വളരെ പ്രതീക്ഷയോടെയാണ് ‘സ്ക്വിഡ് ഗെയിംസ്’ പരമ്പരയുടെ രണ്ടാം ഭാഗം കാണാന്‍ കാത്തിരുന്നത്. മൂന്നു വര്‍ഷം മുമ്പ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത പരമ്പര ഓ.ടി.ടി. പ്ലാറ്റ്ഫോമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നതു തന്നെ കാരണം. ഏഴ് എപ്പിസോഡുകളുള്ള പരമ്പര പ്രതീക്ഷകള്‍ക്കൊത്ത് ഉയർന്നില്ലെന്ന തോന്നലാണ് പൊതുവേ. ഒരുപക്ഷേ, ആദ്യ സീസണിന്റെ അന്യാദൃശമായ പ്രഭാവം തന്നെയാവാം കാരണം. ഒരുതരത്തില്‍ പറഞ്ഞാല്‍, ‘മാര്‍ക്കോ’യ്ക്കു ശേഷം ‘റൈഫിള്‍ ക്ലബ്’ കണ്ടതു പോലെ. ആഷിക് അബു സംവിധാനം ചെയ്ത ‘റൈഫിള്‍ ക്ലബ്’ മികച്ച പടമാണെങ്കിലും രക്ഷയില്ലാത്ത ഹിംസ ആഘോഷിക്കുന്ന ഉണ്ണി മുകുന്ദന് ചിത്രം ‘മാര്‍ക്കോ’യുടെ ഇഫക്ട് മനസ്സില്‍ കിടക്കുമ്പോള്‍ ഒരുവിധപ്പെട്ട വയലന്‍സൊക്കെ ഏശാതെ പോകാം!
ആദ്യഭാഗത്തെക്കാള്‍ നാലിരട്ടിയോളം കൂടുതല്‍ ചെലവിട്ട പരമ്പര കൂടുതല്‍ സാങ്കേതിക മികവോടെയാണ് ഓ.ടി.ടിയിലെത്തിയത്. ആദ്യത്തെ നാലുദിവസം കൊണ്ടുതന്നെ ഏഴു കോടിയോളം പ്രേക്ഷകരെ നേടിയ പരമ്പര നെറ്റ്ഫ്ളിക്സിന്റെ സ്ട്രീമിംഗ് റെക്കോഡ് തകര്‍ത്തു. അഞ്ചു കോടിപ്പേര്‍ കണ്ട ‘വെനസ്ഡേ’യുടെ പേരിലായിരുന്നു പഴയ റെക്കോഡ്. റോട്ടന്‍ ടൊമാറ്റോസിന്റെ കണക്കു പ്രകാരം ആദ്യസീസണ്‍ വിമര്‍ശകരുടെ 95 ശതമാനവും പ്രേക്ഷകരുടെ 84 ശതമാനവും അംഗീകരിച്ചപ്പോള്‍ രണ്ടാം സീസണ് യഥാക്രമം 86-ഉം 62-ഉം ശതമാനം മാത്രമേയുള്ളൂ അപ്രൂവല്‍ റേറ്റിംഗ്. ആഗോളമുതലാളിത്തം സാധാരണക്കാരെ വിലയില്ലാത്ത അക്കങ്ങളും പന്തയക്കരുക്കളും മാത്രമായി ചുരുക്കുന്നതും അവരുടെ അതിജീവനപ്പോരാട്ടങ്ങളെ വിനോദക്കാഴ്ചകളായി മാറ്റുന്നതും ചിത്രീകരിക്കുന്ന പരമ്പര നിര്‍മാതാക്കളുടെയും ഓ.ടി.ടി പ്ലാറ്റ്ഫോമിന്റെയും പണപ്പെട്ടികള്‍ അതിവേഗം നിറച്ചുകൊണ്ടിരിക്കുകയാണ്. എത്ര ‘മനോഹരമായ’ വൈരുദ്ധ്യം!
