ വേഷം (ആറിലിരുന്തു അറുപതു വരൈ), പൂവാ എടുത്തു ഒരു (അമ്മന്‍ കോവില്‍ കിഴക്കാലെ), താലാട്ടുതേ വാനം (കടല്‍ മീന്കള്), കാതല്‍ വെണ്ണിലാ (വാനത്തെ പേലെ), ഒരു ദൈവം തന്ത പൂവേ(കന്നത്തില്‍ മുട്ടമിട്ടാള്‍), കനവെല്ലാം പലിക്കുതേ (കിരീടം) തുടങ്ങിയവ അതില്‍ ചിലതുമാത്രം.
2008 ല്‍ എ. ആര്. റഹ്മാന് സംഗീതം നല്കിയ ‘ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അല്‍ക യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രന് ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. 1982-ല്‍ പുറത്തിറങ്ങിയ എവരു വീരു എവരു വീരുവാണ് ജയചന്ദ്രന് ഗാനമാലപിച്ച ആദ്യ തെലുങ്ക് ചിത്രം. 24 ചിത്രങ്ങളിലാണ് തെലുങ്കില്‍ അദ്ദേഹം ആലപിച്ചത്. കന്നഡയിലും 20-ഓളം ചിത്രങ്ങള്‍ക്കായി ഗാനം ആലപിച്ചു. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന് ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്. പുഷ്പാഞ്ജലി എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ ഇന്നും ക്ലാസിക് ആയി നിലകൊള്ളുന്നു. ഇതിന് പുറമേ തമിഴില്‍ ദൈവ ദര്‍ശനം, താഗം, പാതൈ തുടങ്ങിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളിലും പാടി.
യേശുദാസിന്റെ ഗന്ധര്‍വസാന്നിധ്യത്തിലും ജയചന്ദ്രന്റെ കിന്നരനാദം വേറിട്ടുനിന്നു. നിറം എന്ന സിനിമയ്ക്ക് മുമ്പും ശേഷവും എന്ന് രണ്ട് ഘട്ടമായി പി.ജയചന്ദ്രന്റെ പാട്ടുജീവിതം ചരിത്രമായി നില്ക്കുന്നു. ഇടവേളയ്ക്ക് ശേഷം നിറത്തിലെ പ്രായം നമ്മില്‍ മോഹം തമ്മില്‍ എന്ന ഗാനത്തിലൂടെ തിരിച്ചുവരവ് നടത്തിയതും മികച്ച ഗായകനുള്ള അവാര്‍ഡ് നേടിക്കൊണ്ടായിരുന്നു. ഒന്നിനിശ്രുതി താഴ്ത്തി പാടാം ഒരുവിരഹഗാനം. നേരാം ഭാവഗായകന് അന്ത്യാഞ്ജലി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]