സങ് ജീ ഹന് മരണക്കളിയിലേക്ക് വീണ്ടും
കടം കയറി കുത്തുപാളയെടുത്ത് ജീവിതം നിത്യനരകമായവരെ കണ്ടെത്തി ‘സ്ക്വിഡ് ഗെയിംസി’ന്റെ കളിക്കളത്തിലേക്കെത്തിക്കുക. കളികള്‍ സംഘടിപ്പിക്കുന്നത് വിദൂരമായ ഒരു ദ്വീപിലാണ്. അവരെ കണ്ടെത്തി റിക്രൂട്ട് ചെയ്യുന്നതു കണ്ടിരിക്കുന്നതു പോലും വേദനാജനകമായ അനുഭവമാണ്. പരാജയം തിന്നു ശീലിച്ച, ആത്മബഹുമാനം നഷ്ടപ്പെട്ട മനുഷ്യര്‍, ഏതാനും കറന്‍സി നോട്ടുകള്‍ക്കു വേണ്ടി എന്ത് അപമാനവും സഹിക്കാന്‍ ലജ്ജയില്ലാത്ത 456 പേര്. മത്സരത്തിന് പല ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടവും ജയിച്ചു ജീവനോടെ പുറത്തുവരികയെന്നു പറയുന്നത് എളുപ്പമല്ല, തോറ്റാല്‍ മരണം ഉറപ്പ്. ആദ്യത്തെ കളിയുടെ പേര് റെഡ് ലൈറ്റ് ഗ്രീന്‍ ലൈറ്റ്. പച്ചവിളക്കു തെളിയുമ്പോള്‍ നടക്കണം, ചുവപ്പു തെളിയുമ്പോള്‍ നില്‍ക്കണം. കേള്‍ക്കുമ്പോള്‍ നിസ്സാരം, അല്ലേ? പക്ഷേ, തെറ്റിയാല്‍ മെഷീന്‍ഗണ്ണുകള്‍ തീതുപ്പും. ഓരോ കളി കഴിയുന്തോറും കളിക്കാരുടെ എണ്ണം കുറഞ്ഞു വരും. അവസാനം ഒരാള്‍ മാത്രം ശേഷിക്കും. അയാള്‍ക്ക് ഏതാണ്ട് നാലു കോടിയോളം ഡോളര്‍ സമ്മാനം.
ഹോങ്ഡോങ് ഹ്യുക് സംവിധാനം ചെയ്ത പരമ്പരയുടെ ആദ്യസീസണില്‍ ജേതാവായ സങ് ജീ ഹന് (ലീ ജോങ് ജേ) ഏതുവിധേനയും മത്സരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്നിടത്താണ് രണ്ടാം സീസണ് തുടങ്ങുന്നത്. ദരിദ്രരായ മനുഷ്യര്‍ കൃമികീടങ്ങളപ്പോലെ ചവിട്ടിയരക്കപ്പെടുന്നത് നേരില്‍ കണ്ട ജീ ഹന് നിസ്സഹായരെ പണം കാട്ടി കൊതിപ്പിച്ചു കൊല്ലുന്ന ഈ കളി എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനാണ് സമ്മാനപ്പണം ചെലവാക്കുന്നത്. വളരെ പണിപ്പെട്ട് അയാള്‍ ‘സ്ക്വിഡ് ഗെയിംസി’ലേക്ക് ‘കളിക്കാരെ’ തിരഞ്ഞെടുക്കുന്ന റിക്രൂട്ടറെ കണ്ടെത്തി അഭിമുഖീകരിക്കുന്നതാണ് ആദ്യത്തെ എപ്പിസോഡ്. പ്രശസ്ത കൊറിയന്‍ താരം ഗോങ് യൂ റിക്രൂട്ടറുടെ റോള്‍ അതിമനോഹരമാക്കിയിരിക്കുന്നു. ഒരുപക്ഷേ, പരമ്പരയിലെ ഏറ്റവും മികച്ച എപ്പിസോഡ് ആദ്യത്തേതു തന്നെയാവും.
Also Read
അതിജീവനത്തിന്റെ ‘അന്യായ’ പോരാട്ടം | സ്ക്വിഡ് …
‘ഫ്രണ്ട്മാനും’ സഹോദരനും
ജീ ഹന് കളിക്കാന്‍ തിരിച്ചുവരുന്നത് ഒരു ട്രാക്കിംഗ് ഡിവൈസ് ശരീരത്തിനുള്ളില്‍ ധരിച്ചാണ്. പോലീസുദ്യോഗസ്ഥനായിരുന്ന വീ ഹാ ജൂണിന്റെ (ഹ്വാങ് ജൂണ്‍ ഹോ) നേതൃത്വത്തിലുള്ള ഒരു സംഘം ജീ ഹണിനെ പിന്തുടരുന്നു. ഹാ ജൂണിനെ നമുക്കറിയാം. ആദ്യ സീസണിനൊടുവില്‍ വെടിയേറ്റു വെള്ളത്തില്‍ വീഴുന്ന പോലീസുകാരന്. സഹോദരനെ അന്വേഷിച്ച് ‘സ്ക്വിഡ് ഗെയിംസ്’ നടക്കുന്ന ദ്വീപിലെത്തിയതായിരുന്നു അയാള്‍. മൂന്നുവര്‍ഷം കഴിയുമ്പോള്‍ അയാളുടെ തീക്ഷ്ണത കൂടിയിട്ടുണ്ട്, ഏതുവിധേനയും സഹോദരനെ കണ്ടെത്തി മുഖാമുഖം നിറുത്തി രണ്ടു ചോദ്യം ചോദിക്കാന്‍. കറുത്ത മുഖംമൂടി വെച്ച് പ്രത്യക്ഷപ്പെട്ടിരുന്ന ‘ഫ്രണ്ട്മാനാ’ണ് അയാളുടെ സഹോദരന്. ഇരുത്തം വന്ന പ്രശസ്ത നടന് ഈ ബ്യങ് ഹന് അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ സ്ഥാനം ജീ ഹനിനൊപ്പമോ അതിനു മുകളിലോ ആണ്. അത്രയ്ക്ക് ഗംഭീരമായ അഭിനയമാണ് അദ്ദേഹത്തിന്റേത്.
കളിയുടെ രഹസ്യങ്ങളറിയുന്ന ജീ ഹന് വീണ്ടും എത്തുമ്പോള്‍ കളിക്കാരനായി എത്തുകയാണ് ഹ്വാങ് ഇന്‍ ഹോ എന്ന ‘ഫ്രണ്ട്മാനും’. അവരിരുവരും തമ്മിലുള്ള ഇടപെടലുകള്‍ ഈ സീസണിന് ഒരു പ്രത്യേക നിഗൂഢത നല്‍കുന്നുണ്ട്. ജീ ഹനെപ്പോലെ ഒരിക്കല്‍ കളി ജയിച്ചയാളാണെങ്കിലും പിന്നീടുണ്ടായ ജീവിതദുരന്തങ്ങള്‍ അയാളുടെ മനസ്സ് കല്ലാക്കി കളയുന്നു. (മരണക്കിടക്കയിലായ ഭാര്യയെ രക്ഷിക്കാനാണ് ഇന്‍ ഹോ ഗെയിംസില്‍ പങ്കെടുത്തത്. പക്ഷേ, ജയിച്ചു കിട്ടിയ പണത്തിന് പ്രിയതമയെ രക്ഷിക്കാനായില്ല.) എങ്കിലും ചിലപ്പോഴൊക്കെ അയാളുടെ നല്ല മനസ്സ് അയാളറിയാതെ പുറത്തു വരുന്നതും കാണാം. ജീ ഹനിനൊപ്പം നിന്ന് അയാളുടെ മനസ്സും തന്ത്രങ്ങളും മനസ്സിലാക്കി കളികളെ മാനിപ്പുലേറ്റു ചെയ്യുന്നു ‘ഫ്രണ്ട്മാന്‍’. പുറത്തു സഹോദരന്റെ നേതൃത്വത്തില്‍ ഗെയിംസ് നടക്കുന്ന ദ്വീപ് കണ്ടെത്താനുള്ള ശ്രമങ്ങളെ കൃത്യമായ സമയത്ത് കണ്ടെത്തി തകര്‍ക്കാന്‍ ഗെയിംസ് സംഘാടകര്ക്കാവുന്നുണ്ട്. ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്നു കരുതുന്ന മൂന്നാം സീസണില്‍ ഈ സഹോദരങ്ങള്‍ തമ്മില്‍ കാണുമോ, അതോ, പിന്നെയും സീസണുകള്‍ വേണ്ടി വരുമോ?
പുതിയ കളികള്‍, പുതിയ കളിക്കാര്‍
പുതിയ സീസണില്‍ ശ്രദ്ധേയരായ നിരവധി പുതിയ കളിക്കാരുണ്ട്. റാപ്പ് താരവും തെരുവുഗുണ്ടയും ക്രിപ്ടോകറന്‍സി തട്ടിപ്പുകാരനും പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുള്ള ലിംഗമാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാകാത്ത ട്രാന്‍സ്ജെന്‍ഡറും ഗര്‍ഭിണിയും ചതിച്ച കാമുകനും കടക്കെണിയില്‍ പെട്ട മകനെ രക്ഷിക്കാന്‍ കളിയില്‍ ചേര്‍ന്ന അമ്മയും ഭീരുവും ദുര്‍ബലനുമായ മകനും കാന്‍സര്‍ രോഗിയായ മകളുടെ ചികിത്സയ്ക്കുള്ള പണം തേടിയെത്തുന്ന ചിത്രകാരനും മറീനുമൊക്കെ. കടബാധ്യതകളുടെ നിലയില്ലാക്കയത്തില്‍ നിന്നും വരുന്ന ഇവര്‍ കളിക്കേണ്ട കളികള്‍ ആദ്യസീസണിലേക്കാള് കഠിനമാണ്. ചിലത് നമ്മുടെ കാലത്തെ സാമൂഹികബന്ധങ്ങളുടെ ആക്ഷേപഹാസ്യം പോലെ തോന്നും. ‘മിംഗിള്‍’ എന്ന കളിയില്‍ ഗെയിംമാസ്റ്റര്‍ പറയുന്നത്ര പേരുള്ള സംഘം – കൂടരുത്, കുറയരുത്- നിര്‍ദ്ദിഷ്ടമായ സുരക്ഷിത സ്ഥലത്തെത്തണം. എളുപ്പമല്ലേ? അല്ല, വളരെ കുറച്ച് സമയമേ സംഘം തികയ്ക്കാനും ഒഴിഞ്ഞ സ്ഥാനം കണ്ടെത്തി കയറിപ്പറ്റാനും കിട്ടൂ. നിശ്ചിത സമയത്തിനുള്ളില്‍ അതിവേഗം ബന്ധങ്ങള്‍ സ്ഥാപിച്ച് നിര്‍ദ്ദിഷ്ട സ്ഥാനത്തെത്തിയില്ലെങ്കില് മരണം.
ആദ്യസീസണില്‍ ഇരുട്ടത്ത് കൊല്ലപ്പെടാതിരിക്കാനായി മര്യാദക്കാരായ കളിക്കാര്‍ ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ച് മാറിമാറി ഉറക്കമൊഴിഞ്ഞതിനെ ഓര്‍മിപ്പിക്കുന്ന മറ്റൊരു രാത്രിയുണ്ട് ഇതില്‍. വിളക്കുകളണയുമ്പോള്‍ മാരകായുധങ്ങളുമായി ഹിംസ്രമൃഗങ്ങളെപ്പോലെ ചാടി വീഴുന്ന കളിക്കാര്‍. ഒരാള്‍ കൊല്ലപ്പെട്ടാല്‍ പങ്കുവെക്കേണ്ടിവരുന്ന തുക അത്രയും കുറയുമല്ലോ! പലപ്പോഴും നമ്മുടെ ‘ഫ്രണ്ടമാന്’, ജീ ഹനിന്റെ ഉപദേശങ്ങളെ- പരസ്പരം കൊല്ലുകയല്ല വേണ്ടത്, നടത്തിപ്പുകാരെ കണ്ടെത്തി ഗെയിംസ് എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കണം- തണുപ്പിക്കാനും നിര്‍വീര്യമാക്കാനും ശ്രമിക്കുമെങ്കിലും അവസാനം അദ്ദേഹത്തോടു യോജിക്കുന്നതു കാണാം.
ജനാധിപത്യത്തിന്റെ വാരിക്കുഴികള്‍
ഒന്നാം സീസണില്‍ നിന്നും വ്യത്യസ്തമായി ഓരോ ഗെയിമും കഴിയുമ്പോള്‍ കളി തുടരണോ വേണ്ടയോ എന്ന ഹിതപരിശോധനയുണ്ട്. ജീ ഹന് ആദ്യഗെയിം കഴിയുമ്പോള്‍ തന്നെ കളിയവസാനിപ്പിക്കാന്‍ വോട്ടു ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ഭൂരിഭാഗത്തിനും കളി തുടരാനാണ് താല്‍പ്പര്യം. കാരണം പണമില്ലാതെ ദ്വീപില്‍ നിന്നും പുറത്തുപോയിട്ടു കാര്യമില്ല! ചിലരാകട്ടെ, കുറേപ്പേര് കൂടി ‘പുറത്തായി’ക്കഴിഞ്ഞാല്‍ തങ്ങള്‍ക്കു കിട്ടുന്ന വിഹിതം കൂടും, അപ്പോള്‍ മതിയാക്കാം എന്ന ചിന്താഗതിക്കാരാണ്. ഒടുവില്‍ സംഘാടകര്‍ ആഗ്രഹിക്കുന്നതു നടക്കുന്നു, ഗെയിം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
സമൂഹത്തിന് ശരിക്കും ഗുണകരമായ തീരുമാനം എടുക്കാനുള്ള അധികാരം കിട്ടിയാലും ജനങ്ങള്‍ പലപ്പോഴും യുക്തിചിന്ത വെടിഞ്ഞ് അതിവൈകാരികതമായ തിരഞ്ഞെടുപ്പുകള്‍ നടത്തും. അതതു സമയത്തെ നിവൃത്തികേടുകളും ഭയവും വാഗ്ദാനങ്ങളുമൊക്കെ അതിനെ സ്വാധീനിക്കുന്നുവെന്നും ഭൂരിപക്ഷതീരുമാനം എല്ലായ്പ്പോഴും ധാര്‍മ്മികമായി ശരിയാവണമെന്നില്ലെന്നും പരമ്പര ഓര്‍മിപ്പിക്കുന്നു. ഒരു നിശ്ചിത സംഘത്തിനകത്തെ ശാക്തിക ബലാബലവും ദൗര്‍ബല്യങ്ങളും ജനാധിപത്യ പ്രക്രിയയെ എങ്ങനെ സ്വാധീനിച്ചേക്കാമെന്ന് വെളിവാക്കുന്നു ‘സ്ക്വിഡ് ഗെയിംസ്’.
മത്സരത്തില്‍ എല്ലാവര്ക്കും തുല്യ അവസരമെന്നാണല്ലോ സങ്കല്‍പ്പം. എന്നാല്‍, അനുഭവത്തില്‍ അതങ്ങനെയാണോ? വിവിധ പശ്ചാത്തലങ്ങളില്‍ വരുന്നവര്‍ക്ക് ഒരേ നിയമങ്ങളാണെങ്കിലും പുറത്തെ സമൂഹത്തില്‍ പദവിയും അധികാരവുമുണ്ടായിരുന്നവര്‍ ഒരുമിച്ചു നില്‍ക്കാനും മറ്റുള്ളവരെ ചൊല്‍പ്പടിക്കു നിര്‍ത്താനുമൊക്കെ ശ്രമിക്കുന്നു. പതുകക്കെ, പുറംലോകത്തിനു സമാനമായ അധികാരഘടനകള്‍ അകത്തും ഉണ്ടായി വരുന്നു. ഈ കളിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ അതിസമ്പന്നരായ ഒരു ചെറിയ സംഘമാണ്. അവര്‍ പാവം മനുഷ്യരുടെ മരണവെപ്രാളം സി.സി.ടി.വികളില്‍ കണ്ടാസ്വദിക്കുന്നു, മത്സരമാക്കി ബെറ്റുവെച്ചും കൊല്ലപ്പെടുന്നവരുടെ അവയവങ്ങള്‍ വില്പ്പനച്ചരക്കാക്കിയും സുഖജീവിതം നയിക്കുന്നു. ഭൂരിഭാഗം മനുഷ്യരുടെയും ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കുന്നത് ഇവര്‍ തന്നെയാവുമെന്നും പരമ്പര നമ്മളോടു പറയുന്നു. സ്വന്തം ജീവന് അപകടത്തിലായിരിക്കുമ്പോള്‍ ധാര്‍മികതയ്ക്കു വരുന്ന വ്യതിയാനങ്ങളെക്കുറിച്ചു പറയുന്ന പരമ്പര വ്യക്തിപരമായി എതിരാണെങ്കിലും ജനക്കൂട്ടത്തിന്റെ ഇച്ഛയ്ക്ക് വഴിപ്പെടാനുള്ള സാധ്യതകളും അഴിമതിയുമൊക്കെ നിര്‍ദ്ദയം വെളിവാക്കുന്നു. അങ്ങനെ ആശയപരമായി നോക്കിയാല്‍ ആദ്യ സീസണെക്കാളും ഗംഭീരമാണ് രണ്ടാം സീസണ്.
ആദ്യസീസണെക്കാള് ആഴമുള്ള കഥാപാത്രങ്ങളും ചിത്രീകരണ മികവുമുണ്ടെങ്കിലും രണ്ടാം എപ്പിസോഡു മുതല്‍ വേഗം കുറഞ്ഞതു പോലെ തോന്നി. ഒരുപക്ഷേ, ദ്വീപു കണ്ടെത്താന്‍ പുറത്തു നടക്കുന്ന ശ്രമങ്ങള്‍ മുഖ്യട്രാക്കുമായി വേണ്ടത്ര പൊരുത്തപ്പെടാത്തതാവാം കാരണം. രണ്ടാം സീസണില്‍ കൂടുതല്‍ വയലന്‍സ് ഉണ്ട്, അത് ഏറെക്കുറെ ഇതിവൃത്തത്തിന്റെ ഭാഗവുമാണ്. പക്ഷേ, ആദ്യസീസണിലെ പുതുമ അതിന് ഇല്ലാതെ പോയി. (നേരത്തേ പറഞ്ഞ ‘മാര്‍ക്കോ’ താരതമ്യം ഓര്‍മിക്കുക.) എങ്കിലും ഞെട്ടിക്കുന്ന ഒരു മൂന്നാംസീസണു വേണ്ടുന്ന വെടിമരുന്നുപുര തയ്യാറാക്കി വെച്ചിട്ടാണ് ഈ സീസണ് അവസാനിക്കുന്നത്. മൂന്നാം സീസണിലേക്ക്!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]